HOCKEY

ഹോക്കി ലോകകപ്പ്: ക്വാർട്ടർ കാണാതെ ഇന്ത്യ പുറത്ത്‌

വെബ് ഡെസ്ക്

ആവേശം കൊടുമുടി കയറിയ മത്സരത്തിൽ പിന്നിൽ നിന്ന് തിരികെ വന്ന ന്യൂസിലന്‍ഡ് ജയവും ക്വാർട്ടർ സ്ഥാനവും പിടിച്ചെടുത്തു. നിർണായക ക്രോസ്സ്ഓവർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്ന് വീതം ഗോളുകൾ നേടി. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ന്യൂസിലന്‍ഡ് ജയം. ഷൂട്ടൗട്ടിലെ ആദ്യ അഞ്ച് കിക്കിലും വിജയിയെ നിർണയിക്കാനായില്ല. തുടർന്ന് അനുവദിച്ച അഞ്ച് കിക്കിൽ ഒന്നാമത്തെയും മൂന്നാമത്തെയും നാലാമത്തെയും കിക്കുകൾ നഷ്ടപ്പെടുത്തിയാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.

ആദ്യ ക്വാർട്ടർ അവസാനിക്കാൻ രണ്ട് മിനിറ്റുള്ളപ്പോൾ മത്സരത്തിന്റെ ആദ്യ പെനാൽറ്റി കോർണർ ഇന്ത്യയ്ക്കനുകൂലമായി ലഭിച്ചു

കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയത്. കഴിഞ്ഞ കളിയിലെ കേമനായ അർഷ്ദീപ് സിങിന് പകരം രാജ്കുമാർ പാല്‍ ഇടം പിടിച്ചു. ഇന്ത്യയുടെ മുന്നേറ്റമായിരുന്നു മത്സരത്തിന്റെ ആദ്യ ക്വാർട്ടറിലെ പ്രത്യേകത. മുൻ മത്സരത്തിലേതുപോലെ മുന്നേറ്റനിര ഗോൾ കണ്ടെത്താൻ വിഷമിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ ക്വാർട്ടർ അവസാനിക്കാൻ രണ്ട് മിനിറ്റുള്ളപ്പോൾ മത്സരത്തിന്റെ ആദ്യ പെനാൽറ്റി കോർണർ ഇന്ത്യയ്ക്കനുകൂലമായി ലഭിച്ചു. എന്നാൽ ന്യൂസിലന്‍ഡ് പ്രതിരോധ താരം ചൈൽഡ് അവരെ രക്ഷിച്ചു. ആദ്യ പതിനഞ്ച് മിനിട്ടിന്റെ ഇടവേളയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ച്‌ മൂന്നാം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡ് എടുത്തു. ന്യൂസിലന്‍ഡ് താരങ്ങളിൽ നിന്നും തട്ടിയെടുത്ത പന്തുമായി ആകാശ്‌ദീപ് പന്ത് അതിവേഗം എതിരാളികളുടെ പകുതിയിലേക്ക് കടന്നുകയറി. ആകാശ്‌ദീപിൽ നിന്നും പന്ത് ലഭിച്ച അഭിഷേക് ന്യൂസിലന്‍ഡ് താരങ്ങളെ കബിളിപ്പിച്ച് പന്ത് ലളിത് യാദവിന് കൈമാറി. മികച്ചൊരു ഷോട്ടിലൂടെ ലളിത് ഇന്ത്യയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി കിണഞ്ഞ്‌ ശ്രമിച്ചു. 41ാം മിനിറ്റിൽ ഇന്ത്യ വീണ്ടും ഗോൾ നേടി

ഗോൾ നേടിയതിന് പിന്നാലെ ആക്രമണം കടുപ്പിച്ച ഇന്ത്യൻ നിര വീണ്ടും വല കുലുക്കിയെങ്കിലും, ന്യൂസിലന്‍ഡിന്റെ അപ്പീലിൽ റഫറി ഗോൾ നിഷേധിച്ചു. കളിയുടെ 25ാം മിനിറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ ഗോൾ വന്നു. പെനാൽറ്റി കോർണറിൽ നിന്ന് നായകൻ ഹർമൻപ്രീത് സിങ്ങാണ് അവസരം തുറന്നെടുത്തത്. ഹർമൻപ്രീതിന്റെ കനത്ത ഷോട്ട് എതിർ കീപ്പർ തടുത്തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത സുഖ്ജീത് സിങ് പന്ത് വലയിലാക്കി. ആദ്യപകുതിയിൽ രണ്ട് ഗോൾ ലീഡുമായി പിരിയാമെന്ന ഇന്ത്യൻ കണക്ക് കൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ന്യൂസിലന്‍ഡ് ഗോൾ. പ്രതിരോധ താരം ചൈൽഡ് കയറ്റി കൊണ്ടുവന്ന പന്തിൽ സാം ലെയ്നാണ് അവർക്കായി ഗോൾ മടക്കിയത്.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി കിണഞ്ഞ്‌ ശ്രമിച്ചു. 41ാം മിനിറ്റിൽ ഇന്ത്യ വീണ്ടും ഗോൾ നേടി. ഇത്തവണ പെനാൽറ്റി കോർണറിൽ നിന്നും വരുൺ കുമാറാണ് ഇന്ത്യയ്ക്ക് മൂന്നാം ഗോൾ സമ്മാനിച്ചത്. വിട്ടുകൊടുക്കാൻ തയ്യാറല്ലാതെ പൊരുതിയ ന്യൂസിലന്‍ഡ് പെനാൽറ്റി കോർണറിലൂടെത്തന്നെ രണ്ടാം ഗോൾ കണ്ടെത്തി. റസ്സലായിരുന്നു ഗോൾ സ്‌കോറർ. സമനില ഗോളിനായി ഇന്ത്യൻ പകുതിയിലേക്ക് ഇരമ്പിക്കയറിയ ന്യൂസിലന്‍ഡിന്‌ 52ാം മിനുറ്റിൽ ആശ്വാസമെത്തി. പെനാൽറ്റി കോർണറിൽ നിന്നും ലഭിച്ച അവസരം സീൻ ഫിൻഡ്ലേ ഗോളാക്കി.

ഇന്ന് നടന്ന ആദ്യ ക്രോസ്സ്ഓവറിൽ സ്പെയിൻ മലേഷ്യയെ തോൽപ്പിച്ചു

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാതെ മത്സരം സ്വന്തമാക്കാൻ ഇന്ത്യൻ താരങ്ങൾ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്തുന്നതിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടു. അവസാന മിനിറ്റുകളിൽ ഒരാളുടെ മുൻതൂക്കവുമായി കളിച്ചിട്ടും ഇന്ത്യക്ക് ന്യൂസിലന്‍ഡ് ഗോൾ വല ഭേദിക്കാനായില്ല. ഒൻപത് മുതൽ 16 സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ജനുവരി 26ന് ജപ്പാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഓസ്‌ട്രേലിയയാണ് ക്വാർട്ടറിൽ ന്യൂസിലന്‍ഡിന്റെ എതിരാളി. ഇന്ന് നടന്ന ആദ്യ ക്രോസ്സ്ഓവറിൽ സ്പെയിൻ മലേഷ്യയെ തോൽപ്പിച്ചു. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾ നേടിയാണ് സ്പെയിൻ ക്വാർട്ടർ ഉറപ്പിച്ചത്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി