ഇന്ത്യന്‍ താരം ഷംസേര്‍ സിങ്ങിന്റെ ഷോട്ട് തടുക്കുന്ന ലിയോണ്‍ ഹേവാര്‍ഡ്. 
HOCKEY

ആഴ്ചയില്‍ 10 മണിക്കൂര്‍ മാത്രം കളത്തില്‍! ഇന്ത്യയുടെ ഹോക്കി ലോകകപ്പ് സ്വപ്‌നം തകര്‍ത്തത് ഈ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

ശ്യാം ശശീന്ദ്രന്‍

ഹോക്കി ലോകകപ്പിന്റെ ക്രോസ് ഓവര്‍ പോരാട്ടം. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുന്നു. മത്സരം നിശ്ചിത സമയത്ത് 3-3 എന്ന നിലയില്‍ അവസാനിച്ചതിനേത്തുടര്‍ന്ന് വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട്. നിര്‍ണായക ഷൂട്ടൗട്ടിന്റെ 20-ാം മിനിറ്റിലാണ് ഷംസേര്‍ സിങ്ങിന്റെ ഷോട്ടിനു നേര്‍ക്ക് ലിയോണ്‍ ഹേവാര്‍ഡിന്റെ ഡൈവിങ്. ആദ്യ ശ്രമം തട്ടിയകറ്റിയ ലിയോണ്‍ റീബൗണ്ട് വലയിലെത്തിക്കാനുള്ള ഷംസേറിന്റെ രണ്ടാം ശ്രമം തടയാന്‍ തന്റെ ശരീരം മുഴുനീളെ വായുവിലേക്ക് എറിയുകയായിരുന്നു. 15,000ത്തോളം ഇന്ത്യന്‍ ആരാധകര്‍ തിങ്ങിനിറഞ്ഞ കലിംഗ സ്‌റ്റേഡിയം ഒരു നിമിഷം സ്തബ്ധരായി. പിന്നെ പരിപൂര്‍ണ നിശബ്ദത.

ആ ഒരു നിമിഷത്തെ പിന്നീട് ലിയോണ്‍ വിശേഷിപ്പിച്ചത് തന്റെ ഹോക്കി കരിയറിലെ ഏറ്റവും അവിസ്മരണീയ മുഹൂര്‍ത്തമെന്നാണ്. ആ പറഞ്ഞതില്‍ ഒട്ടും അതിശയോക്തിയില്ല. കാരണം ഓസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്നു, അണ്ടര്‍ 21 ഓസ്‌ട്രേയിയന്‍ ടീമിലൂടെ കരിയര്‍ ആരംഭിച്ച്, ഓസ്‌ട്രേലിയന്‍ ദേശീയ ടീമിനായി കേവലം ഒരു വര്‍ഷം മാത്രം കളിച്ചു കരിയര്‍ അവസാനിപ്പിച്ച ശേഷം ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി നോക്കുന്ന, പാര്‍ട്ട്‌ടൈം ഹോബി പോലെ മാത്രം ഇപ്പോള്‍ ഹോക്കി കളിക്കുന്ന ഈ 32-കാരന്റെ കരിയറിലെ ഏറ്റവും വലിയ ജയമായിരുന്നു ഇന്നലെ ഇന്ത്യക്കെതിരായ ക്രോസ്ഓവര്‍ മത്സരത്തിലേത്.

ആഴ്ചയില്‍ 10-15 മണിക്കൂര്‍ മാത്രമാണ് ലിയോണ്‍ ഹോക്കി കളിക്കുന്നത്. ഒരു പ്രൊഫഷണല്‍ ഹോക്കി താരം ഗ്രൗണ്ടില്‍ ചിലവഴിക്കുന്ന സമയത്തിന്റെ പകുതി പോലും വരില്ല ഇത്. എന്നാല്‍ ഏതൊരു പ്രൊഫഷണല്‍ താരത്തെയും കവച്ചുവയ്ക്കുന്ന പ്രകടനമാണ് ലിയോണ്‍ ഇന്നലെ പുറത്തെടുത്തത്.

മത്സരം 3-3 എന്ന സ്‌കോര്‍ നിലയില്‍ സമനിലയില്‍ അവസാനിച്ചതിനു ശേഷം നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ എട്ടു ഷോട്ടുകളില്‍ അഞ്ചെണ്ണമാണ് ലിയോണ്‍ തടഞ്ഞിട്ടത്. അതും മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ശേഷം. ഡൊമിനിക് ഡിക്‌സനെ ഗോള്‍കീപ്പറായി ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരേ മത്സരത്തിനിറങ്ങിയത്. മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങുമെന്നു തോന്നിച്ചപ്പോഴാണ് ലിയോണില്‍ വിശ്വാസമര്‍പ്പിക്കാന്‍ കിവീസ് തയാറായത്.

ഓസ്‌ട്രേലിയയിലെ വടക്കന്‍ പ്രവിശ്യയായ ഡാര്‍വിനില്‍ ജനിച്ച ലിയോണ്‍ സ്‌കൂള്‍തലം മുതല്‍ ഹോക്കി ഗ്രൗണ്ടില്‍ ഇറങ്ങിയ താരമാണ്. 2009-ല്‍ മലേഷ്യയിലും സിംഗപ്പൂരിലുമായി നടന്ന ജൂനിയര്‍ ലോകകപ്പ് മത്സരത്തിലൂടെയാണ് ലിയോണ്‍ ശ്രദ്ധ നേടുന്നത്. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെ വെങ്കല മെഡല്‍ ജേതാക്കളാക്കുന്നതില്‍ ഗോള്‍ പോസ്റ്റില്‍ ലിയോണിന്റെ പ്രകടനം നിര്‍ണായകമായി.

തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഹോക്കി ലീഗില്‍ എന്‍.ടി. സ്റ്റിംഗേഴ്‌സുമായി കരാറിലെത്തിയ താരം 2012-ല്‍ പ്രൊഫഷണല്‍ താരമായി. 2014-ല്‍ സീസണിലെ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്കു ക്ഷണവും ലഭിച്ചു. എന്നാല്‍ ദേശീയ ടീമില്‍ അത്ര സുഖകരമായ കരിയറായിരുന്നില്ല ലിയോണിന്റെത്.

ലിയോണ്‍ ഹേവാര്‍ഡ് ഓസ്‌ട്രേലിയന്‍ ജഴ്‌സിയില്‍.

2014-ല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ലിയോണിന് കേവലം 13 മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതോടെ ഒരു വര്‍ഷം കൊണ്ടു മനംമടുത്ത ലിയോണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു അമ്മയുടെ ജന്മനാടായ ന്യൂസിലന്‍ഡിലേക്കു കുടിയേറി.

പൂര്‍ണമായും ഹോക്കി ഉപേക്ഷിച്ച ലിയോണ്‍ ന്യൂസിലന്‍ഡില്‍ കണക്കെഴുത്തുകാരനായും ഓഡിറ്ററായും ഹോക്കി പരിശീലകനായുമൊക്കെ പ്രവര്‍ത്തിച്ച ശേഷമാണ് ഓക്‌ലന്‍ഡിലെ ഫിന്‍സ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് എന്ന കമ്പനിയിലെ മുഴുവന്‍ സമയ ജോലിക്കാരനായി പ്രവേശിക്കുന്നത്. സ്ഥിര വരുമാനമുള്ള ജോലി ലഭിച്ച ശേഷം വെറും വിനോദമെന്ന നിലയില്‍ ഒഴിവുസമയങ്ങളില്‍ വീണ്ടും ഹോക്കി കളിച്ചു തുടങ്ങിയ ഹേവാര്‍ഡിന്റെ മിന്നല്‍ പ്രകടനങ്ങളാണ് അദ്ദേഹത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.

ഇതിനിടെ ഇളയ സഹോദരന്‍ ജെറമി ഹേവാര്‍ഡ് ഓസ്‌ട്രേയിയിലെ പേരുകേട്ട പ്രതിരോധ താരമായി മാറിയിരുന്നു. 2014 ഹോക്കി ലോകകപ്പ് ജയിച്ച ഔഓസ്‌ട്രേലിയന്‍ ടീമിന്റെ വിശ്വസ്ത താരമായ ജെറമിയുടെ സഹോദരനാണ് ലിയോണ്‍ എന്നറിഞ്ഞതോടെ താരത്തെ ടീമിലെത്തിക്കാന്‍ ന്യൂസിലന്‍ഡിലെ വിവിധ ക്ലബുകള്‍ ശ്രമം നടത്തിയെങ്കിലും പ്രൊഫഷണല്‍ ഹോക്കിയിലേക്കു മടങ്ങിവരാന്‍ താരം താല്‍പര്യം കാട്ടിയില്ല.

സഹോദരനും ഓസ്‌ട്രേലിയന്‍ താരവുമായ ജെറമിയ്‌ക്കെതിരേ ഷോട്ട് തടയാന്‍ ശ്രമിക്കുന്ന ലിയോണ്‍ ഹേവാര്‍ഡ്.

നാലു വര്‍ഷത്തോളം പ്രൊഫഷണല്‍ ഹോക്കിയില്‍ നിന്നു വിട്ടുനിന്ന ലിയോണ്‍ ഒടുവില്‍ ന്യൂസിലന്‍ഡ് ഹോക്കി ഫെഡറേഷന്റെ നിരന്തര അഭ്യര്‍ഥന മാനിച്ച് 2019-ല്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തി. പക്ഷേ തന്റെ തിരിച്ചുവരവിന് ലിയോണ്‍ ഒരു നിബന്ധന മുന്നോട്ടുവച്ചു.

ഒരു പ്രൊഫഷണല്‍ താരത്തെപ്പോലെ ജോലി ഉപേക്ഷിച്ചു പൂര്‍ണസമയം ഹോക്കിക്കായി ചിലവഴിക്കില്ല. ആള്ചയില്‍ 10-15 മണിക്കൂര്‍ മാത്രം പരിശീലനം. സ്ഥിരവരുമാനമുള്ള ജോലി കളഞ്ഞ്് ഒരുകാര്യത്തിനുമില്ല. ലിയോണിന്റെ ഈ നിബന്ധനകള്‍ എല്ലാം അംഗീകരിക്കപ്പെട്ടതോടെ 2019-ല്‍ തന്റെ 28-ാം വയസില്‍ അദ്ദേഹത്തിന്റെ രണ്ടാം അരങ്ങേറ്റം നടന്നു.

നാലു വര്‍ഷത്തിനിടെ 12 മത്സരങ്ങള്‍ മാത്രമാണ് ന്യൂസിലന്‍ഡിനായി കളിച്ചതെങ്കിലും മികച്ച ഗോള്‍കീപ്പര്‍ എന്ന പേര് ചുരുങ്ങിയ മത്സരങ്ങള്‍ കൊണ്ടുതന്നെ ലിയോണ്‍ നേടിയെടുത്തു. കൂടാതെ കിവീസിന്റെ പെനാല്‍റ്റി സ്‌പെഷലിസ്റ്റ് ഗോള്‍കീപ്പര്‍ എന്ന പേരും സമ്പാദിച്ചു.അങ്ങനെയാണ് ഇത്തവണത്ത ലോകകപ്പ് ഹോക്കിക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ ഇടംപിടിച്ചത്.

ഇന്ത്യയില്‍ കളിക്കാനെത്തുകയെന്നത് ലിയോണിന്റെ ഏറെ ആഹ്‌ളാദമുള്ള കാര്യവുമാണ്. കാരണം മറ്റൊന്നല്ല, ഇന്ത്യയുടെ വിശ്വസ്ത ഗോള്‍കീപ്പര്‍ മലയാളിയായ പി.ആര്‍. ശ്രീജേഷാണ് ലിയോണിന്റെ ആരാധനാപാത്രം. ഒടുവില്‍ ശ്രീജേഷിന്റെ ടീം ഇന്ത്യയെ തന്നെ തോല്‍പിച്ച് ന്യൂസിലന്‍ഡിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കാനും ലിയോണിനായി.

ലിയോണിന്റെ കുഞ്ഞ് അനുജന്‍ ജെറമിയും ഇന്ത്യയിലുണ്ട്. ക്വാര്‍ട്ടറില്‍ കടന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രതിരോധ നിരയില്‍ ജെറമിയുമുണ്ട്. ഈ ലോകകപ്പില്‍ ജെറമിയുടെ ടീമിനെതിരേ കളിക്കാന്‍ കാത്തിരിക്കുന്ന ലിയോണിന്റെ ഉള്ളില്‍ പണ്ട് നേരിട്ട അവഗണനയുടെ പക കെടാതെ കിടപ്പുണ്ട്.

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍