ഏഷ്യന്‍ ഗെയിംസില്‍ 100 മെഡല്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. ഇന്ന് വനിതകളുടെ കബഡിയില്‍ പൊന്നണിഞ്ഞാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ആവേശകരാമായ ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 26-25 എന്ന സ്‌കോറില്‍ തോല്‍പിച്ചായിരുന്നു ഇന്ത്യന്‍ വനിതകളുടെ സുവര്‍ണനേട്ടം. ഹാങ്ഷുവില്‍ ഇന്ത്യയുടെ 25-ാം സ്വര്‍ണപ്പതക്കം കൂടിയാണിത്.
നിലവില്‍ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലുകളുമായി മെഡല്‍ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. 188 സ്വര്‍ണവുമായി ചൈന ഒന്നാമത് തുടരുമ്പോള്‍ 47 സ്വര്‍ണവുമായി ജപ്പാന്‍ രണ്ടാമതും 36 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്താണിത്. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ത്യ മെഡല്‍ വേട്ടയില്‍ മൂന്നക്കം തികയ്ക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് 2018-ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഇന്ത്യയുടെ റെക്കോഡ്. അന്ന് 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഒരു ഏഷ്യാഡില്‍ 100 മെഡലുകള്‍ എന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
നേരത്തെ അമ്പെയ്ത്തില്‍ ഒരു സ്വര്‍ണമുള്‍പ്പടെ രണ്ടു മെഡലുകള്‍ കൂടി സ്വന്തമാക്കിയാണ് ഗെയിംസിന്റെ 13-ാം ദിനം ഇന്ത്യ ആരംഭിച്ചത്. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോംപൗണ്ട് റൗണ്ടില്‍ ഓജസ് ആണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്ക് തന്നെയാണ്. സഹതാരം അഭിഷേകാണ് വെള്ളിയണിഞ്ഞത്.
രണ്ടു പോയിന്റ് വ്യത്യാസത്തിലായിരുന്നു ഓജസിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ഓജസ് 149 പോയിന്റ് കരസ്ഥമാക്കിയപ്പോള്‍ 147 പോയിന്റാണ് അഭിഷേകിന് നേടാനായത്. ഇവരുടെ നേട്ടത്തോടെ മെഡല്‍ സമ്പാദ്യത്തില്‍ ഇന്ത്യ സെഞ്ചുറിക്കരികെയെത്തി. നിലവില്‍ 24 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 99 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
ഇന്ന് കബഡയിലും ബാഡ്മിന്റണിലും ക്രിക്കറ്റിലും അമ്പെയ്ത്തിലും ഓരോ മെഡലകള്‍ കൂടി ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെ ആകെ മെഡല്‍ നേട്ടം 104 എത്തുമെന്ന് ഉറപ്പായി. പുരുഷന്മാരുടെ ക്രിക്കറ്റില്‍ ഇന്നു നടക്കുന്ന ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്. സെമിയില്‍ ബംഗ്ലാദേശി െതകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. അഫ്ഗാനാകട്ടെ പാകിസ്താനെ തോല്‍പിച്ചാണ് കലാശക്കളിക്ക് എത്തിയത്.