ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് തുടരാനാണ് ആഗ്രഹമെന്നു വ്യക്തമാക്കി ക്രൊയേഷ്യന്‍ മുന്‍ താരവും ടീം ഇന്ത്യയുടെ 'സ്റ്റാര്‍ കോച്ചു'മായ ഇഗോര്‍ സ്റ്റിമാക്. ടീം ഇന്ത്യയുടെ പരിശീലകനായി തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ആ സ്ഥാനത്ത് തുടരാന്‍ തനിക്ക് ചില നിബന്ധനകള്‍ ഉണ്ടെന്നും അത് ഒരിക്കലും പണമല്ലെന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് തുറന്നു പറഞ്ഞ് സ്റ്റിമാക് രംഗത്തെത്തി.
അടുത്ത വര്‍ഷമാദ്യം ഖത്തറില്‍ നടക്കാനിരിക്കുന്ന എ.എഫ്.സി. ഏഷ്യന്‍ കപ്പിനു ശേഷം സ്റ്റിമാക്കിന്റെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് താന്‍ ഇന്ത്യക്കൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്രൊയേഷ്യന്‍ കോച്ച് തുറന്നു പറഞ്ഞത്. ഇന്ത്യന്‍ ഫുട്‌ബോളിനെ സമീപ കാലത്ത് മിന്നുന്ന ജയങ്ങളിലേക്കു നയിച്ച പരിശീലകനാണ് സ്റ്റിമാക്ക്. ഒരു വര്‍ഷത്തിനിടെ സ്റ്റിമാക്കിനു കീഴില്‍ മൂന്നു രാജ്യാന്തര കിരീടങ്ങളാണ് ഇന്ത്യ നേടിയത്.
താന്‍ തുടങ്ങിവച്ച കാര്യങ്ങള്‍ ഫലപ്രാപ്തിയിലെത്തും വരെ ടീമനൊപ്പം തുടരാനാണ് ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ അതിന് ദീര്‍ഘകാല കരാര്‍ ആവശ്യമാണെന്നും തനിക്കു ചില പദ്ധതികള്‍ ഉണ്ടെന്നും അതിന് ഫെഡറേഷന്‍ എല്ലാ അനുമതികളും നല്‍കണമെന്നും അല്ലാത്ത പക്ഷം താന്‍ സ്ഥാനമൊഴിയാമെന്നും സ്റ്റിമാക് തുറന്നുപറഞ്ഞു.
''നമ്മള്‍ ഒരുമിച്ചാണ് യാത്ര തുടങ്ങിയത്. ഇതുവരെ അത് വിജയം കണ്ടു. അത് തുടരണമെങ്കില്‍ ഒരു ദീര്‍ഘകാല പദ്ധതി നടപ്പിലാക്കിയേ തീരൂ. അതിന് ചുരുങ്ങിയത് നാലു വര്‍ഷമെങ്കിലും വേണം. അത്രയും സമയം എനിക്കു വേണം. എന്റെ പ്ലാനുകള്‍ അംഗീകരിക്കണം. അത് പിന്നീട് അംഗീകരിക്കുകയല്ല വേണ്ടത്, അടുത്ത മാസമോ, അടുത്തയാഴ്ചയോ അല്ല, ഇപ്പോള്‍ തന്നെ അംഗീകാരം നല്‍കണം. അല്ലെങ്കില്‍ എല്ലാം അവസാനിപ്പിച്ച് ഒഴിഞ്ഞുപോകാന്‍ ഞാന്‍ തയാറാണ്''- സ്റ്റിമാക് പറഞ്ഞു.
ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലക സ്ഥാനത്ത് തുടരുന്നത് പണത്തിനു വേണ്ടിയല്ലെന്നും സ്റ്റിമാക് പറഞ്ഞു. ''ഞാന്‍ ഈ ജോലി ചെയ്യുന്നത് കേവലം സാമ്പത്തിക ലാഭം നോക്കിയല്ല. അങ്ങനെയായിരുന്നെങ്കില്‍ എനിക്ക് എന്നേ ഇതു മതിയാക്കാമായിരുന്നു. കാരണം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ഇതിനേക്കാള്‍ മികച്ച വേതനം വാഗ്ദാനം ചെയ്യുന്ന നിരവധി അവസരങ്ങള്‍ എന്നെ തേടി വന്നിരുന്നു. എന്നെ സംബന്ധിച്ച് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയാണ് ലക്ഷ്യം. എന്റെ എല്ലാ വിയര്‍പ്പും അതിനായി വിനിയോഗിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനായി എത്രനാള്‍ ഇവിടെ തുടരാനും തയാറാണ്''- സ്റ്റിമാക് കൂട്ടിച്ചേര്‍ത്തു.
സ്റ്റിമാക്കിന്റെ കീഴില്‍ മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവയ്ക്കുന്നത്. അതിനാല്‍ തന്നെ സ്റ്റിമാക് ആവശ്യപ്പെട്ടതെല്ലാം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുവദിച്ചു നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വരുന്ന നാലു വര്‍ഷത്തേക്കുള്ള വ്യക്തമായ പദ്ധതി തയാറാക്കിയ സ്റ്റിമാക് അത് ഈ ആഴ്ച തന്നെ എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാണ്‍ ചൗബേയ്ക്കു മുമ്പാകെ അവതരിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.