GAMES

ശാന്തി, സെമന്യ, നന്ദിനി... ട്രാക്കില്‍ 'ഓടിത്തീരാത്ത'ലിംഗവിവാദങ്ങള്‍

കാസ്റ്റര്‍ സെമന്യ, ലോറല്‍ ഹബ്ബര്‍, ദ്യുതി ചന്ദ്, ശാന്തി സൗന്ദരാജന്‍ എന്നിവരെല്ലാം വിവാദങ്ങളുടെ തലക്കെട്ടുകളില്‍ തങ്ങളുടെ വീഴ്ചകൊണ്ടല്ലെങ്കിലും ഭാഗമായവരാണ്.

ഹരികൃഷ്ണന്‍ എം

"എനിക്ക് ഏഷ്യന്‍ ഗെയിംസ് വെങ്കലമെഡല്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വനിതയോട് നഷ്ടമായി. ഇത് അത്ലറ്റിക്സ് നിയമങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ എനിക്ക് എന്റെ മെഡല്‍ തിരികെ വേണം. എന്നെ സഹായിക്കു, പിന്തുണയ്ക്കു," ഇന്ത്യയുടെ കായിക ചരിത്രത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ് സഹതാരം നന്ദിനി അഗസാരയ്ക്കെതിരായുള്ള സ്വപ്ന ബര്‍മന്റെ ഈ വാക്കുകള്‍. ഇന്നലെ നടന്ന വനിതകളുടെ 800 മീറ്റര്‍ ഹെപ്റ്റാത്തലോണില്‍ നന്ദിനിക്ക് പിന്നിലായി നാലാം സ്ഥാനത്തായിരുന്നു സ്വപ്ന ഫിനിഷ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഗുരുതര ആരോപണങ്ങള്‍ സ്വപ്ന ഉന്നയിച്ചിരിക്കുന്നത്.

നന്ദിനി അഗസാര(ഇടത്)യും സ്വപ്‌ന ബര്‍മനും

സ്വപ്നയുടെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ടാണ് നന്ദിനി പ്രതികരിച്ചത്. "ഞാന്‍ എന്താണെന്ന് എനിക്കറിയാം. സ്വപ്നയോട് തെളിവുകള്‍ സമര്‍പ്പിക്കാന്‍ പറയൂ. രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ഇന്ന് നമ്മള്‍ വിജയിച്ചിരിക്കുന്നു, അതിനാല്‍ ആളുകള്‍ കൂടുതല്‍ സംസാരിക്കുന്നു. തീര്‍ച്ചയായും ഈ വിഷയം ഞാന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എഎഫ്ഐ) മുന്നിലെത്തിക്കും. എനിക്ക് മെഡല്‍ നേട്ടം ആഘോഷിക്കണമെന്നുണ്ട്, പക്ഷെ എന്റെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ നാട്ടിലേക്ക് മടങ്ങുകയാണ്," നന്ദിനി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.

കായികഭൂപടത്തില്‍ ആദ്യമായല്ല ഇത്തരം ആരോപണങ്ങളും വിവാദങ്ങളുമുണ്ടാകുന്നത്. ദക്ഷിണാഫ്രിക്കന്‍ അത്ലറ്റ് കാസ്റ്റര്‍ സെമന്യ, ന്യൂസിലന്‍ഡ് ഭാരോദ്വഹനതാരം ലോറല്‍ ഹബ്ബര്‍, ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്, ശാന്തി സൗന്ദര്‍രാജന്‍ എന്നിവരെല്ലാം വിവാദങ്ങളുടെ തലക്കെട്ടുകളില്‍ തങ്ങളുടെ വീഴ്ചകൊണ്ടല്ലെങ്കിലും ഭാഗമായവരാണ്.

ശാന്തി സൗന്ദര്‍രാജന്‍

ലിംഗവിവാദം മൂലം ജീവിതം തന്നെ തലകീഴായി മറിഞ്ഞൊരാളാണ് തമിഴ്നാട് സ്വദേശിയായ ശാന്തി സൗന്ദര്‍രാജന്‍. 2006 ദോഹ ഗെയിംസോടെയണ് ശാന്തിയുടെ ജീവിതത്തിന്റെ താളം തെറ്റുന്നത്. ഗെയിംസില്‍ 800 മീറ്ററില്‍ മത്സരിച്ച ശാന്തി രണ്ട് മിനിറ്റ് 03.16 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. മെഡലിന്റെ തിളക്കം മായുന്നതിന് മുന്‍പ് തന്നെ ലിംഗ നിര്‍ണയ പരിശോധനയ്ക്ക് ശാന്തി വിധേയമാകേണ്ടി വന്നു. സ്ത്രീകളുടേതായ ലൈംഗിക സവിശേഷതകള്‍ ശാന്തി പുലര്‍ത്തുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇനിയൊരിക്കലും കായിക ഇനത്തില്‍ പങ്കെടുക്കാനാകില്ലെന്നും മെഡല്‍ പിന്‍വലിക്കപ്പെട്ടതായുമുള്ള വിവരം വൈകാതെ ശാന്തിയെ തേടിയെത്തുകയും ചെയ്തു.

ശാന്തിക്ക് ആന്‍ഡ്രോജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രം ഉണ്ടെന്നായിരുന്നു ലിംഗപരിശോധനയില്‍ തെളിഞ്ഞത്. ജനിതകപരമായി പുരുഷനാണെങ്കിലും പുരുഷഹോര്‍മോണുകളെ പ്രതിരോധിക്കുന്ന അവസ്ഥയാണിത്. അതിനാല്‍ വ്യക്തിക്ക് സ്ത്രീകളുടെ സവിശേഷതകളായിരിക്കും ഉണ്ടാകുക. എന്നാല്‍ വീഴ്ചകളില്‍ നിന്നുള്ള ഉയര്‍പ്പിന്റെ പാതയിലാണ് ഇന്ന് ശാന്തി. തമിഴ്നാട്ടിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 60 അത്ലറ്റുകളെ പരിശീലിപ്പിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. സ്ത്രീവേഷം വെടിഞ്ഞ് സമൂഹം തന്നെ എങ്ങനെ കാണാന്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് ഇന്ന് ജീവിതം നയിക്കുന്നതെന്ന് എബിസി ന്യൂസിനോട് പ്രതികരിക്കവെ ഒരിക്കല്‍ ശാന്തി പറഞ്ഞിരുന്നു.

കാസ്റ്റര്‍ സെമന്യ

ദക്ഷിണഫ്രിക്കയുടെ ഏറ്റവും മികച്ച അത്ലറ്റുകളില്‍ ഒരാളായ കാസ്റ്റര്‍ സെമന്യയിലൂടെയാണ് അത്ലറ്റിക്സില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് അത്ലറ്റിക്സ് ഫെഡറേഷനെ (ഐഎഎഎഫ്) പ്രേരിപ്പിച്ചത്. 2009ലെ ലോകചാമ്പ്യന്‍ഷിപ്പിലായിരുന്നു സെമന്യയുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്. അന്ന് 18 വയസുകാരിയായിരുന്ന സമെന്യ ഒരു മിനുറ്റ് 55.45 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. പോയ വര്‍ഷത്തിലെ താരത്തിന്റെ ഏറ്റവും മികച്ച സമയത്തേക്കാള്‍ എട്ട് സെക്കന്‍ഡ് കുറവായിരുന്നു ഇത്. ഇതിഹാസ താരങ്ങളില്‍ പോലും ഇത്രയും വേഗത്തിലുള്ള മാറ്റം കണ്ടിരുന്നില്ലെന്നാണ് അന്നത്തെ വിലയിരുത്തല്‍. ഇത് ഐഎഎഎഫിനെ സമെന്യയുടെ ലിംഗനിര്‍ണയ പരിശോധനയിലേക്ക് നയിച്ചു. വനിത അത്ലറ്റുകളില്‍ കണ്ടുവരുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവിനേക്കാള്‍ മൂന്നിരട്ടി സെമന്യയിലുണ്ടെന്ന് (ഹൈപ്പര്‍ആന്‍ഡ്രോജെനിസം) കണ്ടെത്തുകയും ചെയ്തു.

പിന്നാലെയാണ് 2011ല്‍ ഐഎഎഎഫ് ഹൈപ്പര്‍ആന്‍ഡ്രോജെനിസമുള്ള വനിത അത്ലറ്റുകള്‍ക്കായി പ്രത്യേക നിയമങ്ങള്‍ അവതരിപ്പിച്ചത്. ഹൈപ്പര്‍ആന്‍ഡ്രോജെനിസമുള്ള വനിതകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ പുരുഷന്മാരുടെ അന്‍ഡ്രോജെന്‍ അളവിനേക്കാള്‍ താഴെയായിരിക്കണമെന്നാണ് ഐഎഎഎഫിന്റെ വ്യവസ്ഥകളില്‍ പറയുന്നത്. ഒരു ലിറ്റര്‍ രക്തത്തില്‍ 10 നാനോമോളുകള്‍ എന്നതാണ് നിബന്ധന. പല എലൈറ്റ് വനിത അത്ലറ്റുകളുടേയും അന്‍ഡ്രോജെന്‍ ലെവല്‍ ഒരു ലിറ്റര്‍ രക്തത്തില്‍ 3.08 നാനോമോളാണെന്ന ഒരു പഠനത്തേയും ഐഎഎഎഫ് ചൂണ്ടിക്കാണിച്ചു.

ദ്യുതി ചന്ദ്

പക്ഷെ 2015ല്‍ ഐഎഎഎഫിന്റെ ഹൈപ്പര്‍ആന്‍ഡ്രോജെനിസം നിയമത്തിനെ ഇന്ത്യയുടെ ദ്യുതി ചന്ദ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഓഫ് സ്പോര്‍ട്ടില്‍ (സിഎഎസ്) വെല്ലുവിളിച്ചു. ഒരു അത്ലറ്റിന്റെ പ്രകടനവും ആന്‍ഡ്രോജെന്‍ അളവും തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഐഎഎഎഫിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ദ്യുതിയുടെ വാദം. താരത്തിന്റെ പോരാട്ടം വിജയിച്ചതോടെ 2011ലെ നിയമം താല്‍ക്കാലികമായി ഒഴിവാക്കേണ്ടതായി ഐഎഎഎഫിന് വന്നു. 2019ല്‍ സെമന്യയുമായുള്ള നിയമപോരാട്ടത്തിലെ വിജയത്തോടെ ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവുള്ള വനിതകള്‍ക്കെല്ലാം 2011ലെ നിയമം ബാധകമായി. എന്നാല്‍ നിലവിലത്തെ നിയമം ലൈംഗിക വികാസത്തില്‍ എക്സ് വൈ ക്രൊമൊസോം വൈകല്യമുള്ളവര്‍ക്ക് മാത്രമാണ് ബാധകം. 400 മീറ്റര്‍ മുതല്‍ ഒരു മൈല്‍ (1.6 കിലോ മീറ്റര്‍) വരെ ദൂരപരിധി വരുന്ന ഇനങ്ങളില്‍ അഞ്ച് നനോമോള്‍ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.

ലോറല്‍ ഹബ്ബര്‍

2011ലെ ഐഎഎഎഫിന്റെ നിയമങ്ങള്‍ക്ക് അനുസരിച്ചായിരുന്നു ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡറെന്ന തലക്കെട്ടോടെ ന്യൂസിലന്‍ഡ് ഭാരോദ്വഹനതാരം ലോറല്‍ ഹബ്ബര്‍ ടോക്കിയോയില്‍ മത്സരിച്ചത്. മത്സരത്തിന് മുന്‍പുള്ള 12 മാസം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോളില്‍ താഴെയായിരിക്കണമെന്ന നിബന്ധന പിന്തുടര്‍ന്നാണ് ലോറല്‍ പങ്കെടുത്ത്. കൃത്യമായി നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ അത്ലറ്റിന്റെ അയോഗ്യതിയിലേക്ക് വരെ കാര്യങ്ങള്‍ നീളും. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായാണ് ഹബ്ബറിനൊപ്പം വിവാദം ചേരുന്നത്. ഓസ്ട്രേലിയന്‍ വെയ്റ്റ്ലിഫ്റ്റിങ് ഫെഡറേഷന്‍ തലവനായ മൈക്കിള്‍ കീലനാണ് താരത്തിന്റെ പങ്കാളിത്തത്തെ അന്ന് ചോദ്യം ചെയ്തത്. കോമണ്‍വെല്‍ത്തില്‍ അന്ന് പങ്കെടുത്തെങ്കിലും താരത്തിന് പരുക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ 2019 പസിഫിക് ഗെയിംസില്‍ താരം സ്വര്‍ണം നേടി. ടോക്കിയോ ഒളിമ്പിക്സില്‍ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ടതോടെ മെഡലില്ലാതെയാണ് ലോറല്‍ മടങ്ങിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം