വിശ്വ കായികമേളയായ ഒളിമ്പിക്‌സിനു വേദിയാകാന്‍ ഇന്ത്യന്‍ തയാറെടുക്കുന്നു. 2036-ലെ ഒളിമ്പിക് ഗെയിംസിനുള്ള വേദിയാകാന്‍ ഇന്ത്യ ബിഡ് സമര്‍പ്പിക്കുമെന്നു കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് (ഐഒസി) ബിഡ് സമര്‍പ്പിക്കുന്നതിനായുള്ള കരടു രേഖ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ മുംബൈയില്‍ നടക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) യോഗത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒളിമ്പിക്‌സ് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ഐഒഎയുടെ ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ബിഡ് അനുവദിച്ചു കിട്ടിയാല്‍ അഹമ്മദാബാദായിരിക്കും മുഖ്യവേദിയാകുകയെന്നും കൂട്ടിച്ചേര്‍ത്തു.
1982-ലെ ഏഷ്യന്‍ ഗെയിംസിനും 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനും ഭംഗിയായി ആതിഥ്യമരുളിയ ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഒളിമ്പിക്‌സ് തന്നെയാണെന്നും മന്ത്രി പറഞ്ഞു.
''ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ തയാറാണ്. സ്‌പോര്‍ട്‌സിന്റെ ഉന്നമനത്തിനായി ഇത്രയധികം ശ്രമങ്ങള്‍ നടത്തുന്ന സാഹര്യത്തില്‍ ഒളിമ്പിക്‌സ് ഭംഗിയായി നടത്താന്‍ നമ്മളെക്കൊണ്ടു സാധ്യമല്ലെന്നു പറയേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഒളിമ്പിക്‌സിനു വേദിയാകുമെന്നു മാത്രമല്ല അത് ലോകോത്തര നിലവാരത്തില്‍ തന്നെ സംഘടിപ്പിക്കുമെന്നും ഞാന്‍ ഉറപ്പുപറയുന്നു. നിര്‍മാണ മേഖല മുതല്‍ എല്ലാ തലത്തിലും മികവുകൊണ്ട് ഇന്ത്യ വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ എന്തുകൊണ്ടു സ്‌പോര്‍ട്‌സ് മാത്രം അതില്‍ നിന്നു മാറിനില്‍ക്കണം. 2036-ലെ ഒളിമ്പിക്‌സിനു വേദിയാകാന്‍ ഇന്ത്യ ഗൗരവമായി തന്നെ ശ്രമങ്ങള്‍ നടത്തും''- മന്ത്രി പറഞ്ഞു.
ഒളിമ്പിക്‌സിന് ആതിഥ്യം വഹിക്കാന്‍ ഇന്ത്യ സജ്ജമാണോയെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ മറുപടി നല്‍കി. ''അധ്യക്ഷസ്ഥാനമേറ്റെടുത്ത് ജി 20 ഉച്ചകോടി ഇത്ര മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ ഇന്ത്യക്ക് ഒളിമ്പിക്‌സിനും ആതിഥ്യം വഹിക്കാന്‍ കഴിയും. 2032 ഗെയിംസിനുള്ള വേദിയുടെ കാര്യത്തില്‍ ഏറെക്കുറേ തീരുമാനമായിക്കഴിഞ്ഞു. അതിനാല്‍ 2036-ലെ ഗെയിംസിനായാണ് ഇന്ത്യ ഉന്നമിടുന്നത്. സര്‍വസജ്ജമായി തന്നെയാകും ഇന്ത്യ അതിനായി ബിഡ് സമര്‍പ്പിക്കുക''- മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിഡ് സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ഐഒഎയുമായി കൂടിയാലോചിച്ചു പൂര്‍ത്തിയാക്കുമെന്നു സൂചിപ്പിച്ച മന്ത്രി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്ന ഏതു നിര്‍ദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.
അഹമ്മദാബാദിനെ മുഖ്യവേദിയായി നേരത്തെ തന്നെ നിശ്ചയിച്ച കാര്യത്തിലും മന്ത്രിക്ക് കൃത്യമായ മറുപടിയുണ്ട്. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഒരുപടി മുകളിലാണ് ഗുജറാത്തെന്നു പറഞ്ഞ അനുരാഗ് താക്കൂര്‍ ഒളിമ്പിക് വേദിയാകാന്‍ ഗുജറാത്ത് പലകുറി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഗുജറാത്ത് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ മുഖ്യ അജണ്ടകളിലൊന്നാണതെന്നും അതിനാല്‍ത്തന്നെ അവര്‍ മികച്ച രീതിയില്‍ സംഘാടനം നടത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.