SPORT

ഫോർമുല വൺ ട്രാക്കിൽ വീണ്ടും ഫോർഡ് വരുന്നു; മടങ്ങിവരവ് 20 വർഷത്തിന് ശേഷം

വെബ് ഡെസ്ക്

ഫോർമുല വൺ ട്രാക്കുകളിൽ മൂളിപ്പറക്കാൻ ഫോർഡ് വീണ്ടും വരുന്നു. 2026 സീസൺ മുതൽ വീണ്ടും ഫോർമുല വണ്ണിന്റെ ഭാഗമാകുമെന്ന് കമ്പനി വ്യക്തമാക്കി. 2026 മുതൽ നടപ്പിലാക്കാൻ പോകുന്ന ഫോർമുല വണ്ണിലെ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഫോർഡിന്റെ തിരിച്ചുവരവ്. റെഡ് ബുള്ളുമായി സഹകരിച്ചാണ് ഫോർമുല വണ്ണിൽ ഫോർഡ് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത്. ഈ സീസണിലെ റെഡ്ബുള്ളിന്റെ കാർ പുറത്തിറക്കുന്ന ചടങ്ങിൽ ഫോർഡ് അധ്യക്ഷനും സി ഇ ഒയുമായ ജിം ഫാർലിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

എഫ് വൺ കാർബൺ സീറോ ആക്കുന്നതിനായി പരിഷ്കരിച്ച നയങ്ങളുമായാകും 2026 മുതൽ ചാമ്പ്യൻഷിപ്പ് നടക്കുക. ഇതിനായി കൂടുതലും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വി 6 ടർബോ ഹൈബ്രിഡ് എഞ്ചിൻ ഉപയോഗിക്കും. അതോടൊപ്പം സിന്തറ്റിക് ഇന്ധനം ഉപയോഗിച്ചാകും എഞ്ചിന്റെ പ്രവർത്തനം. 2030 ഓടെ ചാമ്പ്യൻഷിപ്പ് കാർബൺ രഹിതമാക്കാനാണ് സംഘാടകരുടെ ശ്രമം.

2026 മുതൽ എഞ്ചിനിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്കായി ഫോർഡ് റെഡ്ബുൾ ആരംഭിച്ച റെഡ്ബുൾ പവർ ട്രെയിൻസ് എന്ന കമ്പനിയുമായി കൈകോർക്കും. സഹകരണത്തോടെ ബാറ്ററി സെൽ, ഇലക്ട്രിക് മോട്ടോർ ടെക്നോളജി, പവർ യൂണിറ്റ് സോഫ്റ്റ്‌വെയർ തുടങ്ങിയ കാര്യങ്ങളിൽ ഫോർഡ് റെഡ്ബുള്ളിന് വിദഗ്ധ ഉപദേശം നൽകും. നിലവിൽ റെഡ്ബുള്ളിന് എഞ്ചിൻ നിർമിച്ച്‌ നൽകുന്ന ഹോണ്ടയുമായി ദീർഘ നാളത്തെ കരാർ സംബന്ധിച്ചുണ്ടായ അനിശ്ചിതതെ തുടർന്നാണ് എഞ്ചിൻ നിർമാണത്തിന് റെഡ്ബുൾ പവർട്രെയിൻസ് സ്ഥാപിച്ചത്. 2025 വരെയാണ് റെഡ്ബുള്ളിന് ഹോണ്ടയുടെ കരാറുള്ളത്.

റെഡ്ബുള്ളിന്റെ കാർ പുറത്തിറക്കുന്ന ചടങ്ങിൽ ജിം ഫാർലി (നടുവിൽ)

അറുപതുകളിലും എഴുപതുകളിലും ഫോർമുല വൺ ട്രാക്കുകളിൽ സജീവമായിരുന്നു ഫോർഡ്. ഇന്നും ഫോർമുല വൺ ചരിത്രത്തിൽ കൂടുതൽ വിജയം കൊയ്തവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഫോർഡിന്റെ സ്ഥാനം. പത്ത്‌ തവണ ഫോർമുല വണ്ണിലെ നിർമാതാക്കൾക്കുള്ള ചാമ്പ്യൻഷിപ്പ് നേടിയ ഫോർഡ്, 13 തവണ ഡ്രൈവർമാരുടെ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2004ലായിരുന്നു എഫ് വണ്ണിൽ അമേരിക്കൻ കമ്പനി അവസാനം പങ്കെടുത്തത്.

"ചാമ്പ്യൻഷിപ് കാർബൺ മുക്തമാക്കാനുള്ള ഞങ്ങളുടെ ശ്രമമാണ് ഫോർഡിനെ മടങ്ങി വരവിനുള്ള പ്രധാന കാരണം, 2026 മുതൽ എഫ് വൺ ട്രാക്കുകളിൽ ഫോർഡിന്റെ മടങ്ങി വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു" തിരിച്ചുവരവിനെ പറ്റി എഫ് വൺ സി ഇ ഒ സ്റ്റെഫാനോ ഡൊമെനിക്കലി പറഞ്ഞു.

ഫോർഡിനുപുറമെ ഹോണ്ട ഉൾപ്പടെയുള്ള ആറ് എഞ്ചിൻ നിർമാതാക്കൾ പുതിയ നയങ്ങളുമായി 2026ൽ ട്രാക്കിലിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതായും സ്റ്റെഫാനോ പറഞ്ഞു. വൈദ്യുതി രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ എഫ് വൺ വിടാനുള്ള ഒരുക്കത്തിലായിരുന്നു ആദ്യം ഹോണ്ട. ഫെരാരി, മെഴ്‌സിഡസ്, ആൽപൈൻ, ഔഡി എന്നിവരാണ് മാറ്റങ്ങളുമായി നിലവിൽ സഹകരിച്ചിരിക്കുന്ന ടീമുകൾ.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്