HOCKEY

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി; മലേഷ്യയെ തുരത്തി ഇന്ത്യ തലപ്പത്ത്

കാര്‍ത്തിക് സെല്‍വന്‍, ഹാര്‍ദ്ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ജുഗ്‌രാജ് സിങ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്.

വെബ് ഡെസ്ക്

ചെന്നൈയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ശക്തരായ മലേഷ്യയെയാണ് ഇന്ത്യ തകര്‍ത്തു വിട്ടത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ദക്ഷിണകൊറിയയെയും മലേഷ്യയെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി.

കാര്‍ത്തിക് സെല്‍വന്‍, ഹാര്‍ദ്ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ജുഗ്‌രാജ് സിങ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യ രണ്ടു ക്വാര്‍ട്ടറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ഗോളിനു മുന്നിട്ടു നിന്ന ഇന്ത്യ മൂന്നും നാലും ക്വാര്‍ട്ടറുകളില്‍ രണ്ടു വീതം ഗോളുകള്‍ നേടിയാണ് പട്ടിക തികച്ചത്.

തുടരെ രണ്ടു മത്സരങ്ങള്‍ ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായാണ് മലേഷ്യ മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരേ അവര്‍ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ വന്നത്. നായകന്‍ ഹര്‍മന്‍പ്രീതിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ലീഡ് നേടിയ ശേഷവും ആക്രമിച്ചു കളിച്ച ഇന്ത്യക്ക് പക്ഷേ ഗോള്‍നില വര്‍ധിപ്പിക്കാന്‍ അല്‍പം കാത്തിരിക്കേണ്ടി വന്നു. ശക്തമായ പ്രതിരോധത്തിലൂടെ ഇന്ത്യയെ തളച്ച മലേഷ്യ രണ്ടാം ക്വാര്‍ട്ടറില്‍ ആതിഥേയര്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. ഒടുവില്‍ മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്ത്യ കെട്ടുപൊട്ടിച്ചു.

ഒരു പെനാല്‍റ്റി കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. ഹര്‍മന്‍പ്രീത് എടുത്ത ഷോട്ട് മലേഷ്യന്‍ താരങ്ങള്‍ സേവ് ചെയ്‌തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ഹാര്‍ദ്ദിക് സ്‌കോര്‍ ചെയ്യുകയായിരുന്നു. തൊട്ടു പിന്നാലെ ഹര്‍മന്‍പ്രീതും സ്‌കോറിങ് പട്ടികയില്‍ ഇടംനേടി. തകര്‍പ്പനൊരു ഡ്രാഗ് ഫ്‌ളിക്കിലൂടയായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഗോള്‍ നേട്ടം.

മൂന്നു ഗോള്‍ ലീഡില്‍ മൂന്നാം ക്വാര്‍ട്ടര്‍ അവസാനിപ്പിച്ച ഇന്ത്യ അവസാന ക്വാര്‍ട്ടറില്‍ രണ്ടു ഗോളുകള്‍ കൂടി വലയിലെത്തിച്ചു പട്ടിക തികച്ചു. ആദ്യം മന്‍ദീപ് സിങ്ങിന്റെ പാസില്‍ നിന്ന് ഗുര്‍ജന്തും പിന്നീട് പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ജുഗ്‌രാജുമാണ് ലക്ഷ്യം കണ്ടത്. ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായാണ് ഇന്ത്യ തലപ്പത്തെത്തിയത്. ആറു പോയിന്റുമായി മലേഷ്യ രണ്ടാമതും അഞ്ച് പോയിന്റുമായി ദക്ഷിണകൊറിയ മൂന്നാമതുമുണ്ട്. നാളെ കൊറിയയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം