FOOTBALL

മെസിയോ ക്രിസ്റ്റ്യാനോയോ, കേമനാര്?

കണക്കുകള്‍ ഇങ്ങനെ കഥപറയുമ്പോള്‍ ആരാണ് മികച്ചത് എന്ന തര്‍ക്കും ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കാനാണ് സാധ്യത, എങ്കിലും...

വെബ് ഡെസ്ക്

കാല്‍പന്ത് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ തീര്‍ച്ചയായും ഇടംപിടിക്കുന്ന പേരുകളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ ഇവരല്‍ ആരാണ് മികച്ച താരം, ആര്‍ക്കാണ് കൂടുതല്‍ ഗോളുകള്‍ എന്നിവയിലൊക്കെയുള്ള തര്‍ക്കം ഇതുവരെ തീര്‍ന്നിട്ടില്ല. ഇപ്പോള്‍ സ്ഥിതിവിവരക്കണക്ക് വച്ച് ഇതിനൊരു തീരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആരാധകര്‍. ഇരുവരുടെയൃം കരിയര്‍ പരിശോധിച്ച് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആരാണ് മികച്ച ഗോള്‍ സ്‌കോറര്‍ എന്നൊന്ന് പരിശോധിക്കാം.

മെസി vs റൊണാള്‍ഡോ

ഇക്കഴിഞ്ഞ 20-ന് ഇന്റര്‍ മയാമിയെ ലീഗ് കപ്പ് ജേതാക്കളാക്കിയ ഫൈനല്‍ മത്സരം വരെയെടുത്താല്‍ ഇതുവരെ പ്രഫഷണല്‍ കരിയറില്‍ 1060 മത്സരങ്ങളാണ് മെസി കളിച്ചിട്ടുള്ളത്. ഇതില്‍ 823 ഗോളുകളാണ് അര്‍ജന്റീന്‍ താരം സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ 396 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ 1219 ഗോളുകള്‍ക്കാണ് ആ ബൂട്ടുകള്‍ വഴിതുറന്നത്.

ക്രിസ്റ്റിയാനോയുടെ കാര്യമെടുത്താല്‍ പ്രഫഷണല്‍ കരിയറിലെ ഇതുവരെയുള്ള 1175 മത്സരങ്ങളില്‍ നിന്ന് നേടിയ 844 ഗോളുകള്‍ അദ്ദേഹത്തെ ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാക്കുന്നുണ്ട്. പക്ഷേ മെസിയെക്കാള്‍ 118 മത്സരം അധികം കളിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കൂടാതെ 35-കാരനായ മെസിക്ക് ഇനിയും ഏതാനും വര്‍ഷങ്ങള്‍ കരിയറില്‍ ശേഷിക്കുന്നുവെന്നതിനാല്‍ ക്രിസ്റ്റിയാനോയെ മറികടക്കാന്‍ സാധ്യതയുമേറെയാണ്. അതേസമയം 268 അസിസ്റ്റുകള്‍ മാത്രമാണ് സ്വന്തം പേരിലുള്ളതെന്നത് ആകെ ഗോള്‍ കോണ്‍ട്രിബ്യൂഷനില്‍ ക്രിസ്റ്റിയാനോയെ മെസിക്കു പിറകിലാക്കുന്നുണ്ട്. 1112 ഗോളുകളാണ് ആ ബൂട്ടുകള്‍ വഴി പിറന്നത്.

ഗോള്‍ ശരാശരിയിലും മെസി ക്രിസ്റ്റിയാനോയെക്കാള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. 0.77 ആണ് അര്‍ജന്റീന്‍ താരത്തിന്റെ ഗോള്‍ ശരാശരി, അസിസ്റ്റ് ശരാശരിയാകട്ടെ 0.37 ഉം. ക്രിസ്റ്റിയാനോയ്ക്ക് ഇത് യഥാക്രമം 0.72 ഉം 0.23 ഉം ആണ്. ക്രിസ്റ്റ്യാനോ നേടിയ പെനാല്‍റ്റി ഗോളുകള്‍ ഉള്‍പ്പടെയുള്ള ശരാശരിയാണിത്.

ക്ലബ് തലത്തില്‍ മെസി vs റൊണാള്‍ഡോ

ക്ലബ് തലത്തിലെ ഗോള്‍ നേട്ടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇരുവരും തമ്മിലുള്ള അന്തരം വളരെ ചെറുതാണ്. ക്ലബ് തലത്തില്‍ 882 മത്സരങ്ങളില്‍ 720 ഗോളുകളും 340 അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്. അതായത് മൊത്തം 1060 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍.

മറുവശത്ത് പോര്‍ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ്, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്, ഇറ്റാലിയന്‍ ക്ലബ് യുവന്റസ്, സൗദി അറേബ്യന്‍ ക്ലബ് അല്‍ നസര്‍ എന്നിവയ്ക്കായി ആകെ കളിച്ച 975 മത്സരങ്ങളില്‍ നിന്ന് 721 ഗോളുകളും 225 അസിസ്റ്റുകളുമാണ് ക്രിസ്റ്റിയാനോ കുറിച്ചത്. ആകെ ഗോള്‍ സംഭാവന 946.

ഇതോടെ ക്ലബ് തലത്തില്‍ ക്രിസ്റ്റിയാനോയെക്കാള്‍ 112 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടും ആകെ ഗോള്‍ കോണ്‍ട്രിബ്യൂഷനില്‍ 113 ഗോളുകളുടെ മുന്‍തൂക്കം മെസിക്കുണ്ടെന്ന് വ്യക്തം.

സ്പാനിഷ് ടീമുകളില്‍ കളിച്ച കാലത്ത് മെസി vs റൊണാള്‍ഡോ

2009 മുതല്‍ 2018 വരെയാണ് ഇരുതാരങ്ങളും ഒരുമിച്ച് ഒരു ലീഗിലെ രണ്ടു ടീമുകളിലായി കളിച്ചത്. മെസി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കും ക്രിസ്റ്റിയാനോ റയല്‍ മാഡ്രിഡിനു വേണ്ടിയും ബൂട്ടുകെട്ടിയ ഈ സമയത്ത് നേരിയ മുന്‍തൂക്കം പോര്‍ചുഗല്‍ താരത്തിനാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇക്കാലയളവില്‍ 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകളും 131 അസിസ്റ്റുകളും ക്രിസ്റ്റിയാനോ നേടിയപ്പോള്‍ 476 മത്സരങ്ങളില്‍ നിന്ന് 472 ഗോളുകളും 197 അസിസ്റ്റുകളുമാണ് മെസിയുടെ പേരിലുള്ളത്. ക്രിസ്റ്റിയാനോയെക്കാള്‍ 38 മത്സരങ്ങള്‍ കൂടുതല്‍ കളിച്ച മെസിക്ക് 22 ഗോളുകളാണ് പോര്‍ചുഗല്‍ താരത്തെക്കാള്‍ അധികമായി നേടാനായത്. ഇതോടെ ഗോള്‍ ശരാശരിയില്‍ ഇക്കാലയളവില്‍ മെസിയെ മറികടന്ന് ക്രിസ്റ്റിയാനോ ഒന്നാമനായി. 1.03 ആണ് ക്രിസ്റ്റിയാനോലുടെ ശരാശരിയെങ്കില്‍ മെസിയുടേത് 0.99 മാത്രമാണ്.

ഇന്റര്‍ മയാമിയിലും അല്‍ നസറിലും മെസി vs റൊണാള്‍ഡോ

റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരങ്ങളിലൊരാള്‍ എന്ന പേര് നേടിയിട്ടും 2018-ല്‍ ക്ലബ് വിട്ട് ക്രിസ്റ്റിയാനോയ്ക്ക് ആദ്യം ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്കും പിന്നീട് പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും ഒടുവില്‍ സൗദി ക്ലബ് അല്‍ നസറിലേക്കും എത്തേണ്ടി വന്നു.

യുവന്റസിനു വേണ്ടി 134 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 101 ഗോളുകളും 22 അസിസ്റ്റുകളുമാണ് കുറിച്ചത്. പിന്നീട് യുണൈറ്റഡില്‍ തിരിച്ചെത്തിയ ക്രിസ്റ്റിയാനോ തന്റെ രണ്ടാം വരവില്‍ കളിച്ച 54 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് നേടിയത്. ആദ്യ വരവില്‍ ഇത് യഥാക്രമം 119 ഉം 59ഉം ആയിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യമാണ് യുണൈറ്റഡ് വിട്ട് പോര്‍ചുഗല്‍ താരം സൗദിയില്‍ എത്തിയത്. അല്‍ നസറിനായി ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്.

മെസിയുടെ കാര്യത്തില്‍ ബാഴ്‌സലോണയില്‍ നിന്നൊരു പടിയിറക്കം ആരും പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ 2021-ല്‍ നാടകീയമായി നൗക്യാമ്പില്‍ നിന്നു പടിയിറങ്ങിയ മെസി രണ്ടു സീസണുകളില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ പന്തു തട്ടിയ ശേഷം ഈ വര്‍ഷമാണ് അമേരിക്കല്‍ ക്ലബ് ഇന്റര്‍ മയാമിയില്‍ എത്തിയത്.

പിഎസ്ജിക്കു വേണ്ടി 75 മത്സരങ്ങളില്‍ കളിച്ച താരം 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് കുറിച്ചത്. തുടര്‍ന്ന് ഈ സീസണിലാണ് താരം നോര്‍ത്ത് അമേരിക്കന്‍ ടീമായ ഇന്റര്‍ മയാമിക്കായി ഇറങ്ങിയത്. അവര്‍ക്കു വേണ്ടി ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും ഒരസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്.

രാജ്യാന്തര തലത്തില്‍ മെസി vs റൊണാള്‍ഡോ

ദേശീയ ടീമുകള്‍ക്കായുള്ള ഇരുവരുടെയും പ്രകടനങ്ങളുടെ കണക്കെടുത്താല്‍ മെസിയെ അപേക്ഷിച്ച് ക്രിസ്റ്റിയാനോയ്ക്ക് മികച്ച കണക്കുകളാണുള്ളത്. പോര്‍ചുഗല്‍ ജഴ്‌സിയില്‍ 200 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റിയാനോ ഇതുവരെ 123 ഗോളുകളും 43 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 0.62 ആണ് ഗോള്‍ ശരാശരി. പോര്‍ചുഗലിനൊപ്പം യൂറോ കപ്പും യുവേഫ നേഷന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

അതേസമയം മറുവശത്ത് അര്‍ജന്റീനയ്ക്കു വേണ്ടി 175 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ മെസി ഇതുവരെ നേടിയത് 103 ഗോളുകളും 56 അസിസ്റ്റുകളുമാണ്. 0.59 ആണ് ഗോള്‍ ശരാശരി. എന്നാല്‍ അര്‍ജന്റീനയ്ക്കായി ലോകകപ്പ് കിരീടം നേടാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. കാല്‍പ്പന്ത് ലോകത്തെ ഏറ്റവും വലിയ കിരീടത്തിനു പുറമേ കോപ്പാ അമേരിക്ക കിരീടവും ഫൈനലിസിമ കിരീടവും മെസി ചൂടിയിട്ടുണ്ട്.

കണക്കുകള്‍ ഇങ്ങനെ കഥപറയുമ്പോള്‍ ആരാണ് മികച്ചത് എന്ന തര്‍ക്കും ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കാനാണ് സാധ്യത. എങ്കിലും ലോകകപ്പിന്റെ തിളക്കവും കരിയറിലെ ശേഷിക്കുന്ന വര്‍ഷങ്ങളും മെസിക്ക് നേരിയ മുന്‍തൂക്കം സമ്മാനിക്കുന്നുവെന്നതാണ് വസ്തുത.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി