GAMES

നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപം; ഇതു കാള്‍സനെ വീഴ്ത്തിയ പ്രഗ്ഗ

2022 ഫെബ്രുവരിയില്‍ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് റാപിഡ് ടൂര്‍ണമെന്റില്‍ ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാഴ്‌സനെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്ഗ ലോകശ്രദ്ധ നേടിത്തുടങ്ങിയത്.

വെബ് ഡെസ്ക്

ചെന്നൈയില്‍ നിന്നെത്തിയ ദ്രാവിഡത്തനിമയുള്ള ഒരു പതിനേഴുകാരന്‍. പതിവുപോലെ നെറ്റിയില്‍ നീളത്തില്‍ ഭസ്മക്കുറി. കരുക്കള്‍ക്കു മുന്നില്‍ നിശബ്ദനായി നിശ്ചയദാര്‍ഡ്യത്തോടെ അവന്‍ ഇരുന്നു. എതിര്‍ വശത്തെ ലോകചാമ്പ്യന്റെ കനത്ത നീക്കങ്ങളൊന്നും തന്നെ അവനെ ഭയപ്പെടുത്തിയില്ല. അവന്റെ നീക്കങ്ങളെല്ലാം കിറുകൃത്യതയോടെയായിരുന്നു. തോല്‍വി മണത്ത ലോക ചാമ്പ്യന്‍ സമനില വാഗ്ദാനം ചെയ്തു രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ ആ നീക്കത്തിനും അവന്റെ കൈയില്‍ മറുപടിയുണ്ടായിരുന്നു. സമനിലയ്ക്കല്ല താന്‍ വന്നതെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ അവന്‍ ജയത്തിനായി കരുക്കള്‍ നീക്കി.അവസാന റൗണ്ടില്‍ എതിരാളിയുടെ കനത്ത നീക്കങ്ങളെയല്ലാം മറികടന്ന് കളി ടൈബ്രേക്കറിലെത്തിച്ചു. തുടര്‍ന്ന് നടന്ന രണ്ട് ബ്ലീറ്റ്‌സുകളിലും അട്ടിമറിയോടെ ഒടുവില്‍ മാഗ്നസ് കാള്‍സണ്‍ എന്ന ലോക ചാമ്പ്യന്റെ അഹംഭാവത്തിനുമേല്‍ അവസാന ആണിയടിച്ചു അവന്‍ സൗമ്യനായി പുഞ്ചിരി തൂകി.

അവന്റെ പേര് രമേഷ്ബാബു പ്രഗ്നാനന്ദ. തിങ്കളാഴ്ച്ച മിയാമിയില്‍ നടന്ന എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ ലോകചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി അവന്‍ രണ്ടാമതെത്തിയപ്പോള്‍ ഭാരതത്തിന് അഭിമാന നേട്ടം.

രമേഷ്ബാബു പ്രഗ്നാനന്ദ

64 കളങ്ങള്‍ക്കുള്ളില്‍ ബുദ്ധിയും ഓര്‍മശക്തിയും സമമായി ഒത്തുചേരുമ്പോള്‍ നടക്കുന്ന യുദ്ധമാണ് ചതുരംഗം. വെട്ടും തടയും നടത്തി വിശ്വനാഥന്‍ ആനന്ദ് ആയിരുന്നു കളത്തിനുള്ളില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയത്. ലോകരാജ്യങ്ങള്‍ക്കിടയിലെ അഭിമാന പോരാട്ടങ്ങളില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി വിശ്വനാഥന്‍ ആനന്ദ് ചതുരംഗക്കളത്തില്‍ അപരാജിതനായി നിന്നപ്പോഴാണ് മാഗ്നസ് കാള്‍സണ്‍ എന്ന നോര്‍വീജിയക്കാരന്റെ കടന്നു വരവ്.

ഇന്ന് കാള്‍സണ്‍ ലോകചെസ്സിന്റെ രാജാവായി വിലസുമ്പോള്‍ അതിന് തടയിടാന്‍ കാള്‍സണ്‍ പരാജയപ്പെടുത്തിയ രാജ്യത്തില്‍ നിന്ന് തന്നെ ഒരാളുണ്ടായി. തനിക്കൊത്ത എതിരാളികള്‍ ഇല്ലെന്ന് അഹംഭാവത്തോടെ പറഞ്ഞു താന്‍ ചെസ് നിര്‍ത്തുകയാണെന്നു വരെ കാള്‍സണ്‍ പറഞ്ഞതായാണ് അഭ്യൂഹം. എന്നാല്‍ അതിനു കൃത്യമായ സ്ഥിരീകരണം ഇല്ലെങ്കിലും ''മത്സരങ്ങളുടെ ആധിക്യത്താലും ചെസ് കളിക്കാന്‍ പ്രചോദനം കിട്ടുന്നില്ല എന്നതിനാലും, ഞാന്‍ ചെസ് ലോകചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനിറങ്ങില്ല'' - എന്ന കാള്‍സനെ പറയാന്‍ പ്രേരിപ്പിച്ചത് തനിക്കൊപ്പം നില്‍ക്കാന്‍ ആരുമില്ലെന്ന അഹംഭാവം തന്നെയാണ്. അതിനുള്ള മറുപടിയാണ് പ്രഗ്ഗ നല്‍കിയത്.

ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥാനായ രമേഷ് ബാബുവിന്റെയും വീട്ടമ്മയായ നാഗലക്ഷ്മിയുടെയും രണ്ടു മക്കളില്‍ ഇളയവനായി ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പ്രഗ്ഗ കരുക്കള്‍ നീക്കിത്തുടങ്ങിയിട്ട് കുറച്ച് കാലമേ ആയുള്ളുവെങ്കിലും ഇന്ന് എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. 2016 ല്‍ 10 വയസ്സും 10 മാസവും പ്രായമുള്ളപ്പോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായി മാറി, 2022 ഫെബ്രുവരിയില്‍ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സനെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്ഗ ലോകശ്രദ്ധ നേടിത്തുടങ്ങിയത്.

സഹോദരിയുടെ കാര്‍ട്ടൂണ്‍ ഭ്രമം അവസാനിപ്പിക്കാനാണ് മാതാപിതാക്കള്‍ ആ വീട്ടില്‍ ആദ്യമായ ചെസ് ബോര്‍ഡ് വാങ്ങിക്കൊണ്ടുവന്നത്. ചേച്ചിക്കൊപ്പം കരുനീക്കിത്തുടങ്ങിയ പ്രഗ്ഗയുടെ വളര്‍ച്ച അതവേഗമായിരുന്നു. 2013 ല്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 വിഭാഗത്തില്‍ കിരീടം നേടിയ പ്രഗ്ഗ, ഏഴാമത്തെ വയസ്സില്‍ ഫിഡെ 'മാസ്റ്റര്‍' പദവി നേടി. 2015 ല്‍ അണ്ടര്‍ 10 കിരീടം നേടി. 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ പ്രഗ്ഗ 'ഗ്രാന്‍ഡ് മാസ്റ്റര്‍' പദവിയും നേടിയെടുത്തു. ഇങ്ങനെ ഉയരങ്ങളോരോന്നായി കീഴടക്കുമ്പോഴും അമിതാവേശമൊട്ടുമില്ലാതെ തികഞ്ഞ സമചിത്തതയോടെ മുന്നേറുകയാണ് പ്രഗ്നാനന്ദ.

മയാമിയില്‍ പ്രഗ്ഗയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞ ശേഷം കാള്‍സന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. ''ഈ ദിവസം എനിക്കു ഭയാനകമായി തോന്നുന്നു. തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ താങ്ങാവുന്നതിനുമപ്പുറമാണ്. ഇന്നിനി എനിക്ക് ഉറങ്ങാനാകുമെന്നു തോന്നുന്നില്ല''. ചെസ് കളിക്കാന്‍ പ്രചാദനം കിട്ടുന്നില്ലെന്നു പറഞ്ഞ ചാമ്പ്യനെ ഒരു തോല്‍വിയിലൂടെ ഉറക്കമില്ലാ രാത്രകളിലേക്കു തള്ളിയിട്ടു ലോകത്തിനു മുന്നില്‍ പ്രഗ്ഗ ഉറക്കെ വിളിച്ചു പറയുകയായിരുന്ന.... കാള്‍സന് ഒരു എതിരാളിയുണ്ട് എന്ന്.

ചെസിലെ പ്രധാന രണ്ടു ശൈലികളായ ക്ലാസിക് ശൈലിയിലും റാപ്പിഡ് ശൈലിയിലും കിരീടം വയ്ക്കാത്ത രാജാവായിരുന്നു കാള്‍സന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും മികവ് ക്ലാസിക് ശൈലിയിലാണ് കണ്ടിട്ടുള്ളത്. അഞ്ചു തവണ അതില്‍ അദ്ദേഹം ലോക ചാമ്പ്യനുമായി. റാപ്പിഡ് ശെശലിയില്‍ പലപ്പോഴും കാള്‍സന് അടിപതറിയിട്ടുണ്ട്.

പ്രഗ്ഗയ്ക്കു മുമ്പ് അതില്‍ കാസനെ പരാജയപ്പെടുത്തിയ മൂന്നു ഇന്ത്യന്‍ താരങ്ങള്‍ കൂടിയുണ്ട്. ആദ്യത്തേത് സ്വാഭാവികമായും വിശ്വനാഥന്‍ ആനന്ദ് തന്നെ. ആനന്ദിനു പുറേേ മലയാളി താരം നിഹാല്‍ സരിന്‍, പെന്റാല ഹരികൃഷ്ണ എന്നിവരും കാള്‍സനെ റാപ്പിഡ് ശൈലിയില്‍ വീഴ്ത്തിയിട്ടുണ്ടു. ഇരുവരുടെയും മുന്നില്‍ രണ്ടു തവണ വീതമാണ് കാള്‍സണ്‍ തോല്‍വി സമ്മതിച്ചത്. ഏറ്റവും ഒടുവിലാണ് പ്രഗ്ഗയുടെ വരവ്. അതേസമയം കാള്‍സനെ പ്രഗ്ഗ തോല്‍പിച്ച എഫ്.ടി.എക്‌സ്. ക്രിപ്‌റ്റോ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ കിരീടം നേടിയതും കാള്‍സനാണെന്നത് ശ്രദ്ധേയമാണ്.

പ്രഗ്ഗയ്ക്കു മുന്നില്‍ വിശാലമായ കരിയര്‍ കിടക്കുകയാണ്. വിശ്വനാഥന്‍ ആനന്ദിനു ശേഷം ചതുരംഗക്കളത്തില്‍ വീണ്ടും ഒരു ഇന്ത്യക്കാരന്റെ അശ്വമേധം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിന്റെ തുടക്കമായി ഈ വിജയത്തെ കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ