ബിര്‍മിങ്ഹാമിലെ ഭാരോദ്വഹന വേദിയില്‍ നിന്ന് വീണ്ടും മെഡല്‍ നേട്ടം. സങ്കേത് സര്‍ഗാറിന്റെ വെള്ളി നേട്ടത്തിനു പിന്നാലെ പുരുഷന്മാരുടെ 61 കിലോ വിഭാഗത്തില്‍ 269 കിലോ ഉയര്‍ത്തി ഗുരുരാജ പൂജാരി വെങ്കലമണിഞ്ഞു. സ്‌നാച്ചില്‍ 118 കിലോയും ക്ലീന്‍ ആന്‍ ജെര്‍ക്കില്‍ 151 കിലോയും ഉയര്‍ത്തിയാണ് ഗുരുരാജയുടെ നേട്ടം.
ഗെയിംസ് റെക്കോഡുകള്‍ തുടരെ തകര്‍ന്ന ആവേശകരമായ മത്സരത്തില്‍ 285 കിലോ ഉയര്‍ത്തി മലേഷ്യയുടെ അസ്‌നില്‍ ബിന്‍ മുഹമ്മദ് റെക്കോഡ് സ്വര്‍ണമണിഞ്ഞപ്പോള്‍ കടുത്ത പോരാട്ടം കാഴ്ചവച്ച് 273 കിലോ ഉയര്‍ത്തിയ പാപ്പുവ ന്യൂ ഗിനിയ താരം മൊറിയ ബാരു വെള്ളി നേടി.
സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും റെക്കോഡ് തിരുത്തിയായിരുന്നു അസ്‌നിലിന്റെ സ്വര്‍ണ നേട്ടം. സ്‌നാച്ചില്‍ 127 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 158 കിലോയുമാണ് അസ്‌നില്‍ ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 121 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 152 കിലോയുമായിരുന്നു ബാരുവിന്റെ പ്രകടനം.
ഗുരുരാജയുടെ തുടര്‍ച്ചയായ വരണ്ടാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. കഴിഞ്ഞ തവണ ഗോള്‍ഡ കോസ്റ്റില്‍ 56 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ചു ഗുരുരാജ വെള്ളി നേടിയിരുന്നു.