SPORT

ബിര്‍മിങ്ഹാമില്‍ ഇന്ത്യയെ നാലാമതെത്തിച്ചത് ഈ നാലു വേദികള്‍

നാലു വ്യത്യസ്ത കായികയിനങ്ങളില്‍ നടത്തിയ മെഡല്‍ കൊയ്ത്തും നേടിയ ഒന്നാം സ്ഥാനങ്ങളുമാണ് 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവും നേടി മെഡല്‍പ്പട്ടികയില്‍ ആദ്യ നാലില്‍ എത്താന്‍ ഇന്ത്യയെ തുണച്ചത്.

വെബ് ഡെസ്ക്

ഒരു കോമണ്‍വെല്‍ത്ത് ഗെയിംസിനുകൂടി തിരശീല വീണു. പ്രതീക്ഷിച്ചതു പോലെ മെഡല്‍പ്പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളില്‍ ഒന്നില്‍ ഇടംപിടിച്ചാണ് ഇന്ത്യ ബിര്‍മിങ്ഹാമില്‍ നിന്നു മടങ്ങുന്നത്. ഗെയിംസിന്റെ അവസാന ദിനമായ ഇന്നലെ നാലു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടിയാണ് ന്യൂസിലന്‍ഡിനെ പിന്തള്ളി ഇന്ത്യ നാലാമതെത്തിയത്.

22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതിനു പുറമേ നാലു വ്യത്യസ്ത കായികയിനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കു കഴിഞ്ഞു. ഭാരോദ്വഹനം, ടേബിള്‍ ടെന്നീസ്/പാരാ ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍, ഗുസ്തി എന്നീ നാല് ഇനങ്ങളില്‍ നടത്തിയ മെഡല്‍ക്കൊയ്ത്താണ് ഇന്ത്യയെ ആദ്യ നാലില്‍ എത്തിച്ചത്.

ഗുസ്തി വേദിയിലായിരുന്നു ഇന്ത്യയുടെ ആധിപത്യം ഏറ്റവും കൂടുതല്‍ കണ്ടത്. ആറു സ്വര്‍ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 12 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഗോദയില്‍ നിന്നു വാരിയെടുത്തത്. ഇന്ത്യയ്ക്കു കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കാനഡയും 12 മെഡലുകള്‍ ഈയിനത്തില്‍ സ്വന്തമാക്കിയെങ്കിലും സ്വര്‍ണത്തിന്റെ എണ്ണത്തില്‍ ഇന്ത്യയെക്കാള്‍ പിന്നിലായി രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു.

ബജ്‌രംഗ് പൂനിയ, വിനേഷ് ഫോഗാട്ട്, രവികുമാര്‍ ദാഹിയ, നവീന്‍, സാക്ഷി മാലിക്ക്, ദീപക് പൂനിയ എന്നിവരാണ് ഇന്ത്യയുടെ സ്വര്‍ണവേട്ടക്കാര്‍. അന്‍ഷു മാലിക് വെള്ളി നേടിയപ്പോള്‍ ദിവ്യ കാഖ്‌റണ്‍, മോഹിത് ഗ്രേവാള്‍, പൂജ ഗെഹ്‌ലോട്ട്, പൂജ സിഹാഗ്, ദീപക് നെഹ്‌റ എന്നിവര്‍ വെങ്കലം നേടി.

ടേബിള്‍ ടെന്നീസ്/പാരാ ടേബിള്‍ ടെന്നീസ് വേദിയിലാണ് ഇന്ത്യയുടെ മറ്റൊരു തകര്‍പ്പന്‍ പ്രകടനം കണ്ടത്. അവസാന ദിനം അചാന്ത ശരത് കമാല്‍ നേടിയ സിംഗിള്‍സ് സ്വര്‍ണം ഈയിനത്തില്‍ സിംഗപ്പൂരിനെ പിന്തള്ളി ഒന്നാമതെത്താന്‍ ഇന്ത്യയെ സഹായിച്ചു. നാലു സ്വര്‍ണമടക്കം ഏഴു മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഈ വേദിയില്‍ കരസ്ഥമാക്കിയത്. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമായി സിംഗപ്പൂര്‍ രണ്ടാം സ്ഥാനത്തെത്തി.

ശരത് കമാലിനു പുറമേ വനിതാ സിംഗിള്‍സില്‍ ഭാവിന പട്ടേലും ശരത് കമാല്‍-ശ്രീജ അകുല മിക്‌സഡ് ഡബിള്‍സ് ടീമും, ശരത് കമാല്‍ ഉള്‍പ്പെട്ട പുരുഷന്മാരുടെ ടീമുമാണ് സ്വര്‍ണം നേടിയത്. ഇന്ത്യ നേടിയ നാലു സ്വര്‍ണത്തില്‍ മൂന്നിലും ശരത്തിന് പങ്കുണ്ടെന്നതും ശ്രദ്ധേയമായി. പുരുഷ ഡബിള്‍സില്‍ ശരത് കമാല്‍-ജി സത്യന്‍ ടീം വെള്ളി നേടിയപ്പോള്‍ വനിതാ സിംഗിള്‍സില്‍ സൊനാല്‍ബെല്‍ പട്ടേല്‍, പുരുഷ സിംഗിള്‍സില്‍ ജി സത്യന്‍ എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.

ഭാരോദ്വഹനത്തിലൂടെയാണ് ഇന്ത്യ ബിര്‍മിങ്ഹാമില്‍ മെഡല്‍വേട്ട ആരംഭിച്ചതു തന്നെ. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണവും മീരാഭായി ചാനുവിലൂടെ ഈ വേദിയില്‍ നിന്നായിരുന്നു. മികച്ച തുടക്കം അവസാനം വരെ നിലനിര്‍ത്താനും ഇന്ത്യന്‍ താരങ്ങള്‍ക്കായി. പാരാ പവര്‍ലിഫ്റ്റിങ്ങില്‍ സുധീറിലൂടെയും ഇന്ത്യ ഒരു സ്വര്‍ണം കരസ്ഥമാക്കി. മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമടക്കം 10 മെഡലുകളാണ് ഇതില്‍ ഇന്ത്യയുടെ സമ്പാദ്യം. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം അഞ്ചു മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യക്കു പിന്നില്‍ രണ്ടാമതെത്തിയത്.

ചാനുവിനു പുറമേ ജെറമി ലാല്‍റിന്നുംഗ, അചിന്ത ഷൂലി എന്നിവരാണ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയത്. വികാസ് താക്കൂര്‍, ബിന്ധ്യാ റാണി ദേവി, സങ്കേത് സര്‍ഗാര്‍, എന്നിവര്‍ വെള്ളിയണിഞ്ഞപ്പോള്‍ ഗുരുരാജ പൂജാരി, ഹര്‍ജീന്ദര്‍ കൗര്‍, ലൗപ്രീത് സിങ്, ഗുര്‍ദീപ് സിങ് എന്നിവര്‍ വെങ്കലം നേടി.

ബാഡ്മിന്റണ്‍ താരങ്ങളുടെ മിന്നും പ്രകടനം കണ്ടത് ബിര്‍മിങ്ഹാമിലെ അവസാന ദിനത്തിലായിരുന്നു. ഗെയിംസില്‍ ആകെ മൂന്നു സ്വര്‍ണവം ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം ആറു മെഡലുകളാണ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ഇന്ത്യ നേടിയത്. കോമണ്‍വെല്‍ത്ത് ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും മാത്രമുള്ള മലേഷ്യയാണ് ഇന്ത്യക്ക് ഏറെ പിന്നില്‍ രണ്ടാമതെത്തിയത്.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ പി.വി. സിന്ധുവാണ് അവസാനദിനത്തെ കൊട്ടിക്കലാശത്തിനു തുടക്കം കുറിച്ചത്. വനിതാ സിംഗിള്‍സില്‍ സിന്ധു അണിഞ്ഞ സ്വര്‍ണം കോമണ്‍വെല്‍ത്ത് ചരിത്രത്തില്‍ ഇന്ത്യയുടെ 200-ാം സ്വര്‍ണമെഡല്‍ കൂടിയായിരുന്നു. പിന്നീട് പുരുഷന്മാരുടെ സിംഗിള്‍സില്‍ ലക്ഷ്യാ സെന്നും പുരുഷന്മാരുടെ ഡബിള്‍സില്‍ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യവും സ്വര്‍ണമണിഞ്ഞു.

മിക്‌സഡ് ടീമിനത്തില്‍ പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്, സാത്വിക് സായ്‌രാജ്, ലക്ഷ്യ സെന്‍, ചിരാഗ് ഷെട്ടി, മലയാളി താരം ട്രീസാ ജോളി, ആകര്‍ഷി കശ്യപ്, അശ്വിനി പൊന്നപ്പ, ഗായത്രി ഗോപീചന്ദ് എന്നിവരടങ്ങിയ ടീം വെള്ളി നേടിയപ്പോള്‍ പുരുഷന്മാരുടെ സിംഗിള്‍സില്‍ ശ്രീകാന്തും വനിതാ ഡബിള്‍സില്‍ ഗായത്രി-ട്രീസാ സഖ്യവും വെങ്കലം നേടി.

ഈ നാലിനങ്ങള്‍ക്കു പുറമേ ബോക്‌സിങ് റിങ്ങിലും ഇന്ത്യ തകര്‍പ്പന്‍ ഫോമിലായിരുന്നു. മൂന്നു സ്വര്‍ണമടക്കം ഏഴു മെഡലുകള്‍ നേടിയ ഇന്ത്യ ഈയിനത്തില്‍ ഉത്തര അയര്‍ലന്‍ഡിനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. അഞ്ചു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലവുമടക്കം ഏഴു മെഡലുകളുമായി അയര്‍ലന്‍ഡ് ഒന്നാമതെത്തി. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമടക്കം ഇന്ത്യയും ഏഴു മെഡലുകള്‍ നേടിയെങ്കിലും സ്വര്‍ണത്തിന്റെ എണ്ണക്കുറവ് ഇന്ത്യയെ രണ്ടാം സ്ഥാനത്തു പിടിച്ചുനിര്‍ത്തി.

വനിതാ താരങ്ങളായ നിഖാത് സരീന്‍, നിഥു ഘന്‍ഘാസ്, അമിത് പംഗല്‍ എന്നിവരാണ് റിങ്ങില്‍ സ്വര്‍ണം ഇടിച്ചിട്ടത്. പുരുഷ താരം സാഗര്‍ അഹലാവത് വെള്ളി നേടിയപ്പോള്‍ ശ്ശസ്മിന്‍ ലംബോരിയ, മുഹമ്മദ് ഹുസാമുദ്ദീന്‍, രോഹിത് ടോകാസ് എന്നിവരാണ് വെങ്കലം നേടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ