ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ഭാരോദ്വഹന താരങ്ങളുടെ കൈക്കരുത്തില്‍ ഇന്ന് ഒമ്പതാം മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതുുവരെ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യ അക്കൗണ്ടിലെത്തിച്ചിരിക്കുന്നത്. ഇതില്‍ ഏഴു മെഡലുകളും വന്നത് ഭാരോദ്വഹന വേദിയില്‍ നിന്നാണ്.
ഗെയിംസിന്റെ നാലാം ദിനമായ ഇന്നലെ രാത്രി വനിതകളുടെ 71 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ 212 കിലോ ഉയര്‍ത്തി ഹര്‍ജീന്ദര്‍ കൗറാണ് ഇന്ത്യക്കായി മെഡലണിഞ്ഞത്. സ്‌നാച്ചില്‍ 93 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 119 കിലോയും ഉയര്‍ത്തിയാണ് ഹര്‍ജീന്ദര്‍ മൂന്നാം സ്ഥാനത്തെത്തിയത്.
ഇംഗ്ലണ്ടിന്റെ സാറ ഡേവീസ് സ്വർണവും, കാനഡയുടെ അലക്സിസ് ആഷ്‌വര്‍ത്ത് വെള്ളിയും നേടി. നൈജീരിയയുടെ സുവർണ പ്രതീക്ഷയായിരുന്ന ജോയ് എസ്സെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ട് പുറത്തായി. 2021-ലെ കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായിരുന്നു ജോയ് എസ്സെ.
സ്‌നാച്ച് ഇനത്തിൽ 90 കിലോ ഉയർത്താനുള്ള ഹര്‍ജീന്ദറിന്റെ ആദ്യ ശ്രമം പരാജയപെട്ടു. രണ്ടാം ശ്രമത്തിൽ തൊണ്ണൂറും, മൂന്നാം ശ്രമത്തിൽ 93 ഉയർത്തിയ ഹര്‍ജീന്ദറിന്റെ മികച്ച പ്രകടനത്തിനാണ് ബിർമിങ്ഹാം സാക്ഷ്യം വഹിച്ചത്. ക്ലീൻ ആൻഡ് ജെർക്കിൽ 119 കിലോഗ്രാം ഭാരം ഉയർത്തിയാണ് പഞ്ചാബിൽ നിന്നുള്ള താരം മെഡൽ ഉറപ്പിച്ചത്. ഇന്ത്യയുടെ ഭാരോദ്വഹനര്‍ നേടുന്ന ഏഴാമത് മെഡൽ ആണ് ഹര്‍ജിന്ദറിന്റെ വെങ്കലം. 2021ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിൽ ഇതേ വിഭാഗത്തിലെ വെള്ളിമെഡൽ ജേതാവായിരുന്നു ഹര്‍ജീന്ദര്‍ കൗർ.