റോസാരിയോയ്ക്ക് ഒരു മെസി, മദീരയ്ക്കൊരു ക്രിസ്റ്റ്യാനോ... ഈ പേരുകളോട് ചേർത്തുവെക്കാന്‍ ഇന്ത്യയ്ക്കാർക്ക് ആരുണ്ടെന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്കാ 11-ാം നമ്പർ ജഴ്‌സിയിലേക്ക് നോക്കാം. രണ്ട് പതിറ്റാണ്ടോളം പുല്‍മൈതാനങ്ങളില്‍ വിയർത്തൊലിച്ച നീലക്കുപ്പായവുമായി 140 കോടി ജനങ്ങളുടെ പ്രതീക്ഷയെ ഒറ്റയ്ക്ക് ചുമലിലേറ്റിയവന്‍. തോല്‍വി മുന്നില്‍ക്കണ്ട് തലകുനിച്ച ആരാധകര്‍ക്ക് താന്‍ കളത്തിലുള്ളപ്പോള്‍ നിരാശപ്പെടേണ്ടി വരില്ലെന്ന് ബൂട്ടുകൊണ്ട് പലകുറി ഉറപ്പുനല്‍കിയവന്‍. ഇന്ത്യയുടെ നായകന്‍, സുനില്‍ ഛേത്രി.
വർഷം 2005, ഇന്ത്യ-പാകിസ്താന്‍ മത്സരം. ഫുട്ബോളില്‍ ഇന്ത്യയുടെ അന്നത്തെ മുഖമായിരുന്ന ബൈചുങ് ബൂട്ടിയ പരുക്കേറ്റ് കളത്തിന് പുറത്തിരിക്കുന്ന സമയം. പകരമാരെന്ന ചോദ്യം പരിശീലകന്‍ സുഖ്‌വീന്ദർ സിങ്ങിന്റെ ഉറക്കം കെടുത്തിയ നാളുകളായിരുന്നു അത്. അവസാനം ഡ്രെസിങ് റൂമിലുണ്ടായിരുന്നു ഛേത്രിക്കരികിലേക്ക് സുഖ്‌വീന്ദർ എത്തി. യു ആർ ഗോയിങ് ടു സ്റ്റാർട്ട്. അതായിരുന്നു ഛേത്രിക്കുള്ള സന്ദേശം.
ആയുദ് നാഷണല്‍ സ്റ്റേഡിയത്തില്‍ അണിനിരന്ന കരുത്തുറ്റ പാകിസ്താന്‍ പ്രതിരോധ നിരയ്ക്ക് മുന്നില്‍ സുഖ്‌വിന്ദറിന്റെ വിശ്വാസം ഛേത്രി കാത്തു. 100 ശതമാനം കായികക്ഷമതയില്ലാതിരുന്നിട്ടും, കളത്തില്‍ ഛേത്രി അത് പ്രതിഫലിപ്പിച്ചില്ല. ഛേത്രിയുടെ ഗോളായിരുന്നു അന്ന് ഇന്ത്യയെ മുന്നിലെത്തിച്ചതും തോല്‍വിയില്‍ നിന്ന് രക്ഷിച്ചതും. ആ മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ സുവർണകാലത്തേക്കുള്ള യാത്രയ്ക്ക് തുടക്കമാകുകയായിരുന്നു.
ഒരു സ്ട്രൈക്കർക്ക് ഫുട്ബോള്‍ പണ്ഡിതന്മാർ നിശ്ചയിച്ച ഉയരമോ ശരീരിക ക്ഷമതയോ ഛേത്രിക്കുണ്ടായിരുന്നില്ല. കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ച മറ്റൊരാളെപ്പോലെ തന്റെ അസാധാരണമായ സ്കോറിങ് പാഠവം കൊണ്ടായിരുന്നു ഛേത്രിയും മൈതാനങ്ങള്‍ കീഴടക്കിയത്. ഇരുകാലുകള്‍ക്കൊണ്ടും പന്ത് വലയിലെത്തിക്കാനുള്ള മികവ്, ബോക്സിനുള്ളില്‍ ഏത് ആംഗിളില്‍ നിന്നും ഗോള്‍ നേടാനുള്ള മിടുക്ക്, ബുള്ളറ്റ് ഹെഡറുകള്‍...അങ്ങനെ നീളുന്നു ഛേത്രിയെന്ന ഫുട്ബോള്‍ ജീനിയസിനെ ഇതിഹാസമാക്കിയ കാരണങ്ങള്‍
ഇന്ത്യന്‍ ജഴ്‌സിയില്‍ നെഹ്രു കപ്പ്, സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്, എഎഫ്‌സി ചലഞ്ച് കപ്പ്, എഎഫ്‌സി ഏഷ്യന്‍ കപ്പ് തുടങ്ങിയ അന്താരാഷ്ട്ര ടൂർണമെന്റുകളിലും ഛേത്രിയുടെ പേര് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോർബോർഡില്‍ പലപ്പോഴും തെളിഞ്ഞത്. മോഹന്‍ ബഗാന്‍, ജെസിടി, ഈസ്റ്റ് ബെംഗാള്‍, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി എന്നിങ്ങനെ എല്ലാ പ്രമുഖ ക്ലബ്ബുകളുടെ ജേഴ്‌സികളിലും ഛേത്രിയുടെ ഗോളടിമികവ് തുടർന്നു.
ഒരു പ്രൈം കാലഘട്ടം ഛേത്രിക്കുണ്ടായിരുന്നോയെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലായിരുന്നു ഛേത്രി ഇന്ത്യന്‍ ഫുട്ബോളിന് നല്‍കിയ സംഭാവന. പ്രായം നാല്‍പ്പതിനോട് അടുക്കുമ്പോഴും അന്താരാഷ്ട്ര ടൂർണമെന്റുകളില്‍ പോലും ഇന്ത്യയുടെ വജ്രായുധം ഛേത്രി തന്നെയാണ്. പക്ഷേ, ഛേത്രി ബൂട്ടഴിക്കുമ്പോള്‍ ആ വിടവ് ആര് നികത്തുമെന്ന ചോദ്യം പലവർഷങ്ങളായി ഉയരുന്നുണ്ട്. ഒടുവില്‍ അതിന് കൃത്യമായൊരു ഉത്തരം നല്‍കേണ്ട നിമിഷവുമെത്തി.
അന്‍പതുകളില്‍ ശൈലേന്ദ്ര നാഥും അറുപതുകളില്‍ പികെ ബാനർജിയും ഇന്ദര്‍ സിങ്ങുമായിരുന്നു ഇന്ത്യന്‍ ഫുട്ബോളിന്റെ മുഖവും കളത്തിലെ കരുത്തനും. ഏഴുപതുകളില്‍ അത് ഷബീർ അലിയായിരുന്നു. പിന്നീട് ഐ എം വിജയന്‍, ബെയ്‌ച്ചുങ് ബൂട്ടിയ എന്നിങ്ങനെ കാലഘട്ടം മാറിയപ്പോഴെല്ലാം എതിരാളികളുടെ വലകുലുക്കാന്‍ നീലക്കുപ്പായത്തിലാളുണ്ടായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ ജെജെ ലാല്‍പെഖ്‍ലുവ, റോബിന്‍ സിങ്, സുമിത് പാസി, ബല്‍വന്ത് സിങ്, സുശീല്‍ കുമാർ, ഫാറൂഖ് ചൌദരി എന്നിവരെയെല്ലാം സ്ട്രൈക്കർമാരായി പരീക്ഷിച്ചു. 24 ഗോള്‍ നേടിയ ജെ ജെ മാത്രമായിരുന്നു അല്‍പ്പമെങ്കിലും പ്രതീക്ഷക്കൊത്ത് ഉയർന്നത്. പുതിയ നിര പരിശോധിച്ചാല്‍ കെ പി രാഹുല്‍, സഹല്‍ അബ്ദുള്‍ സമദ്, ലാലിയാന്‍സുവാല ചാങ്‍തെ, ബ്രാന്‍ഡണ്‍ ഫെർണാണ്ടസ്, ലിസ്റ്റണ്‍ കോളാസൊ എന്നിവരൊക്കെയുണ്ട്.
എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഛേത്രി സൃഷ്ടിച്ച വിടവ് ഉടനടി നികത്താനാകുമെന്നു തോന്നുന്നില്ല. കാരണം ഇവരുടെ ഇന്നത്തെ പ്രായത്തില്‍ ഛേത്രി സൃഷ്ടിച്ചുവച്ച റെക്കോഡുകളിലേക്ക് എത്തിനോക്കാന്‍ പോലും അവര്‍ക്ക് ആയിട്ടില്ല. ഛേത്രി മാത്രമല്ല, മുന്‍ഗാമികളായ ഐ എം വിജയനയും ബൈചുങ് ബൂട്ടിയയും ഒക്കെ ഇതേപ്രായത്തില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറ ഏറെ പിന്നിലാണ്.
ഇതുകൊണ്ടായിരിക്കാം ഒന്നര വര്‍ഷം മുമ്പ് തന്റെ വിരമിക്കലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് 'എന്നു വിരമിക്കാനാകുമെന്ന് എനിക്കറിയില്ല, ഇന്ത്യന്‍ ഫുട്‌ബോളിനെ എങ്ങനെ പാതി വഴിയില്‍ ഇട്ടിട്ടു പോകാന്‍ സാധിക്കും' എന്ന് വ്യംഗ്യമായി ഛേത്രി ചോദിച്ചത്. ഇന്ത്യയില്‍ ഫുട്‌ബോള്‍ വളര്‍ത്താന്‍ ആരാധകരോട് ഛേത്രി പരസ്യമായി ആവശ്യപ്പെട്ടത് 'ഗ്യാലറി നിറയ്ക്കൂ' എന്ന ആഹ്വാനത്തോടെയാണ്. അതുപോലെ ഫുട്‌ബോള്‍ ഫെഡറേഷനോടും പറയാതെ പറഞ്ഞു 'എനിക്ക് പകരം ആളെ കണ്ടെത്തൂ' എന്ന്. പക്ഷേ, ഛേത്രി അഴിച്ചുവയ്ക്കുന്ന ബൂട്ടണിയാന്‍ പാകമൊത്ത ഒരു പാദം ഇന്നും കണ്ടെത്താന്‍ അവര്‍ക്കായിട്ടില്ല.