ജാവ്ലിന്‍ത്രോയില്‍ ചരിത്രം കുറിച്ച് നീരജ് ചോപ്ര. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ 88.44 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര ചാമ്പ്യനായത്. ഡയമണ്ട് ലീഗ് ഫൈനലില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ചോപ്ര. ഡയമണ്ട് ട്രോഫിയും 30,000 യുഎസ്ഡോളര്‍ പ്രൈസ് മണിയുമാണ് നീരജിന് ലഭിച്ചത്. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ടോക്കിയോ ഒളിമ്പിക്‌സിലും നേട്ടം കൊയ്ത നീരജ് ഡയമണ്ട് ലീഗിലൂടെ തന്റെ കായിക ജീവിതത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തു വച്ചു.
നീരജിന്‍റെ ആദ്യ ശ്രമം ഫൗളായിരുന്നു. എന്നാല്‍ തന്റെ രണ്ടാം ശ്രമത്തില്‍ 88.44 മീറ്റര്‍ എറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. അടുത്ത നാല് ത്രോകളില്‍ 88.00, 86.11, 87.00, 83.60 എന്ന ക്രമത്തിലാണ് എറിഞ്ഞത്. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെജ് തന്റെ നാലാം ശ്രമത്തില്‍ 86.94 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. 83.73 മീറ്ററുമായി ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ ആണ് മൂന്നാം സ്ഥാനത്ത്.
നിലവിലെ ഒളിമ്പിക് ചാമ്പ്യനും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാരനുമാണ് 24 കാരനായ ഇന്ത്യന്‍ സൂപ്പര്‍ താരം. വെറും 13 മാസം കൊണ്ടാണ് നീരജ് ഈ നേട്ടങ്ങളെല്ലാം കൈയടക്കിയത്. ലോക അത്ലറ്റിക് ചാമ്പ്യഷിപ്പിൽ വെള്ളി നേടിയതിന് പിന്നാലെ പരുക്കേറ്റ നീരജിന് കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമായിരുന്നു. വിശ്രമത്തിന് ശേഷം ആഗസ്ത് 26-ന് നടന്ന ഡയമണ്ട് ലീഗ് സീരീസിന്റെ ലൊസെയ്ന്‍-ലെഗ് വിജയിച്ച് ഫൈനലിലേക്ക് യോഗ്യത നേടിക്കൊണ്ടാണ് ചോപ്ര ഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. ഈ സീസണില്‍ ആറ് തവണയാണ് 88 മീറ്ററിലധികം ദൂരം അദ്ദേഹം കണ്ടെത്തിയത്. സ്റ്റോക്ഹോമില്‍ എറിഞ്ഞ 89.94 മീറ്ററാണ് അദ്ദേഹത്തിന്‍റെ മികച്ച ദൂരം.
ഇത് മൂന്നാം തവണയാണ് നീരജ് ഡയമണ്ട് ലീഗ് ഫൈനലില്‍ എത്തുന്നത്. 2017ലും 2018ലും യഥാക്രമം ഏഴാമതും നാലാമതുമായാണ് ഫിനിഷ് ചെയ്തത്. ഈ വര്‍ഷത്തെ ഡയമണ്ട് ലീഗ് സ്വര്‍ണ നേട്ടത്തോടെ 2023-ല്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വൈല്‍ഡ് കാര്‍ഡ് വഴി യോഗ്യതയും ഉറപ്പാക്കി.