ഏഷ്യൻ ഗെയിംസിൽ ഏഴാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമർ, സ്വപ്‌നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വർണത്തിൽ മുത്തമിട്ടത്. 1769 പോയിന്റ് നേടിയാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
ചൈന 1763 പോയിന്റോടെ വെളളിയും റിപ്പബ്ലിക് ഓഫ് കൊറിയയ്ക്ക് 1748 പോയിന്റോടെ വെങ്കലവും നേടി. വ്യക്തിഗത യോഗ്യതാ മത്സരത്തിൽ സ്വപ്നിലും ഐശ്വരി പ്രതാപ് സിംഗ് തോമറും 591 പോയിന്റോടെയാണ് ഫിനിഷ് ചെയ്തത്. അഖിൽ ഷിയോറൻ 587 പോയിന്റുമായി അഞ്ചാമത് ഫിനിഷ് ചെയ്തെങ്കിലും ഒരു രാജ്യത്തുനിന്ന് രണ്ട് ഷൂട്ടർമാർക്ക് മാത്രമേ ഫൈനലിൽ മത്സരിക്കാൻ കഴിയൂ.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടി. ഇഷ സിംഗ്, പാലക്, ദിവ്യ തടിഗോൾ സുബ്ബരാജു എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയെ മെഡൽ നേട്ടത്തിലേക്ക് എത്തിച്ചത്. വ്യക്തിഗത യോഗ്യതാ മത്സരത്തിൽ 579 പോയിന്റുമായി ഇഷ അഞ്ചാം സ്ഥാനത്തും 577 പോയിന്റുമായി പാലക് ഏഴാം സ്ഥാനത്തും ഫിനിഷും ചെയ്തു. കൂടാതെ, ഇന്ന് രാവിലെ ഇന്ത്യൻ സമയം, 9 മണിക്ക് നടക്കുന്ന വ്യക്തിഗത ഫൈനലിലേക്ക് ഇവർ മത്സരിക്കും. 575 പോയിന്റുമായി ദിവ്യ തടിഗോൾ പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഇതോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ നാലാമത് ഇടം പിടിച്ചു. ഏഴ് സ്വർണം ഉൾപ്പെടെ 28 മെഡലുമായാണ് ഇന്ത്യയുടെ നേട്ടം. തൊട്ടുപിന്നിലുളളത് തായ്‌ലൻഡാണ്. ഏഴ് സ്വർണം ഉൾപ്പെടെ 19 മെഡലുമായാണ് തായ്‌ലൻഡ് അഞ്ചാമത് ഇടം കണ്ടെത്തിയത്. 93 സ്വർണവുമായി ചൈനയാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുളളത്.