യു എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോയോട് പരാജയപ്പെട്ട് റാഫേല്‍ നദാല്‍ പുറത്ത്. ചൊവ്വാഴ്ച ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന 16-ാം റൗണ്ട് മത്സരത്തില്‍, ടിയാഫോയോട് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ തോല്‍വി. ഇതോടെ ഫ്‌ലഷിങ് മെഡോസില്‍ തന്റെ അഞ്ചാം കിരീടം എന്ന റെക്കോര്‍ഡ് നേട്ടത്തിനും 23-ാം ഗ്രാന്‍ഡ്സ്ലാമിനുമായുള്ള നദാലിന്റെ തേരോട്ടം അവസാനിച്ചു. 6-4, 4-6, 6-4, 6-3 എന്ന സ്‌കോറിനാണ് ടിയാഫോ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്.
ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും നേടിയ നദാലിന് 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണുള്ളത് . 2021 റോളണ്ട് ഗാരോസില്‍ നൊവാക് ജോക്കോവിച്ചിന് ശേഷം ഒരു മേജര്‍ മത്സരത്തില്‍ നദാലിനെ തോല്‍പ്പിക്കുന്ന ആദ്യ താരമായി ടിയാഫോ മാറി. കൂടാതെ 2004ല്‍ ആന്‍ഡി റോഡിക്കിനും 2005 ല്‍ ജെയിംസ് ബ്ലേക്കിനും ശേഷം ഒരു ഗ്രാന്‍ഡ്സ്ലാമില്‍ നദാലിനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ അമേരിക്കക്കാരനാണ് ടിയാഫോ. 18 വര്‍ഷം മുമ്പ് റോഡിക്കിനു ശേഷം യു എസ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന അമേരിക്കയില്‍ നിന്നുള്ള എറ്റവും പ്രായം കുറഞ്ഞ താരവുമാണ്.
'' ഞാന്‍ വളരെ സന്തോഷവാനാണ്, എനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാനിന്ന് അവിശ്വസനീയമായ തരത്തിലാണ് ടെന്നീസ് കളിച്ചത്, എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല', ടിയാഫോ പറഞ്ഞു. ഇതിന് മുമ്പ് 2019 ല്‍ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നെങ്കിലും ടിയാഫോയ്ക്ക് ഒരു സെറ്റ് പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്നലെ ഗംഭീര വിജയത്തോടെ ടിയാഫോ തന്റെ പരാജയങ്ങള്‍ക്ക് മറുപടി പറഞ്ഞു. റഷ്യയുടെ ആന്‍ഡ്രി റുബ്ലെവിനെയാണ് ടിയാഫോ അടുത്തതായി നേരിടേണ്ടത്
2020 ഫെബ്രുവരിക്ക് ശേഷം ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് വീണ്ടും തിരിച്ചു വരാനുള്ള നദാലിന്റെ ആഗ്രഹത്തിന് ഈ പരാജയം വലിയ തിരിച്ചടിയായി. പോള്‍ പൊസിഷനില്‍ നില്‍ക്കുകയാണെങ്കിലും കാര്‍ലസ് അല്‍ക്കാരസ്, കാസ്‌പെര്‍ റൂഡ് ന്നെിവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടുപേരുമോ ഫൈനലില്‍ പ്രവേശിച്ചാല്‍ നദാലിന് ഒന്നാം നമ്പര്‍ പ്രതീക്ഷ നഷ്ടമാവും.