ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ലീഡ് 300 കടന്നു. 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 81-3 എന്ന നിലയിലാണ്. ശുഭ്‌മാൻ ഗില്‍ (33), ഋഷഭ് പന്ത് (12) എന്നിവരാണ് ക്രീസില്‍. നായകൻ രോഹിത് ശർമ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.
200 റണ്‍സിനപ്പുറം ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ആധിപത്യത്തോടെയുള്ള തുടക്കം സമ്മാനിക്കാൻ രോഹിതിനും ജയ്‌സ്വാളിനുമായില്ല. ആദ്യ ഇന്നിങ്സിലെ പരാജയം രോഹിത് രണ്ടാം ഇന്നിങ്സിലും ആവർത്തിച്ചു. കേവലം അഞ്ച് റണ്‍സ് മാത്രമായിരുന്നു ഇന്ത്യൻ നായകന്റെ സമ്പാദ്യം. നഹിദ് റാണ ജയ്‌സ്വാളിനെ (15) മടക്കിയതോടെ 28-2 എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങി.
എന്നാല്‍, വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ഗില്‍ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം നടത്തി. 39 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ പിറന്നത്. കോഹ്ലിയെ (17) വിക്കറ്റിന് മുന്നില്‍ കുടുക്കി മിഹദി മിറാസ് കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. 64 പന്തില്‍ നാല് ഫോറടക്കമാണ് ഗില്‍ 33 റണ്‍സ് നേടിയത്. 13 പന്തില്‍ 12 റണ്‍സെടുത്ത പന്ത് ഒന്നുവീതം ഫോറും സിക്‌സും നേടി.
നേരത്തെ, ഇന്ത്യ ഉയർത്തിയ 376 റണ്‍സ് പിന്തുടർന്ന ബംഗ്ലാദേശ് 149 റണ്‍സിന് പുറത്താവുകയായിരുന്നു. നാല് വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും രണ്ട് വീതം വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, അകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തത്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
ഒന്നാം ഇന്നിങ്സില്‍ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയുടേയും രവീന്ദ്ര ജഡേജയുടെ അർധസെഞ്ചുറിയുടേയും മികവിലാണ് ഇന്ത്യ 376 റണ്‍സ് നേടിയത്. 144-6 എന്ന നിലയില്‍ തകർച്ച നേരിട്ടതിന് ശേഷമായിരുന്നു അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഇന്ത്യയെ കരകയറ്റിയത്. 199 റണ്‍സായിരുന്നു ഏഴാം വിക്കറ്റില്‍ സഖ്യം നേടിയത്.
339-6 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമാണ് ചേർക്കാനായത്. 133 പന്തിലാണ് 11 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 113 റണ്‍സ് അശ്വിൻ നേടിയത്. 124 പന്തിലായിരുന്നു ജഡേജ 86 റണ്‍സ് എടുത്തത്. 10 ഫോറും രണ്ട് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെടുന്നു.