ഇടിക്കൂട്ടിൽ നിന്ന് ഇരട്ട സ്വര്‍ണം നേടി ഇന്ത്യൻ താരങ്ങൾ. ഇന്ന് നടന്ന ഫൈനലിൽ വനിതകളുടെ 45 - 48 വിഭാഗത്തിൽ നിതു ഗംഗാസും പുരുഷന്മാരുടെ 48 - 51 വിഭാഗത്തിൽ അമിത് പംഗലുമാണ് സ്വർണം നേടിയത്.
ഇംഗ്ലണ്ട് താരത്തിനെ തോൽപ്പിച്ചാണ് ഇരുവരും സ്വർണം നേടിയത്. നിതു എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്ക് ജെയ്ഡ് റസ്ത്താനെ തോൽപ്പിച്ചപ്പോൾ അമിത് പംഗൽ ഇതേ സ്കോറിന് കൈരന്‍ മക്‌ഡൊണാള്‍ഡിനെ പരാജയപ്പെടുത്തി.
യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ 2017ലും 2018ലും സ്വർണം നേടിയ നിതു ഗംഗാസിന്റെ ആദ്യ മേജർ ടൂർണമെന്റ് ആയിരുന്നു ഇത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ താരമായിരുന്നു അമിത് പംഗൽ. ബോക്സിങ്ങിൽ ഇന്ന് നടക്കാനിരിക്കുന്ന മറ്റ് ഫൈനലുകളിൽ നിഖത് സരീനും, സാഗറും ഇന്ത്യക്കായി ഇന്നിറങ്ങും.
വനിതകളുടെ ജാവലിന്‍ ത്രോയിലായിരുന്നു ഇന്ന് ഇന്ത്യയുടെ മറ്റൊരു മെഡല്‍. ഉറച്ച പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ അന്നു റാണി 60 മീറ്റര്‍ എറിഞ്ഞാണ് വെങ്കലം നേടിയത്. 64.43 മീറ്റര്‍ കണ്ടെത്തിയ ഓസ്‌ട്രേലിയയുടെ കെല്‍സി ബാര്‍ബര്‍ സ്വര്‍ണവും 64.27 മീറ്റര്‍ കണ്ടെത്തി ഓസ്‌ട്രേലിയയുടെ തന്നെ മക്കന്‍സി ലിറ്റില്‍ വെള്ളിയും സ്വന്തമാക്കി.