DIBYANGSHU SARKAR
SPORT

സന്തോഷം, ഹിഗ്വിറ്റക്ക് ഒരു പുനർജന്മം കിട്ടിയല്ലോ!

തിരിച്ചടികൾ നിരവധിയുണ്ടായിട്ടും എല്ലാ പാകപ്പിഴകളോടെയും സ്വന്തം ജീവിതത്തെ മതിമറന്നു സ്നേഹിച്ചു ഹിഗ്വിറ്റ; ഒട്ടനവധി ട്വിസ്റ്റുകൾ നിറഞ്ഞ, സസ്പെൻസ് ത്രില്ലറിനെക്കാൾ സംഭവബഹുലമായ ജീവിതം

രവി മേനോന്‍

പ്രിയ എഴുത്തുകാരൻ എൻ എസ് മാധവനും സംവിധായകൻ ഹേമന്ദ് കുമാറിനും നന്ദി. ഫുട്ബോൾ ഗ്ലൗസുകൾ എന്നന്നേക്കുമായി ചുമരിൽ തൂക്കി സ്ഥലം വിട്ട ഒരു അത്ഭുതപ്രതിഭാസത്തെ വീണ്ടും ഗോൾവലയത്തിന് മുന്നിൽ കൊണ്ടുവന്നു നിർത്തിയതിന്; അങ്ങനെയെങ്കിലും റെനെ ഹിഗ്വിറ്റ എന്ന വിചിത്ര മനുഷ്യനെ ഓർത്തെടുക്കാൻ പ്രേരിപ്പിച്ചതിന്.

ഇങ്ങ് കേരളത്തിൽ തന്റെ പേരിനെ ചൊല്ലി നടക്കുന്ന ഗാട്ടാ ഗുസ്തിയെക്കുറിച്ചറിഞ്ഞാൽ ഹിഗ്വിറ്റ പറയാൻ ഇടയുള്ളതെന്തെന്ന് ഊഹിക്കാനാകും എനിക്ക്: ''ഊശ്… ഇതെന്തൊരു തല തിരിഞ്ഞ ഏർപ്പാടപ്പാ..''

കാരണമുണ്ട്. എല്ലാം തലകുത്തനെ കണ്ടാണ് കുട്ടിക്കാലം മുതലേ ഹിഗ്വിറ്റക്ക് ശീലം. വാനിലുയർന്നു പറക്കുന്ന പക്ഷിക്ക് എന്തുകൊണ്ട് മലർന്നു പറന്നുകൂടാ എന്ന് ചിന്തിക്കും ചിലപ്പോൾ; ചീറിപ്പായുന്ന വെടിയുണ്ടക്ക് ലക്‌ഷ്യം കണ്ട ശേഷം എന്തുകൊണ്ട് തിരികെ തോക്കിൻ കുഴലിൽ വന്ന് കയറിക്കൂടാ എന്നും. ഓരോരോ കിറുക്കൻ ഫാന്റസികൾ.

അത്തരമൊരു ഫാന്റസിയിൽ നിന്നാണ് വിശ്വവിഖ്യാതമായ സ്കോർപിയൺ കിക്കിന്റെ ഉദയവും. സ്പാനിഷ് സ്പോർട്സ് പത്രമായ 'മുൺഡോ ഡിപ്പോർട്ടീവോ'യ്ക്ക് നൽകിയ അഭിമുഖത്തിൽ ആ പ്രചോദനകഥ കൊളംബിയയുടെ എക്കാലത്തെയും വിവാദപുരുഷനായ ഗോൾ കീപ്പർ വിവരിച്ചതിങ്ങനെ: ''സായാഹ്നസവാരിക്കിടെ ഒരു കൗതുകക്കാഴ്ച കണ്ടു. വഴിയരികിൽ കുറെ കുട്ടികൾ കൂട്ടം കൂടിനിന്ന് പന്തു കളിക്കുന്നു. ബാക്ക് വോളി, അഥവാ സിസേഴ്‌സ് കിക്ക് പരീക്ഷിക്കുകയാണ് എല്ലാവരും. ആദ്യമൊക്കെ രസം തോന്നി. എന്നാൽ കുറച്ചു നേരം കഴിഞ്ഞപ്പോൾ ബോറടിച്ചു. ഒരേ അച്ചിൽ വാർത്തെടുത്ത ആക്‌ഷനല്ലേ? ഇതേ മലക്കം മറിച്ചിൽ റിവേഴ്‌സ് ആയി പരീക്ഷിച്ചുകൂടെ എന്ന് അവരോട് ചോദിക്കാൻ തോന്നിയത് അപ്പോഴാണ്. അത്ഭുതത്തോടെ എന്നെ നോക്കിനിന്നു അവർ. ഇയാൾക്കെന്താ വട്ടുണ്ടോ എന്ന് തോന്നിക്കാണണം...''

പക്ഷേ 'വട്ടി'നെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാൻ അഞ്ചു വർഷം കൂടിയേ കാത്തിരിക്കേണ്ടി വന്നുള്ളൂ ഹിഗ്വിറ്റക്ക്. 1995 ൽ വെംബ്ലിയിൽ നടന്ന സൗഹൃദ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കൊളംബിയയുടെ ബോക്സിനു പുറത്തുനിന്ന് ഇംഗ്ളണ്ട് മിഡ്‌ഫീൽഡർ ജാമി റെഡ്‌നാപ്പ് തൊടുത്ത ഷോട്ട് വായുവിലുയർന്ന്, കാലുകൾ രണ്ടും പിന്നിലേക്ക് മടക്കി മടമ്പു കൊണ്ട് കുത്തിയകറ്റുന്ന ഹിഗ്വിറ്റയുടെ ചിത്രം എങ്ങനെ മറക്കാൻ? അതുപോലൊരു സേവ് അതിനു മുൻപ് കണ്ടിട്ടില്ല ഫുട്ബോൾ ലോകം; പിന്നീടും.

പക്ഷേ ഏറെ വാഴ്ത്തപ്പെട്ട ആ കരിന്തേൾ കിക്കിലൊതുങ്ങുന്നില്ല റെനെ ഹിഗ്വിറ്റയുടെ വർണ്ണശബള വ്യക്തിത്വം. ഫുട്ബോളിൽ അതുവരെ ആരും പരീക്ഷിക്കാൻ ധൈര്യപ്പെടാത്ത പലതും പുഷ്പം പോലെ പുറത്തെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞു ഹിഗ്വിറ്റക്ക്. ചരിത്രത്തിലെ ആദ്യത്തെ സ്വീപ്പർ - കീപ്പർ എന്നാണ് ഹിഗ്വിറ്റ ഒരിക്കൽ സ്വയം വിശേഷിപ്പിച്ചത്.

''റെനെ ഗോളിലുള്ളപ്പോൾ ഞങ്ങളുടെ ടീമിൽ പതിനൊന്ന് ഔട്ട്ഫീൽഡ് കളിക്കാർ ഉറപ്പ്'' ഹിഗ്വിറ്റയുടെ കഴിവുകൾ തേച്ചുമിനുക്കിയെടുത്ത കൊളംബിയൻ കോച്ച് ഫ്രാൻസിസ്‌കോ മാറ്റുറാനയുടെ വാക്കുകൾ. ഗോൾലൈനിൽ നിന്ന് സ്വന്തം ബോക്‌സും മധ്യരേഖയും കടന്ന്, നീണ്ട ചുരുളൻ മുടി കാറ്റിൽ പറത്തി പന്തുമായി കുതികുതിക്കുന്ന ഹിഗ്വിറ്റയുടെ അധികപ്രസംഗം കണ്ണിനും കാതിനും വിരുന്നായിരുന്നു ഒരു കാലത്ത്. രണ്ടും കല്പിച്ചുള്ള ആ കുതിച്ചോട്ടങ്ങളിൽ നിന്ന് പിറന്ന ഗോളുകൾ 41.

അത്തരം 'അന്തോം കുന്തോ'മില്ലാത്ത ഓട്ടങ്ങളാണ് ഹിഗ്വിറ്റക്ക് എൽ ലോക്കോ അഥവാ കിറുക്കൻ എന്ന ഇരട്ടപ്പേര് നൽകാൻ മാറ്റുറാനയെ പ്രേരിപ്പിച്ചതും. ''ശരിയാണ്, ഞാൻ ഭ്രാന്തനാണ്. ആ ഭ്രാന്തില്ലെങ്കിൽ കളിക്കളത്തിൽ നിങ്ങളെന്നെ കണ്ടതായി ഭാവിക്കുകപോലും ഇല്ലായിരുന്നു'' കളിയിൽ നിന്ന് വിരമിച്ച ശേഷം ഒരിക്കൽ ഹിഗ്വിറ്റ പറഞ്ഞു. സത്യം.

ചിരിയിൽ തുടങ്ങി കണ്ണീരിലൊടുങ്ങിയ 1990 ലെ ലോകകപ്പ് പ്രകടനത്തിന്റെ പേരിലാവും പലരും ഈ ഗോൾ കീപ്പറെ ഓർക്കുക. കാമറൂണിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലായിരുന്നു ആന്റി ക്ലൈമാക്സ്. പതിവുപോലെ പന്തുമായി ബോക്സിനു പുറത്തേക്ക് ഇരമ്പിക്കയറിവന്ന ഹിഗ്വിറ്റ മുന്നിൽ കുതിച്ചെത്തിയ റോജർ മില്ലയെ അനായാസം ഡ്രിബിൾ ചെയ്തു മറികടക്കാൻ ശ്രമിച്ചതാണ്. കളിയേറെ കണ്ട പഴക്കമുള്ള മില്ലയുണ്ടോ വഴങ്ങുന്നു. പന്ത് ഹിഗ്വിറ്റയുടെ കാലിൽ നിന്ന് കോരിയെടുക്കുക മാത്രമല്ല തിരികെ കൊളംബിയൻ പോസ്റ്റിൽ ഭദ്രമായി നിക്ഷേപിക്കുക കൂടി ചെയ്‌തു മില്ല. സ്വീപ്പർ- കീപ്പറുടെ കളിജീവിതത്തിലെ ഏറ്റവും നാണംകെട്ട നിമിഷങ്ങളിലൊന്ന്.

'ഒരു കൂറ്റൻ ബംഗ്ലാവിനോളം വലുപ്പമുള്ള പിഴവ് '- മത്സരശേഷം ഹിഗ്വിറ്റ പറഞ്ഞു. നിർഭാഗ്യത്തിന്റെ ആ ഇരുളടഞ്ഞ വീട്ടിൽ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാനായില്ല ഹിഗ്വിറ്റക്ക് എന്നതാണ് വിരോധാഭാസം. കളിക്കളത്തിന് പുറത്തെ സ്കോർപിയൺ കിക്കുകൾ ഹിഗ്വിറ്റയെ ദുരന്തങ്ങളായി വേട്ടയാടിയ കാലം. കൊളംബിയൻ മയക്കുമരുന്ന് മാഫിയയുടെ ചക്രവർത്തിയായ പാബ്ലോ എസ്കോബാറിന്റെ അവിഹിത ഇടപാടുകളിൽ പങ്കാളിയായതിന്റെ പേരിൽ ഏഴു മാസം ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നു ഹിഗ്വിറ്റക്ക്. 1994 ലെ ലോകകപ്പിൽ കളിക്കാനാകാതെ പോയത് മറ്റൊരു ആഘാതം.

തീർന്നില്ല. ഇക്വഡോറിയൻ ക്ലബ്ബായ ഔകാസിനായി കളിക്കവെ 2004 ൽ ഉത്തേജക ഔഷധ പരിശോധനയിൽ പരാജയപ്പെട്ടു ഹിഗ്വിറ്റ. കൊക്കെയ്ൻ ആയിരുന്നു ഇത്തവണ വില്ലൻ. 2010 ൽ കളിക്കളത്തോട് വിടവാങ്ങിയ ശേഷം സൗദി അറേബ്യയിലെ അൽ നാസർ ക്ലബ്ബിൻറെയും കൊളംബിയയിലെ അത്ലറ്റികോ നാഷ്യനലിൻേറയും പരിശീലകനായെങ്കിലും ആ രംഗത്ത് കാര്യമായ മികവൊന്നും പ്രകടിപ്പിക്കാനായില്ല ഹിഗ്വിറ്റക്ക്. ഇടക്ക് ബിസിനസ്സിലും കൈവെച്ചു; പൊള്ളലേറ്റ് പിൻവലിക്കുകയും ചെയ്‌തു.

തിരിച്ചടികൾ നിരവധി. എന്നിട്ടും എല്ലാ പാകപ്പിഴകളോടെയും സ്വന്തം ജീവിതത്തെ മതിമറന്നു സ്നേഹിച്ചു ഹിഗ്വിറ്റ; ഒട്ടനവധി ട്വിസ്റ്റുകൾ നിറഞ്ഞ, സസ്പെൻസ് ത്രില്ലറിനെക്കാൾ സംഭവബഹുലമായ തന്റെ ജീവിതകഥ രേഖപ്പെടുത്താൻ സാക്ഷാൽ ഗബ്രിയേൽ ഗാർഷ്യ മാർക്വേസിനോളം യോഗ്യത മറ്റാർക്കുമില്ലെന്ന് വിശ്വസിച്ചു.

''സാഹിത്യവും ഞാനുമായി പുലബന്ധം പോലുമില്ല.''- ഹിഗ്വിറ്റയുടെ വാക്കുകൾ. ''മാർക്വേസിന്റെ കൃതികൾ വായിച്ചിട്ടുമില്ല. എങ്കിലും അദ്ദേഹത്തിന് മാത്രമേ എന്റെ ജീവിതം സൂക്ഷ്മമായി വരച്ചിടാനാകൂ എന്ന് വിശ്വസിക്കുന്നു ഞാൻ.'' -മാർക്വേസിന്റെ വേർപാടിന് ഒരു വർഷം മുൻപ് ഹിഗ്വിറ്റ പറഞ്ഞു.

കളിക്കളത്തിൽ നിന്നകന്ന ശേഷം വാർത്തകളിൽ നിന്നുതന്നെ മാഞ്ഞുപോയ ഈ അതിസാഹസിക കീപ്പറെ ലോകകപ്പ് കാലത്ത് വീണ്ടും ജേഴ്‌സിയും ഗ്ലൗസുമണിയിച്ചു വെള്ളിവെളിച്ചത്തിൽ കൊണ്ടുനിർത്തിയ 'സാഹിത്യ-സിനിമാ' വിവാദത്തിന് നന്ദി. അത്രയും ആസ്വദിച്ചതാണല്ലോ ഹിഗ്വിറ്റയെ ഞങ്ങളുടെ തലമുറ.

- രവിമേനോൻ

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്