SPORT

ഒളിമ്പ്യന്‍ ഗോപി ഇനിയെത്ര ഓടണം? ഒരു തുണ്ട് ഭൂമിക്കായി...

സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി അനുവദിച്ചു കിട്ടാന്‍ തഹസീല്‍ദാര്‍ മുതല്‍ കായിക മന്ത്രി വരെയുള്ളവരെ സമീപിച്ചിട്ടും ഇതുവരെയും നടപടിയായില്ലെന്നു താരം 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

ശ്യാം ശശീന്ദ്രന്‍

വയനാട് കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടു മുതല്‍ തോന്നയ്ക്കല്‍ ഗോപി ഓടിത്തീര്‍ത്ത മാരത്തണുകളും മൈലുകളും എണ്ണിയാല്‍ ഒടുങ്ങില്ല. പക്ഷേ ഒരു പതിറ്റാണ്ടിലേറെ അത്‌ലറ്റിക് ട്രാക്കുകളില്‍ ഗോപിയൊഴുക്കിയ വിയര്‍പ്പ് മതിയാകില്ല രാജ്യത്തിന്റെ അഭിമാന താരമായ ആ ഒളിമ്പ്യന് തന്റെ കുടുംബത്തിനായി ഒരു കൊച്ചു കൂരയൊരുക്കാന്‍. ട്രാക്കില്‍ നേരിട്ട വെല്ലുവിളികളെക്കാള്‍ വലിയ വെല്ലുവിളിയാണ് സര്‍ക്കാര്‍ നൂലാമാലകള്‍ അഴിച്ചുകിട്ടാന്‍ ഗോപി നേരിടുന്നത്.

കൃത്യം ഏഴു വര്‍ഷം മുമ്പാണ് റിയോ ഒളിമ്പിക്‌സ് മാരത്തണില്‍ രാജ്യത്തെ പ്രതിനിധീകരിച്ചെത്തിയ ഗോപിക്ക് അദ്ദേഹത്തിന്റെ കായികനേട്ടങ്ങള്‍ പരിഗണിച്ച് 10 സെന്റ് ഭൂമിയും അവിടെ ഒരു വീടുവയ്ക്കാനുള്ള സാമ്പത്തിക സഹായവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്.

അതിനും ഏറെ മുമ്പേ തന്നെ കായിക പ്രേമികളുടെ മനസില്‍ മിന്നുന്ന പ്രകടനങ്ങളിലൂടെ ഇടംപിടിച്ച ഗോപിക്ക് അര്‍ഹിച്ച അംഗീകാരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലായിരുന്നു കുടുംബവും കേരളവും. എന്നാല്‍ ഏഴു വര്‍ഷത്തിനിപ്പുറവും ആ വാഗ്ദാനം വെറും വാക്കായി അവശേഷിക്കുമ്പോള്‍ സംസ്ഥാന കായിക വികസനത്തിനായി 'അക്ഷീണം യത്‌നിക്കുന്ന' സ്‌പോര്‍ട്‌സ് മന്ത്രാലയമാണ് പ്രതിക്കൂട്ടിലാകുന്നത്.

2016 റിയോ ഒളിമ്പിക്‌സിനു പിന്നാലെയാണ് ഗോപിക്ക് വീടുവയ്ക്കാന്‍ 10 സെന്റ് ഭൂമി അനുവദിച്ചുകൊണ്ട് മന്ത്രിസഭാ തീരുമാനം ഉണ്ടാകുന്നത്. അതിനോടകം ഏഷ്യന്‍ മാരത്തണില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10,000 മീറ്ററില്‍ വെള്ളി, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ റെക്കോഡ് സ്വര്‍ണമടക്കമുള്ള നേട്ടം ഗോപി സ്വന്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങാന്‍ പിന്നെയും ഒരു വര്‍ഷം വേണ്ടി വന്നു.

എന്നാല്‍ അതിനു ശേഷം വര്‍ഷം ആറു പിന്നിട്ടിട്ടും അര്‍ഹതപ്പെട്ട ആനുകൂല്യം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി അനുവദിച്ചു കിട്ടാന്‍ തഹസീല്‍ദാര്‍ മുതല്‍ കായിക മന്ത്രി വരെയുള്ളവരെ സമീപിച്ചിട്ടും ഇതുവരെയും നടപടിയായില്ലെന്നു താരം 'ദ ഫോര്‍ത്തിനോട്' പറഞ്ഞു.

വയനാട്ടിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോപി സ്‌കൂള്‍ പഠനകാലം മുതല്‍ കാര്‍ഷിക വൃത്തിക്ക് ഇറങ്ങിയാണ് പഠനത്തിനും പരിശീലനത്തിനും പണം കണ്ടെത്തിയിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ചില സ്‌പോണ്‍സര്‍ഷിപ്പുകള്‍ ലഭിച്ചതൊഴിച്ചാല്‍ കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി സ്വന്തം കൈയില്‍ നിന്നു പണമെടുത്താണ് പരിശീലനം നടത്തുന്നത്.

ദീര്‍ഘദൂരയിനത്തിലാണ് മത്സരിക്കുന്നതെന്നതിനാല്‍ മാസം തോറും സ്‌പൈക്‌സ് മാറ്റേണ്ടി വരുന്ന ഗോപി പ്രതിമാസം അതിനു മാത്രം ഏറ്റവും കുറഞ്ഞത് 10,000 രൂപയോളം കണ്ടെത്തേണ്ട അവസ്ഥയിലാണ്. വഷത്തില്‍ 11 മാസവും കുടുംബത്തില്‍ നിന്നകന്ന് പരിശീലനത്തില്‍ ഏര്‍പ്പെടുന്ന ഗോപിക്ക് ഈ നീണ്ട കരിയറിനിടെ നേടിയ മെഡലുകളല്ലാതെ സ്വന്തം കുടുംബത്തിനായി ഒന്നും കരുപ്പിടിപ്പിക്കാനും കഴിഞ്ഞിട്ടില്ല.

അതിനാല്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമിയും സഹായവും ഗോപിയെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ കാത്തുകാത്ത് കണ്ണുകഴച്ചിട്ടും വാഗ്ദാനം വെറുംവാക്കായി തുടര്‍ന്നതോടെ സര്‍വപ്രതീക്ഷയും നഷ്ടപ്പെട്ട നിലയിലാണ് താരം.

അര്‍ഹിച്ച ആനുകൂല്യം വൈകിയതിനാല്‍ അധികാരികളുടെ മുന്നില്‍ തുടരെ മുട്ടിവിളിച്ച ഗോപിയെ പരിഹാസ്യനാക്കി ഇതിനിടെ സര്‍ക്കാര്‍ വക 'വ്യാജ ഭൂമിദാനവും' നടന്നു. സൂല്‍ത്താന്‍ ബത്തേരി നഗരത്തില്‍ വര്‍ഷങ്ങളായി കേസില്‍ കുരുങ്ങിക്കിടക്കുന്ന ഫെയര്‍ലാന്റില്‍ ഗോപിക്ക് സ്ഥലം അനുവദിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചെയ്തത്.

പ്രസ്തുത സ്ഥലത്ത് 'ഒളിമ്പ്യന്‍ ഗോപിക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ സ്ഥലം' എന്നെഴുതിയ ബോര്‍ഡും തഹസീല്‍ദാരുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. എന്നാല്‍ ആ ഭൂമി യഥാര്‍ത്ഥത്തില്‍ സ്വകാര്യ വ്യക്തിയുടെ പേരിലുള്ളതായിരുന്നു. അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ തന്റെ ഭൂമിയില്‍ അനധികൃതമായി കടന്നുകയറിയെന്നു കാട്ടി ഹൈക്കോടതിയെ സമീപിച്ചു. വിഷയം പരിഗണിച്ച കോടതി സര്‍ക്കാര്‍ നടപടി റദ്ദാക്കുകയും ചെയ്തതോടെ അവസാന പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലാണ് ഗോപി.

അത്‌ലറ്റിക്‌സിനായി സ്വന്തം ജീവിതം തന്നെ മാറ്റിവച്ച് ഇത്രയേറെ നേട്ടങ്ങള്‍ രാജ്യത്തിനും സംസ്ഥാനത്തിനുമായി നേടിയിട്ടും തന്നെ മാത്രം മാറ്റിനിര്‍ത്തുന്നത് എന്തെന്ന ചോദ്യമാണ് ഗോപി ഉയര്‍ത്തുന്നത്. ആ ചോദ്യത്തിനു പ്രസക്തിയുമുണ്ട്. കാരണം ഗോപിക്കു മുമ്പും പിമ്പും സര്‍ക്കാര്‍ കായിക താരങ്ങള്‍ ഭൂമിയും വീടും അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ഒളിമ്പ്യന്മാരായ പി.ടി. ഉഷ, മേഴ്‌സിക്കുട്ടന്‍, പ്രീശ്ശ ശ്രീധരന്‍ തുടങ്ങിയവര്‍ക്ക് സൗജന്യ ഭൂമി അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ഗോപിക്ക് വാഗ്ദാനം നല്‍കിയ ശേഷം മലയാളി ഫുട്‌ബോള്‍ താരങ്ങളായ കെ.പി. രാഹുല്‍, ആര്യശ്രീ എന്നിവര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചപ്പോഴും ഗോപിയെ മാറ്റിനിര്‍ത്തുകയാണ് ചെയ്തത്.

''റിയോ ഒളിമ്പിക്‌സിനു ശേഷമാണ് ഭൂമി നല്‍കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതിന്റെ ഉത്തരവടക്കം കൈയില്‍ കിട്ടിയിരുന്നു. പക്ഷേ ഉത്തരവല്ലാതെ മറ്റൊന്നും പിന്നീട് തേടിയെത്തിയില്ല. ഞാന്‍ പരിശീലനത്തിനായി ബാംഗ്ലൂരായതിനാല്‍ സുഹൃത്തിനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത്. എന്നാല്‍ അവന്‍ റവന്യുവകുപ്പ് കയറിയിറങ്ങി നടന്നിട്ടും ഉടന്‍ ശരിയാകും എന്ന മറുപടിയല്ലാതെ മറ്റൊന്നും നടന്നില്ല. പിന്നെ പിന്നെ ഇതിനു പിന്നാലെ നടക്കാന്‍ തന്നെ മടിയായി. കുറച്ചു നാള്‍ മുമ്പാണ് ഭൂമി അനുവദിച്ചതായി തഹസീല്‍ദാര്‍ അറിയിച്ചത്. എന്നാല്‍ അത് പിന്നീട് കേസ് ആയെന്നും നടപടി റദ്ദാക്കിയെന്നും മാധ്യമങ്ങള്‍ വഴി അറിഞ്ഞ വിവരമേ എനിക്കുള്ളു. ഇതുവരെ ഒരു രേഖയും സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തു നിന്നു ലഭിച്ചിട്ടില്ല'' - ഗോപി ''ദ ഫോര്‍ത്തിനോട്'' പറഞ്ഞു.

''കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ എക്കാലവും കളിക്കും കായികതാരങ്ങള്‍ക്കും കളിയാസ്വാദകര്‍ക്കും ഒപ്പമാണ്. ഇവിടെ നടക്കുന്ന മുഴുവന്‍ കായികമത്സരങ്ങള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവര്‍ക്കു വേണ്ടിയാണ് ഈ ഗവണ്‍മെന്റ് നിലകൊള്ളുന്നത്'' - കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഏറെ ചര്‍ച്ചയായ കാര്യവട്ടം ഏകദിന ക്രിക്കറ്റ് വിവാദത്തില്‍ സംസ്ഥാന കായിക മന്ത്രി നല്‍കിയ വിശദീകരണത്തിലെ പ്രസക്ത ഭാഗമാണിത്.

കളിക്കും കായികതാരങ്ങള്‍ക്കും കളിയാസ്വാദകര്‍ക്കും ഒപ്പം നില്‍ക്കുന്ന, സംസ്ഥാനത്തു നടക്കുന്ന മുഴുവന്‍ കായികമത്സരങ്ങള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും നല്‍കുന്ന സര്‍ക്കാരായിട്ടും അര്‍ഹിച്ച അംഗീകാരത്തിനായി ഒരു ഒളിമ്പ്യനു സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നടക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാനമുയര്‍ത്തി മൈലുകള്‍ ഓടുന്ന ഗോപിയെ ഇനിയും വെയിലത്തു നിര്‍ത്തരുതെന്നു മാത്രമാണ് കായിക പ്രേമികള്‍ക്കു പറയാനുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ