യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാടെക് ചാമ്പ്യന്‍. ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂറിനെ 6-2,7-5 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. യുഎസ് ഓപ്പണില്‍ സ്വിയാടെകിന്റെ ആദ്യ കിരീട നേട്ടമാണിത്. രണ്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയ ഇഗയുടെ ഗ്രാന്‍സ്ലാം നേട്ടം ഇതോടെ മൂന്നായി.
ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ഒരു മണിക്കൂര്‍ 52 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇഗ ജാബ്യൂറിനെതിരെ വിജയം ഉറപ്പിച്ചത്. ആഫ്രിക്കയില്‍ നിന്ന് ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യ വനിതയാവാന്‍ കാത്തിരുന്ന ജാബ്യൂറിന് പരാജയം കനത്ത തിരിച്ചടിയായി. മത്സരത്തിന്റെ തുടക്കത്തില്‍ ആടിയുലഞ്ഞ ജാബ്യൂര്‍ രണ്ടാം സെറ്റില്‍ പതിയെ തിരിച്ചു വന്നെങ്കിലും ഇഗയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
ലോക ഒന്നാം നമ്പര്‍ താരമായ ഇഗ സെമിയില്‍ ബെലാറസിന്റെ അരിന സബലെങ്കയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കടന്നത്. 2013 ന് ശേഷം രണ്ട് ടോപ് 10 കളിക്കാര്‍ ഏറ്റുമുട്ടുന്ന ആദ്യ യുഎസ് ഓപ്പണ്‍ ഫൈനലാണ് ശനിയാഴ്ച നടന്നത്.
യുഎസ് ഓപ്പണ്‍ കിരീടനേട്ടത്തില്‍ അഭിമാനമുണ്ടെന്ന് ഇഗ സ്വിയാടെക് പറഞ്ഞു. ''പുതുതലമുറയെ പ്രചോദിപ്പിക്കാന്‍ എന്റെ നേട്ടത്തിനാകുമെന്ന് വിശ്വസിക്കുന്നു. ഇത് പലതിന്റെയും തുടക്കമാണ്. കളിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകും'' - ഇഗ പറഞ്ഞു.
2022 ലെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സ്വിയാടെക് 2016 ല്‍ ആഞ്ചലിക് കെര്‍ബറിന് ശേഷം ഒരേ വര്‍ഷം രണ്ട് പ്രധാന കിരീടങ്ങളില്‍ മുത്തമിടുന്ന ആദ്യ വനിതയാണ്. യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ആദ്യ പോളിഷ് വനിതയുമാണ് ഇഗ.