FOOTBALL

കറുപ്പിനെ 'തട്ടിയകറ്റുന്ന' അ‍ര്‍ജന്റീന ഫുട്ബോള്‍

ഹരികൃഷ്ണന്‍ എം

കാല്‍പ്പന്തു കളിയില്‍‍ കളത്തിലെ മികവിനാണ് കയ്യടി, പുല്‍മൈതാനത്ത് മറ്റൊന്നും പ്രസക്തമല്ല. അതിപ്പോ, നിറമാകട്ടെ വംശമാകട്ടെ എന്തുമാകട്ടെ. പക്ഷേ, ഇത്തരം ചിന്തകളെ തിരുത്തുകയായിരുന്നു കഴിഞ്ഞ ദിവസം അർജന്റീനൻ താരങ്ങള്‍. കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷമുള്ള വിജയാഘോഷത്തിനിടെയായിരുന്നു ഫ്രാൻസ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള വാചകങ്ങള്‍ എൻസൊ ഫെർണാണ്ടസും കൂട്ടരും ഉരുവിട്ടത്.

"അവർ ഫ്രാൻസിനായി കളിക്കുന്നു. പക്ഷേ, അവരുടെ മാതാപിതാക്കള്‍ അംഗോളയില്‍ നിന്നാണ്. അവരുടെ മാതാവ് കാമറൂണില്‍ നിന്നാണ്, അവരുടെ പിതാവ് നൈജീരിയയില്‍ നിന്നും. പക്ഷേ, അവരുടെ പാസ്‌പോർട്ടോ, ഫ്രാൻസിന്റേതും," ഇതായിരുന്നു ആ പരിഹാസ വാചകങ്ങള്‍. വാക്കുകള്‍ കൈവിട്ടതോടെ, പരസ്യമായി എൻസോ മാപ്പും പറഞ്ഞു. പക്ഷേ, ഒരു മാപ്പുകൊണ്ട് തുടച്ച് നീക്കാനാകുന്നതാണോ വംശീയതയുടെ മുറിവുകള്‍.

കോപ്പ അമേരിക്ക വിജയിച്ച അർജന്റീന ടീം

ഇനി അർജന്റീനയുടെ ടീം ലൈനപ്പ് നമുക്ക് പരിശോധിക്കാം. അവിടെ നിങ്ങള്‍ക്ക് ഒരു കറുത്ത വർഗക്കാരനെപോലും കാണാനാകില്ല. ടീമിലൊരു കറുത്ത വർഗക്കാരനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എൻസോയും സംഘവും അത്തരം പരാമർശങ്ങള്‍ നടത്തുമായിരുന്നോ? അങ്ങനെയൊരു സഹതാരം ഉണ്ടെങ്കില്‍ മാത്രം ഒഴിവാക്കേണ്ട ഒന്നാണോ ഇത്തരം വാക്കുകള്‍. അല്ല എന്ന് തന്നെയാണ് ഉത്തരം.

നൂറ്റാണ്ടുകള്‍ പിന്നിട്ട അർജന്റീനയുടെ ഫുട്ബോള്‍ ചരിത്രത്തിലേക്ക് നോക്കാം. ഇതിഹാസങ്ങളുടുത്ത ആ ജഴ്‌സി അണിഞ്ഞിട്ടുള്ള കറുത്ത വർഗക്കാരുടെ എണ്ണം കേവലം മൂന്ന് മാത്രമാണ്. അലസാൻഡ്രൊ നിക്കോളാസ് ഡി ലോസ് സാന്റോസ്, ഹോസെ മാനുവല്‍ റാമോസ് ദെല്‍ഗാദോ, ഹെക്ടർ ബേലി എന്നിവരാണ് ആ താരങ്ങള്‍.

അലസാൻഡ്രൊ നിക്കോളാസ് ഡി ലോസ് സാന്റോസ്

1920കളായിരുന്നു അലസാൻഡ്രോയുടെ പ്രൈം കാലഘട്ടം. എല്‍ പോർവെനീറിന്റെ ഇതിഹാസ താരം. 148 മത്സരങ്ങളില്‍ നിന്ന് നേടിയത് 80 ഗോളുകളുകള്‍. ഒരു ഫോർവേഡിനെ സംബന്ധിച്ച് മികച്ച റെക്കോഡെന്ന് തന്നെ പറയാം. 1925ലെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടിയ ടീമിലും അലസാൻഡ്രൊ ഭാഗമായിരുന്നു. എന്നാല്‍ ആല്‍ബിസെലെസ്റ്റെ ജേഴ്‌സിയില്‍ പിന്നീടാരും അലസാൻഡ്രോയെ കണ്ടിട്ടില്ല.

മികച്ച ഫോമിലായിട്ടും 1930 ലോകകപ്പ് ടീമില്‍ അലസാൻഡ്രോയെ ഉള്‍പ്പെടുത്തിയിട്ടില്ല. നിറത്തിന്റെ പേരില്‍ തഴയപ്പെട്ടെന്നാണ് പരക്കെയുള്ള ആരോപണമെങ്കിലും കൃത്യമായൊരു തെളിവ് ഇതിനില്ല. അർജന്റീനയ്ക്കായി അഞ്ച് മത്സരങ്ങളായിരുന്നു അലസാൻഡ്രൊ കളിച്ചത്.

ഹോസെ മാനുവല്‍ റാമോസ് ദെല്‍ഗാദോ

ഹോസെ മാനുവല്‍ റാമോസ് ദെല്‍ഗാദോയുടേയും ഹെക്ടർ ബെയ്‌ലിയുടേയും കാര്യത്തില്‍ ഇത്തരം ആരോപണങ്ങളുയർന്നിട്ടില്ലെന്നാണ് ലഭ്യമായ രേഖകളില്‍ നിന്ന് മനസിലാകുന്നത്. ദെല്‍ഗാദൊ 1958 മുതല്‍ 65 വരെയുള്ള കാലഘട്ടത്തില്‍ അർജന്റീനയക്കായി 25 മത്സരങ്ങളില്‍ കളിച്ചു. 1958, 62, 66 ലോകകപ്പ് ടീമുകളുടേയും ഭാഗമായിരുന്നു.

1978 ലോകകപ്പ് ജേതാക്കളായ ടീമിലെ ഗോള്‍കീപ്പറായിരുന്നു ഹെക്ടർ ബെയ്‌ലി. പിന്നീട് 1982 ലോകകപ്പ് ടീമിന്റേയും ഭാഗമായി. അർജന്റീനയ്ക്കായി 13 മത്സരങ്ങള്‍ മാത്രമാണ് ഹെക്ടർ കളിച്ചിട്ടുള്ളത്.

ഹെക്ടർ ബെയ്‌ലി

എന്തുകൊണ്ടായിരിക്കാം അർജന്റീനൻ ജഴ്‌സിയില്‍ കറുത്ത വർഗക്കാരുടെ പ്രാതിനിധ്യം കുറഞ്ഞത്?

18-ാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ അർജന്റീനയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്നും കറുത്ത വർഗക്കാരായിരുന്നെന്നാണ് കണക്കുകള്‍. അവിടെ നിന്ന് കേവലം ഒരു ശതമാനത്തില്‍ താഴെ എത്തിയതിന് പിന്നില്‍ പല കഥകളും നിലനില്‍ക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്പാനിഷ് സേനയ്ക്കെതിരായ അർജന്റീനയുടെ യുദ്ധത്തില്‍ കറുത്ത വർഗക്കാരെ പോരാടുന്നതിന് ഉപയോഗിച്ചിരുന്നതായാണ് ചരിത്രം.

വലിയ തോതില്‍ മരണം സംഭവിക്കുകയും ചെയ്തു. പോരാളികളായി പോയവരില്‍ പലരും അർജന്റീനയിലേക്ക് തിരികെയെത്താൻ മടിച്ചതായും അമേരിക്കൻ ചരിത്രകാരനായ ജോർജ് റെയ്‌ഡ് ആൻഡ്രൂസ് പറയുന്നു. മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് 1871കളില്‍ സംഭവിച്ച മഞ്ഞപ്പിത്തമാണ്. രോഗം വ്യാപിച്ച ബ്യൂണസ് അയേഴ്‌സിലെ പലമേഖലകളില്‍ നിന്നും കടുത്ത ദാരിദ്ര്യം മൂലം രക്ഷപെടാൻ പോലും കറുത്ത വർഗക്കാർക്ക് കഴിഞ്ഞിരുന്നില്ല.

ഇവയെല്ലാം ഒരുവശത്ത് നില്‍ക്കുമ്പോഴും പ്രധാന കാരണമായി എടുത്തു കാണിക്കപ്പെടുന്നത് യൂറോപ്യൻ നയങ്ങളെ അർജന്റീനയിലെ ഭരണാധികാരികള്‍ സ്വീകരിച്ചതാണ്. ആധുനികതയെ വെളുപ്പിനോട് ചേർത്തുവെക്കുന്ന രീതിയായിരുന്നു അർജന്റീനൻ ഭരണാധികാരികളുടേത്. 1868-74 കാലഘട്ടത്തിലെ പ്രസിഡന്റായിരുന്നു ഡൊമിംഗൊ ഫോസ്റ്റിനൊ സാർമിയെന്റോയായിരുന്നു ഈ ആശയത്തിന് മുൻതൂക്കം നല്‍കിയത്.

അർജന്റീനയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഒരു രീതിയായിരുന്നില്ല ഇത്. ബ്രസീലിലും ഉറുഗ്വേയിലുമെല്ലാം പ്രകടമായിരുന്നു. എന്നാല്‍ ഒരു വൈറ്റ് നേഷനെന്ന നിലയില്‍ വളരുന്നതിനാണ് അർജന്റീന പ്രാധാന്യം കൊടുത്തത്. യൂറോപ്യൻ കുടിയേറ്റത്തിന് വ്യാപകമായ പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഭരണഘടനയിലും ഇത് വ്യക്തമാക്കിയിരുന്നു.

സാർമിയെന്റോ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പറഞ്ഞത് ഇപ്രകാരമായിരുന്നു, വർഷങ്ങള്‍ക്കുള്ളില്‍, കറുത്ത വർഗക്കാരെ കാണണമെങ്കില്‍ ബ്രസീലിലേക്ക് പോകേണ്ട വരും. രാജ്യത്ത് കറുത്ത വർഗക്കാർ നിലനില്‍ക്കുമ്പോള്‍ക്കൂടിയായിരുന്നു മുൻ പ്രസിഡന്റിന്റെ ഈ പരാമർശമുണ്ടായത്. 1860 മുതല്‍ 1914 വരെ 40 ലക്ഷത്തിലധികം പേരാണ് യൂറോപ്പില്‍ നിന്ന് അർജന്റീനയിലേക്ക് കുടിയേറിയത്.

എന്നാല്‍ കറുത്ത വർഗക്കാരെ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടും ഇന്നും രാജ്യത്ത് അവർ അവശേഷിക്കുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം സംഭവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ രാജ്യങ്ങള്‍ കുടിയേറ്റ നയങ്ങള്‍ കടുപ്പിച്ചതോടെ 1990കളിലും രണ്ടായിരങ്ങളിലും പശ്ചിമ ആഫ്രിക്കയില്‍ നിന്നുള്ളവർ യൂറോപ്പിലേക്ക് കുടിയേറ്റം ആരംഭിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ബ്രസീല്‍, ക്യൂബ, ഉറുഗ്വെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സാധ്യതകള്‍ ലക്ഷ്യമാക്കി കുടിയേറ്റം സംഭവിക്കുന്നുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?