HOCKEY

ഒരു പരിശീലകമാറ്റം വരുത്തിയ വിന! ടോക്യോയില്‍ നിന്നു പാരീസിലേക്ക് എത്താതെ വനിതാ ഹോക്കി

ടോക്യോയില്‍ നിന്ന് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ഒളിമ്പിക്‌സിന് യോഗ്യത പോലും നേടാനാകാത്ത തരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കിയില്‍ എന്താണ് സംഭവിച്ചത്? എവിടെയാണ് പിഴവ് പറ്റിയത്? ആരാണ് ഉത്തരവാദികള്‍?

ശ്യാം ശശീന്ദ്രന്‍

2021... ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ച് ഇത് പുനര്‍ജനിയുടെ വര്‍ഷമായിരുന്നു. ക്രിക്കറ്റ് ജ്വരം ബാധിച്ച രാജ്യത്ത് ദേശീയ കായിക വിനോദമായി തുടരുന്ന ഹോക്കിയെ ദീര്‍ഘനാളത്തെ തളര്‍ച്ചയ്ക്കു ശേഷം വീണ്ടും എഴുന്നേല്‍പിച്ചുനിര്‍ത്തിയ വര്‍ഷം. 1980-കളുടെ പകുതിയോടെ ആരംഭിച്ച് 2008-ല്‍ എട്ടുപതിറ്റാണ്ടിനിടെ ആദ്യമായി ഒളിമ്പിക് യോഗ്യത പോലും നഷ്ടമായി പതനം പൂര്‍ത്തിയായ ഇന്ത്യന്‍ ഹോക്കി ജീവശ്വാസം തിരിച്ചുപിടിച്ച വര്‍ഷം. അന്ന് കോവിഡ് എന്ന മഹാമാരിയെത്തുടര്‍ന്ന് ഒരു വര്‍ഷം വൈകി നടന്ന ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡലണിഞ്ഞു. 1980 മോസ്‌കോ ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തിനു ശേഷം ആദ്യമായി. ഹര്‍മന്‍പ്രീത് സിങ് നയിച്ച ഇന്ത്യന്‍ പുരുഷ ടീം ടോക്യോയില്‍ വെങ്കലം നേടി.

എന്നാല്‍ അതിനേക്കാള്‍ തിളക്കവും മാറ്റും തികഞ്ഞ പ്രകടനം കണ്ടത് വനിതകളുടെ ഭാഗത്തുനിന്നായിരുന്നു. അവിശ്വസനീയ പ്രകടനവുമായി ഏവരെയും അമ്പരപ്പിച്ച ഇന്ത്യന്‍ വനിതകള്‍ സെമിഫൈനല്‍ വരെ കുതിച്ചുകയറി. അര്‍ഹിച്ച വെങ്കലമെഡല്‍ ദൗര്‍ഭാഗ്യവശാലാണ് ഇന്ത്യക്ക് നഷ്ടമായത്. ലൂസേഴ്‌സ് ഫൈനലില്‍ ബ്രിട്ടനോട് ഇന്ത്യ 4-3 എന്ന സ്‌കോറില്‍ പൊരുതി തോല്‍ക്കുകയായിരുന്നു.

മൂന്നര പതിറ്റാണ്ടിലേറെക്കോലം ഒളിമ്പിക് ഹോക്കിയിലേക്ക് യോഗ്യത പോലും നേടാന്‍ കഴിയാതിരുന്ന ഒരു ടീമിന്റെ ഭാഗത്തുനിന്നായിരുന്നു ഈ പ്രകടനം. 1980-ലെ ഒളിമ്പിക്‌സില്‍ മത്സരിച്ച ആറു ടീമുകളില്‍ നാലാം സ്ഥാനം നേടിയതായിരുന്നു അതുവരെ ഇന്ത്യന്‍ വനിതാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. അതിനു ശേഷം 2016 റിയോ ഒളിമ്പിക്‌സിലാണ് ഇന്ത്യക്ക് വീണ്ടും യോഗ്യത ലഭിക്കുന്നത്. എന്നാല്‍ അന്ന് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവിടെ നിന്നാണ് ടോക്യോയില്‍ ടീം ഇന്ത്യ അവിശ്വസനീയ പ്രകടനവുമായി തിരിച്ചുവരവ് നടത്തിയത്.

ടോക്യോയില്‍ നേരിയ വ്യത്യാസത്തില്‍ നഷ്ടമായ മെഡല്‍ പാരീസില്‍ കൈപ്പിടിയിലൊതുക്കാമെന്ന പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക്. അതിനു മേലാണ് ഇന്ന് ജപ്പാന്‍ അവസാന ആണിയടിച്ചത്. ടോക്യോയില്‍ നിന്ന് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ഒളിമ്പിക്‌സിന് യോഗ്യത പോലും നേടാനാകാത്ത തരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കിയില്‍ എന്താണ് സംഭവിച്ചത്? എവിടെയാണ് പിഴവ് പറ്റിയത്? ആരാണ് ഉത്തരവാദികള്‍? നിരവധി ചോദ്യങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഇതിനെല്ലാം മറുപടിയൊന്നേയുള്ളു... ''പിഴച്ചത് പരിശീലകനെ മാറ്റിയപ്പോള്‍'' എന്ന ഒരൊറ്റ ഉത്തരം മാത്രം.

ഷോര്‍ഡ് മാരിനെയുടെ മാജിക്

ടോക്യോ ഒളിമ്പിക്‌സ് ആരംഭിക്കുമ്പോള്‍ ലോകറാങ്കിങ്ങില്‍ എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ വനിതകള്‍. നേരിയ സാധ്യതപോലും ആരും കല്‍പിച്ചിരുന്നില്ല. എന്നാല്‍ ആ ടീമില്‍ വിശ്വാസമുള്ള ഒരാളുണ്ടായിരുന്നു. നെതര്‍ലന്‍ഡ്‌സ് മുന്‍ താരവും ടീം ഇന്ത്യയുടെ പരിശീലകനുമായിരുന്ന ഷോര്‍ഡ് മാരിനെ. 2017-ലാണ് മാരിനെ ഇന്ത്യന്‍ വനിതകളുടെ പരിശീലക ചുമതലയേല്‍പിക്കുന്നത്. ഒരൊറ്റ ആവശ്യമേ ഹോക്കി ഇന്ത്യ അദ്ദേഹത്തോട് ആവശ്യപ്പെട്ടുള്ളു, 'വനിതാ ടീമിനെ ടോക്യോ ഒളിമ്പിക്‌സിന് തയാറാക്കണം'.

സ്ഥാനമേറ്റതിനു പിന്നാലെ ടീമിനെ ഒന്നാമതെത്തിക്കുമെന്നൊന്നും അവകാശപ്പെടാന്‍ മാരിനെ തയ്യാറായില്ല. 'ഞാന്‍ ഇന്ത്യയെ പഠിക്കുന്നതേയുള്ളൂ, കാത്തിരിക്കൂ' എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ടീം സെലക്ഷനില്‍ അതുവരെ ഹോക്കി ഇന്ത്യയുടെ 'താല്‍പര്യ'ത്തിനായിരുന്നു മുന്‍ഗണന. ആ സമ്പ്രദായം മാറ്റുകയാണ് മാരിനെ ആദ്യം ചെയ്തത്. തന്റെ പദ്ധതികള്‍ക്ക് അനുസരിച്ചുള്ള ഒരു ടീമിനെ മാത്രമേ തനിക്കു പരിശീലിപ്പിക്കാനാകൂയെന്ന മാരിനെയുടെ ഉറച്ച നിലപാടിനു മുന്നില്‍ ഹോക്കി ഇന്ത്യക്ക് വഴങ്ങേണ്ടി വന്നു. മാരിനെ അങ്ങനെ ആദ്യ ജയം നേടി.

പിന്നീട് തന്റെ പദ്ധതികള്‍ക്ക് അനുസരിച്ച് ടീമിന് തന്ത്രമോതിയ മാരിനെയുടെ ആദ്യ പരീക്ഷണം വനിതാ ഹോക്കി ലീഗ് സെമിഫൈല്‍സിനുള്ള യോഗ്യതയായിരുന്നു. യോഗ്യത നേടാന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ച മാരിനെയ്ക്ക് പക്ഷേ സെമിഫൈനല്‍സില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല, ടീമിന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. ഇതിനു പിന്നാലെ മാരിനെയെ ഇന്ത്യന്‍ പുരുഷ ടീമന്റെ ചുമതലയിലേക്ക് മാറ്റി.

2018 കോമണ്‍വെല്‍ത്ത് ഗെയിംസ് വരെ പുരുഷ ടീമിനൊപ്പം തുടര്‍ന്ന അദ്ദേഹം പിന്നീട് 2018 ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായാണ് വനിതാ ടീമിലേക്ക് തിരിച്ചെത്തിയത്. ചാമ്പ്യന്‍സ് ട്രോഫി ജയം എന്നതിലുപരി 'മികച്ച വനിതാ ടീമിനെ വാര്‍ത്തെടുക്കുക' എന്നത് തന്റെ പ്രധാനലക്ഷ്യമായി കണ്ട മാരിനെയുടെ ശിക്ഷണത്തില്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളിയണിഞ്ഞു. പിന്നാലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ടീമിനെ വെള്ളിമെഡലിലേക്ക് നയിക്കാന്‍ മാരിനെയ്ക്കായി. 2019-ല്‍ ഇന്ത്യ ഒളിമ്പിക്‌സ് യോഗ്യത നേടി. യുഎസ്എയെ ഇരുപാദങ്ങളിലായി 6-5 എന്ന സ്‌കോറില്‍ തോല്‍പിച്ചായിരുന്നു നേട്ടം.

ടോക്യോ ഒളിമ്പിക്‌സിനിടെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമംഗങ്ങള്‍ക്കൊപ്പം കോച്ച് ഷോര്‍ഡ് മാരിനെ.

പിന്നീട് ഒളിമ്പിക്‌സ് മുന്‍നിര്‍ത്തിയുള്ള തയ്യാറെടുപ്പുകളായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരി പദ്ധതികള്‍ എല്ലാം തെറ്റിച്ചു. 2020-ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് ഒരുവര്‍ഷം നീട്ടിവച്ചു. ആ സമയത്താണ് ഷോര്‍ഡ് മാരിനെ എന്ന ഡച്ചുകാരന്റെ ആത്മാര്‍ഥത ഇന്ത്യന്‍ ഹോക്കി അനുഭവിച്ചറിഞ്ഞത്. ലോകത്തെ നിശ്ചലമാക്കിയ മഹാമാരി സമയത്ത് തന്റെ കുടംബത്തിനൊപ്പം എത്താനായിരുന്നു ആദ്യം അദ്ദേഹം തീരുമാനിച്ചത്. നെതര്‍ലന്‍ഡ്‌സിലേക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചതുമാണ്.

എന്നാല്‍ പരിശീലനക്യാമ്പില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ടീമിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. നാട്ടിലേക്ക് മടങ്ങിയാല്‍ കോവിഡ് കാരണം തനിക്ക് ഇന്ത്യയിലേക്കു തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിന്റെ പരിശീലനം എങ്ങനെയാകുമെന്ന ചിന്ത അപ്പോഴാണ് അദ്ദേഹത്തിന് ഉദിച്ചത്. അതോടെ ബെംഗളുരു വിമാനത്താവളത്തില്‍ നിന്നു നേരെ ടീം ക്യാമ്പിലേക്ക് മടങ്ങാന്‍ മാരിനെ തീരുമാനിച്ചു. കോവിഡ് ലോക്ഡൗണ്‍ കാലം മുഴുവന്‍ മാരിനെ ടീമിനൊപ്പം നിന്നു. കുടുംബത്തെപ്പോലും പരിഗണിക്കാതെ തങ്ങള്‍ക്കൊപ്പം നിന്ന കോച്ചിനു വേണ്ടി ടീം കൈയ്‌മെയ് മറന്ന് പൊരുതുന്നതാണ് പിന്നീട് കണ്ടത്.

ടോക്യോയിലെ ലൂസേഴ്‌സ് ഫൈനലായിരുന്നു ടീമിനൊപ്പം മാരിനെയുടെ അവസാന മത്സരം. ഒളിമ്പിക്‌സ് വരെയായിരുന്നു ഡച്ച് പരിശീലകന് ഹോക്കി ഇന്ത്യയുമായുള്ള കരാര്‍. എന്നാല്‍ കരാര്‍ നീട്ടാന്‍ അദ്ദേഹം തയാറായിരുന്നു. താന്‍ വളര്‍ത്തിയ ടീമിനെ വിട്ടുപോകാന്‍ ഒട്ടും ഇഷ്ടവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ വനിതാ ഹോക്കിയെ ഉണര്‍വിന്റെ പാതയില്‍ എത്തിച്ച പരിശീലകനെ തുടര്‍ന്നും നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. തങ്ങളുടെ 'താല്‍പര്യത്തിന്' ഒത്തുനില്‍ക്കാന്‍ തയ്യാറാകാത്തതാണ് മാരിനെയെ അവരുടെ കണ്ണിലെ കരടാക്കിയത്. അതുകൊണ്ടുതന്നെ ആ കരാര്‍ പുതുക്കപ്പെട്ടില്ല. അവിടെയാണ് പിഴവ് സംഭവിച്ചത്.

യാനെക് ഷൂപ്മാന്‍

പകരമെത്തിയ യാനെക് ഷൂപ്മാന്‍

ഷോര്‍ഡ് മാരിനെയുടെ നാട്ടുകാരിയും ഒളിമ്പിക്-ലോകകപ്പ് ജേതാവുമായ യാനെക് ഷൂപ്മാനാണ് പകരം സ്ഥാനമേറ്റത്. മാരിനെ അതുവരെ പിന്തുടര്‍ന്ന ശൈലിയില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു യാനെക്കിന്റേത്. കുറിയ പാസുകളിലൂടെ അതിവേഗം മുന്നേറുന്ന ശൈലിയിലാണ് മാരിനെ ടീമിനെ കളത്തിലിറക്കിയതെങ്കില്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കി മധ്യനിരയുടെ കരുത്തില്‍ കളിയില്‍ ആധിപത്യം പിടിച്ചെടുക്കുന്ന രീതിയായിരുന്നു യാനെക്കിന്റേത്. ടീം ഇന്ത്യക്ക് ഈ ശൈലീമാറ്റവുമായി വേഗം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നു വേണം മനസിലാക്കാന്‍.

ഇന്നലെ ജപ്പാനെതിരായ മത്സരം നോക്കിയാല്‍ ഇതുവ്യക്തമാകും. ഡിഫന്‍സീവ് മോഡില്‍ ഇറങ്ങിയ ഇന്ത്യ ജപ്പാന് ആക്രമിച്ചു കയറാനുള്ള അവസരമൊരുക്കുകയായിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ നായികയും ഗോള്‍കീപ്പറുമായ സവിത പൂനിയ പരീക്ഷിക്കപ്പെട്ടു. ആറു മിനിറ്റിനുള്ളില്‍ ജപ്പാന്‍ തങ്ങളുടെ രണ്ടാം പെനാല്‍റ്റി കോര്‍ണറും നേടിയെടുത്തു. അത് ജാപ്പനീസ് താരം കാനാ ഉരാട്ട ഗോളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

ഗോള്‍ വഴങ്ങിയാല്‍ തിരിച്ചടിക്കാന്‍ ആക്രമിച്ചു കയറുന്ന ടീമിനെയാണ് മാരിനെയുടെ കീഴില്‍ പലപ്പോഴും കണ്ടിട്ടുള്ളത്. എന്നാല്‍ യാനെക് ആ തന്ത്രമോതിയല്ല ടീമിനെ ഇറക്കിയതെന്നു പിന്നീട് വ്യക്തമായി. ഒരു സമനില ഗോള്‍ നേടിയെടുക്കാനുള്ള തന്ത്രമല്ല ഇന്ത്യ തുടര്‍ന്നും പയറ്റിയത്. സ്വന്തം കോട്ട കാത്തുസൂക്ഷിച്ചുകൊണ്ട് ജപ്പാന്റെ പിഴവിനു കാത്തിരിക്കുകയാണ് ചെയ്തത്. ഒടുവില്‍ അത് തിരിച്ചടിയാകുകയും ചെയ്തു.

ജൂഡ് മെനെസസ്‌

പരിശീലകമാറ്റം ജപ്പാന് കൊണ്ടുവന്ന ഭാഗ്യം

മത്സരത്തില്‍ 1-0 എന്ന സ്‌കോറിന് ജയിച്ച നിമിഷം ജപ്പാന്‍ പരിശീലകന്‍ ഇന്ത്യയുടെ ഡഗ്ഗൗട്ടിന് മുന്നില്‍ മുട്ടുകുത്തി കുരിശു വരച്ചു പ്രാര്‍ഥിക്കുകയായിരുന്നു. ഇന്ത്യയെ നന്നായി അറിയുന്നയാളാണ് അദ്ദേഹം, 2002 സിഡ്‌നി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ ഗോള്‍ വലകാത്ത ജൂഡ് മെനെസസായിരുന്നു അത്. 2021-ലാണ് മെനസസ് ജപ്പാന്‍ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത്. അതേവര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിനെ ജേതാക്കളാക്കിയ അദ്ദേഹം 2022-ല്‍ നടന്ന ഏഷ്യ കപ്പിലും ജപ്പാനെ കിരീടത്തിലേക്ക് വഴികാട്ടി. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഒളിമ്പിക് യോഗ്യത നേടിക്കൊടുത്തിരിക്കുന്നത്.

2004 ഒളിമ്പിക്‌സില്‍ എട്ടാം സ്ഥാനം നേടിയതാണ് ജപ്പാന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. പാരീസില്‍ ഒരു മെഡല്‍ എന്ന ലക്ഷ്യത്തോടയാണ് മെനസസിനെ ജപ്പാന്‍ ടീമിന്റെ ചുമതലയേല്‍പിച്ചത്. മികച്ചൊരു ടീമിനെ വാര്‍ത്തെടുത്ത് മെനസസ് തന്റെ ജോലി പാതി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ദൗത്യം പൂര്‍ത്തീകരിച്ചേ മടങ്ങുയെന്നാണ് അദ്ദേഹത്തിന്റെ ദൃഡനിശ്ചയം. കളിക്കാരനെന്ന നിലയില്‍ ഒളിമ്പിക് മെഡലോ, ലോകകപ്പോ നേടാനാകാത്ത തനിക്ക് പരിശീലകനെന്ന നിലയില്‍ ഒരു ഒളിമ്പിക് മെഡലാണ് ലക്ഷ്യം.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം