സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ പതാകയുമായി അചന്ത ശരത് കമലും, നിഖാത് സരീനും  
SPORT

മെഡല്‍പ്പട്ടികയില്‍ നാലാമത്, ചരിത്രത്തില്‍ അഞ്ചാമത്; ബിര്‍മിങ്ഹാം നല്‍കുന്ന പ്രതീക്ഷകള്‍

ഇരുപത്തിരണ്ട് സ്വർണവും പതിനേഴ് വെള്ളിയും ഇരുപത്തിമൂന്ന് വെങ്കലവും അടക്കം അറുപത്തിരണ്ട്‍ മെഡലുകൾ നേടി ഇന്ത്യ നാലാമതായാണ് മേള അവസാനിപ്പിച്ചത്

വെബ് ഡെസ്ക്

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ മികച്ച അഞ്ചാമത്തെ പ്രകടനവുമായി മെഡല്‍പ്പട്ടികയില്‍ നാലാമതെത്തി ഇന്ത്യ ബിര്‍മിങ്ഹാമിനോട് വിടചൊല്ലി. 2.7 കോടി ജനങ്ങളില്‍ നിന്ന് 178 മെഡല്‍ ജേതാക്കളെ കണ്ടെത്തിയ ഓസ്‌ട്രേലിയ 67 സ്വര്‍ണവും 57 വെള്ളിയും 54 വെങ്കലുമായി ഇക്കുറിയും പട്ടികയുടെ തലപ്പത്ത് തന്നെ ഇരിപ്പുറപ്പിച്ചപ്പോള്‍ 138 കോടിയുടെ പ്രതീക്ഷയുമായി എത്തി 22 സ്വര്‍ണവും 16വെള്ളിയും 23 വെങ്കലുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയത്.

176 മെഡലുകൾ നേടി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതെത്തിയപ്പോൾ കാനഡയ്ക്കാണ്‌ മൂന്നാംസ്ഥാനം. 92 മെഡലുകളാണ് അവർ നേടിയത്. മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ മികച്ച അഞ്ചാമത്തെ ഗെയിംസാണ് ബിര്‍മിങ്ഹാമിലേത്. 2010ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഗെയിംസിലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം വന്നത്. 101 മെഡലുകളാണ് ആ ഗെയിംസിൽ ഇന്ത്യ നേടിയത്. ഈ വർഷത്തെ ഗെയിംസിലേതടക്കം തുടർച്ചയായി ആറാം തവണയാണ് ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നത്.

പിവി സിന്ധു

സ്വർണ പ്രതീക്ഷയായ നീരജ് ചോപ്രയുടെ പിന്മാറ്റം വന്ന് ദിവസങ്ങൾക്കകമാണ് ഇന്ത്യ ഗെയിംസിന് ഇറങ്ങിയത്. ആദ്യ ദിനത്തിലെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങിൽ ദേശീയ പതാകയേന്തി ഇന്ത്യയെ നയിച്ച ബാഡ്മിന്റൺ താരം പിവി സിന്ധു തന്റെ ആദ്യ കോമണ്‍വെല്‍ത്ത് സ്വർണം സ്വന്തമാക്കി അവസാനദിനത്തിലും തിളങ്ങി നിന്നു. രാജ്യത്തിന്റെ ഇരുന്നൂറാം സ്വർണമെന്ന ചരിത്രനേട്ടത്തിന് സിന്ധുവിന്റെ ആദ്യ സ്വർണം കാരണമായി.

ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡലുകൾ സമ്മാനിച്ച മത്സര ഇനമായ ഷൂട്ടിംഗ് ഇത്തവണത്തെ ഗെയിംസിൽ ഇടം പിടിച്ചില്ല. പക്ഷെ ക്രിക്കറ്റിനെ ഒരു മത്സരയിനമായി ഉൾപ്പെടുത്തി എന്ന പ്രത്യേകത ഇത്തവണത്തെ ഗെയിംസിന് ഉണ്ടായി. ഫൈനലിൽ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയോട് അവസാന ഓവർ വരെ പൊരുതിയാണ് ഇന്ത്യൻ വനിതകൾ കീഴടങ്ങിയത്.

വനിതാ ലോണ്‍ ബോള്‍ ടീം

അപ്രതീക്ഷിതമായി വന്ന ഒരു പിടി മെഡലുകൾ ഇത്തവണ ഇന്ത്യയെ തുണച്ചു. ലോൺ ബോളില്‍ ഇന്ത്യൻ വനിതകൾ നേടിയ സ്വർണമായിരുന്നു അതിൽ ആദ്യത്തേത്. ലവ്‌ലി ചൗബേ, രൂപാ റാണി ടിര്‍കി, പിങ്കി, നയന്‍മോണി സൈകിയ എന്നിവരടങ്ങിയ ടീമാണ് ചരിത്രം കുറിച്ചത്. ലോൺ ബോളില്‍ പുരുഷ ടീം നേടിയ വെള്ളി ആകെ മൊത്തം രണ്ട് മെഡലുകൾ ആ ഇനത്തിൽ നിന്ന് ലഭിച്ചു. ജൂഡോയിൽ നിന്നു മൂന്നു മെഡലുകളും ഇന്ത്യയുടെ അക്കൗണ്ടിലെത്തി.

എൽദോസ് പോൾ

അഭിമാനത്തോടെ കേരളവും

പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം എൽദോസ് പോൾ നേടിയ സ്വർണം ഇന്ത്യയുടെയും കേരളത്തിന്റെയും 92 വർഷത്തെ ഗെയിംസ് ചരിത്രമാണ് തിരുത്തിയത്. ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഒരു മലയാളി വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്നത്. അബ്ദുള്ള അബൂബക്കർ രണ്ടാം സ്ഥാനം നേടിയതോടെ ഈ ഇനത്തിൽ ഇന്ത്യക്ക് രണ്ട് മെഡലുകൾ സ്വന്തമായി. ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനം നേടി മറ്റൊരു മലയാളിയായ എം ശ്രീങ്കറും ആദ്യമായി അന്താരാഷ്ട്ര തലത്തിൽ തന്റെ പേരെഴുതി. ഒരു സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം അത്ലറ്റിക്സിൽ എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. പ്രിയങ്ക ഗോസ്വാമിയും, അവിനാഷ് സാബിളും, തേജസ്വിന്‍ ശങ്കറും നേടിയ മെഡലുകളുടെ മൂല്യത്തെ വാക്കുകളിൽ അളക്കാനാകില്ല.

സൗരവ് ഘോഷാൽ

സ്‌ക്വാഷിൽ ആദ്യമായി ഇന്ത്യയ്ക്ക് ഒരു വ്യക്തിഗത മെഡൽ വന്നതും ഇത്തവണത്തെ ഗെയിംസിലായിരുന്നു. സൗരവ് ഘോഷാൽ നേടിയ വെങ്കലം പൊന്നിന്റേതിന് സമം ആയിരുന്നു. സൗരവും ദീപികയും ഉൾപ്പെട്ട ടീം മിക്സ്ഡ് വിഭാഗത്തിൽ ഒരു വെങ്കലം കൂടെ നേടി സ്‌ക്വാഷിൽ നിന്ന് രണ്ട് മെഡലുകൾ ഇന്ത്യക്ക് സംഭാവന ചെയ്തു.

ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ഹോക്കിയില്‍ ലഭിച്ച ഓരോ വെള്ളിയും വെങ്കലവും വിലപ്പെട്ടത് തന്നെയെങ്കിലും പുരുഷ ടീമിന്റെ ഫൈനലിലെ ദയനീയ തോൽവി അവസാന ദിനത്തിലെ ഇന്ത്യൻ സന്തോഷത്തിന്റെ മാറ്റുകുറച്ചു. അതെ സമയം നിർഭാഗ്യം കൊണ്ടു ഫൈനലിൽ എത്താന്‍ സാധിക്കാതെപോയ വനിതാ സംഘം വെങ്കലപോരാട്ടത്തിൽ വിജയിച്ച്‌ പകരം വീട്ടി.

ഭാരോദ്വഹനരാണ് മേളയിൽ ഇന്ത്യയുടെ മെഡൽ വേട്ടക്ക് തുടക്കമിട്ടത്. പുരുഷന്മാരുടെ 55 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ സങ്കേത് സര്‍ഗാറാണ് ആദ്യ മെഡൽ നേടിയത്. മീരാഭായ് ചാനു, ജെറമി ലാല്‍റിന്നുംഗ, അചിന്ത ഷൂലി എന്നിവരുടെ സ്വർണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമടക്കം പത്ത്‌ മെഡലുകളാണ് ഭാരോദ്വഹകർ നേടിയത്. പാര പവര്‍ ലിഫ്റ്റിങില്‍ സുധീര്‍ നേടിയ സ്വർണവും ഇന്ത്യയുടെ അക്കൗണ്ടിൽ എത്തി.

ഗോദ ഉണർന്നതോടെയാണ് ഇന്ത്യയുടെ മെഡൽ പട്ടികയ്ക്കും ജീവൻ വച്ചത്. ഗുസ്തിയിൽ നിന്ന് മാത്രം ആറ്‌ സ്വർണവും ഒരു വെള്ളിയും അഞ്ച് വെങ്കലവും നേടി പന്ത്രണ്ട് മെഡലുകൾ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ഈ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡലുകൾ ഇന്ത്യ നേടിയ മത്സരയിനം കൂടെ ആണ് ഗുസ്തി. ടേബിൾ ടെന്നീസിലും ബോക്സിങ്ങിലും ഏഴ് വീതം മെഡലുകളാണ് ഇന്ത്യ നേടിയത്. വ്യക്തിഗത സ്വർണം നേടിയ ശരത് കമാല്‍, ടേബിൾ ടെന്നീസ് ടീം നേടിയ നാല് മെഡലുകളിൽ പങ്കാളിയായി.

സൈക്ലിംഗ്, ട്രയാത്ത്‌ലണ്‌, നീന്തൽ, ജിംനാസ്റ്റിക്‌സ്‌ എന്നീ ഇനങ്ങളിൽ ഒരു മെഡൽ പോലും നേടാൻ ഇന്ത്യക്ക് ഈ ഗെയിംസിൽ സാധിച്ചില്ല. ഇരുപതോളം താരങ്ങളാണ് ഇന്ത്യക്കായി ഈ ഇനങ്ങളില്‍ മത്സരിക്കാനിറങ്ങിയത്‌. മെഡൽ നേടാനായില്ലെങ്കിലും ഭാവിയിലേക്കുള്ള ശുഭ പ്രതീക്ഷയും നല്ല ഓർമകളുമായാണ് ഇവര്‍ ഗെയിംസ് അവസാനിപ്പിക്കുന്നത്. നീരജ് ചോപ്ര കൊണ്ട് വന്ന ഒളിമ്പിക് സ്വർണം പരത്തുന്ന ആവേശം എത്ര മാത്രം ഇന്ത്യൻ താരങ്ങൾക്ക് ആത്മവിശ്വാസം പകർന്നു എന്നത് ഈ മേളയിലും പ്രതിഫലിച്ചു. വരുംകാല ലോക കായിക മാമാങ്കങ്ങളിൽ ഇന്ത്യൻ പതാക കൂടുതൽ ഇനങ്ങളിൽ പാറിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ സംഘം ബിര്‍മിങ്ഹാമിൽ നിന്ന് വിട പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ