ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് നിര്‍ണായക പോരാട്ടത്തിനിറങ്ങും. ലഖ്‌നൗവില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 21 റണ്‍സിന് തോറ്റിരുന്നു.
പരമ്പര സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ടീമിന് ഇന്നത്തെ ജയം നിര്‍ണായകമാണ്. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരം ഇന്ത്യന്‍ ബൗളിങ്ങിലെ പിഴവുകളെ എടുത്തു കാണിക്കുന്നതായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഇന്ത്യന്‍ ബൗളര്‍മാരുടെ പിഴവില്‍ അടിച്ചെടുത്തത് 176 റണ്‍സാണ്. . ഉമ്രാന്‍ മാലിക് ഒരു ഓവറില്‍ 16 റണ്‍സ് വഴങ്ങിയപ്പോള്‍, അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ് ചോര്‍ത്തിയത് 27 റണ്‍സ് ആണ്. ഇത് റണ്‍ ചേസിങ്ങില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കി.
പരമ്പര സാധ്യത ഉറപ്പിക്കാന്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത് ആദ്യ മത്സരത്തിലെ വാഷിങ്ടണ്‍ സുന്ദറിന്റെ മിന്നുന്ന പ്രകടനമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ തിളങ്ങി. ആറാം വിക്കറ്റില്‍ ഇറങ്ങി ഇന്ത്യയ്ക്കായി 28 പന്തില്‍ അദ്ദേഹം അര്‍ദ്ധസെഞ്ചുറി തികച്ചു. ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ഗില്ലിന്റെ ഫോമില്ലായ്മ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇഷാന്‍ കിഷാനും കിവീസിനെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. സൂര്യകുമാര്‍ യാദവിനും ബാറ്റിങ് മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ബൗളിങ്ങിലെ അര്‍ഷ്ദീപിന്റെ ഫോമില്ലായ്മ ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.
ആദ്യ മത്സരത്തില്‍ പാളിപ്പോയ ഇന്ത്യ ലൈനപ്പില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചേക്കും. പൃഥ്വി ഷാ ആദ്യ ഇലവനില്‍ ഇടംപിടിക്കുമോ എന്നതാണ് ഒരു സംശയം. മറ്റൊരു സാധ്യത വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മയ്ക്കാണ്. റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ ജയിച്ച കിവീസ് തങ്ങളുടെ ലൈനപ്പില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. ലഖ്‌നൗ സ്റ്റേഡിയം ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചാണ്. മധ്യ ഓവറുകള്‍ സ്പിന്നര്‍മാര്‍ക്കും അനുകൂലമാണ്.