ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പോകാനിരുന്ന വുഷു ടീമിനെ തിരികെ വിളിച്ച് ഇന്ത്യ. അരുണാചൽപ്രദേശിൽ നിന്നുള്ള മൂന്ന് അത്‌ലറ്റുകൾക്ക് ചൈനീസ് അധികൃതർ സ്റ്റേപ്പിൾഡ് വിസ നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നിരണായക തീരുമാനം. ഉണ്ടായിരിക്കുന്നത്. ഗെയിംസിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പുറപ്പെടാൻ എത്തിയ താരങ്ങളോട് വിമാനത്തിൽ കയറരുതെന്ന് സർക്കാർ അവസാന നിമിഷമാണ് ആവശ്യപ്പെട്ടത്.
വിഷയത്തിൽ ചൈനയുടെ നിലപാടിനോട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കായികമേളയിൽ രാജ്യത്തെ പ്രതിനിധീകരിക്കാനിരുന്ന ചില ഇന്ത്യൻ പൗരന്മാർക്ക് സ്റ്റേപ്പിൾഡ് വിസ അനുവദിച്ചതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈനയുടെ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ, ഇന്ത്യയുടെ പ്രതിഷേധം രേഖരപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുമാത്രമല്ല, ഇത്തരം നടപടികളോട് ഉചിതമായി പ്രതികരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും ബാഗ്ചി പറഞ്ഞു.
ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ നടക്കാനിരിക്കുന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ പങ്കെടുക്കേണ്ടിയിരുന്ന അരുണാചൽ പ്രദേശിൽ നിന്നുള്ള നൈമാൻ വാങ്‌സു, ഒനിലു തേഗ, മെപുങ് ലാംഗു എന്നീ മൂന്ന് അത്‌ലറ്റുകൾക്ക് ചൈനീസ് അധികൃതർ സ്റ്റേപ്പിൾഡ് വിസ നൽകിയതിനെ തുടർന്നാണ് പ്രശ്‌നം ഉടലെടുത്തത്. ഇന്ത്യ - ചൈന ബന്ധത്തിൽ സ്റ്റേപ്പിൾഡ് വിസ അനുവദിക്കുന്നത് തർക്കവിഷയമായി നിലനിൽക്കുകയാണ്. കാലങ്ങളായി അരുണാചൽ പ്രദേശിൽ പ്രാദേശിക അവകാശവാദം ഉന്നയിച്ചു വരികയാണ് ചൈന. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനത്തെ നിവാസികൾക്ക് സ്റ്റാമ്പ് ചെയ്ത വിസകൾക്ക് പകരം സ്റ്റേപ്പിൾഡ് വിസകളാണ് ചൈന നൽകി വന്നിരുന്നതും. അത്തരത്തിലുളള നയം നിലനിർത്തി പോരുന്നതിനിടയിലാണ് വീണ്ടും ചൈന അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് അത്‌ലറ്റുകൾക്ക് സ്റ്റേപ്പിൾഡ് വിസ നൽകിയിരിക്കുന്നത്.
ഭൂരിഭാഗം അത്‌ലറ്റുകളും ഇന്നലെ രാത്രി പോകാനായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം, വിസ വൈകുന്നതിനാൽ മൂന്ന് അരുണാചൽ താരങ്ങൾ ഇന്ന് രാത്രി പുറപ്പെടാനിരിക്കയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും വിലക്ക് വന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ 1.05നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, സെക്യൂരിറ്റി ക്ലിയറൻസ് പാസായിട്ടും താരങ്ങളോട് വീട്ടിലേക്ക് മടങ്ങാനായിരുന്നു സർക്കാർ നിർദേശം. ഇതേത്തുടർന്ന്, അത്‌ലറ്റുകൾക്ക് രാവിലെ 6 മണിക്ക് തന്നെ മടങ്ങേണ്ടിവന്നു. അതേസമയം, ഗെയിംസിൽ ടീമിന്റെ പങ്കാളിത്തം സംബന്ധിച്ച് സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.