SPORT

ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോൺസൺ അന്തരിച്ചു

വെബ് ഡെസ്ക്

ഇന്ത്യൻ മുൻ പേസ് ബോളർ ഡേവിഡ് ജോൺസൺ മരിച്ചു. 52-ാം വയസുകാരനായിരുന്ന ഡേവിഡ് ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽനിന്നു വീണ് മരിക്കുകയായിരുന്നുവെന്നാണ് വിവരം. നാലാംനിലയിലെ ബാൽക്കണിയിൽനിന്ന് വീണ ഡേവിഡ് ജോൺസനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഒരു വർഷമായി ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയായിരുന്ന ഡേവിഡ് ജോൺസൺ ആശുപത്രിവാസവുമായി കഴിയുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് ഡിസ്ചാർജ് ചെയ്തതെന്നാണ് വിവരം. കുറച്ചുകാലമായി ഡേവിഡ് ജോൺസന് സാമ്പത്തികപ്രയാസങ്ങളുണ്ടായിരുന്നുവെന്നും കുടുംബം സുഹൃത്തുക്കളിൽനിന്ന് സാമ്പത്തികസഹായം തേടിയിരുന്നതായും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.

39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 125 വിക്കറ്റുകളാണ് ഡേവിഡ് ജോൺസൺ കരിയർ നേട്ടം. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകത്തിനുവേണ്ടി മികച്ച പ്രകടനം നടത്തി. ആഭ്യന്തര മത്സരങ്ങളിലെ ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർമാരിൽ ഒരാളായിരുന്നു.

തൊണ്ണൂറുകളുടെ അവസാനം ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് ആധിപത്യം നൽകിയ ജവഗൽ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ് എന്നിവരടങ്ങിയ പേസ് നിരയുടെ ഭാഗമായിരുന്നു. 1995-96 രഞ്ജി ട്രോഫി സീസണിൽ കേരളത്തിനെതിരെ 152 റൺസിന് 10 വിക്കറ്റ് എന്ന മികച്ച ബൗളിങ് പ്രകടനവും കാഴ്ചവെച്ചു.

1996-ൽ ഫിറോസ് ഷാ കോട്‌ലയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം. തുടർന്ന് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ഡർബനിൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഇതായിരുന്നു അവസാന രാജ്യാന്തര മത്സരവും.

2001-02 സീസൺ വരെ കർണാടയ്ക്കുവേണ്ടി ആഭ്യന്തര മത്സരങ്ങൾ കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്നു വിരമിച്ചശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന അദ്ദേഹം 2015 സീസണിൽ കർണാടക പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങൾ കളിച്ചു.

ഡേവിഡ് ജോൺസനെ സാമ്പത്തികമായി സഹായിക്കുന്നതിനായി സുഹൃദ്‌വലയത്തിൽപ്പെട്ടവർ ഒരു മത്സരം സംഘടിപ്പിക്കുകയും ഇതുവഴി ലഭിച്ച പണം ഉപയോഗിച്ച് അദ്ദേഹം താമസിച്ചിരുന്ന വീട് സ്വന്തമാക്കുകയും ചെയ്തു.

ഡേവിഡ് ജോൺസൻ്റെ നിര്യാണത്തിൽ സഹതാരമായിരുന്ന അനിൽ കുംബ്ലെ അനുശോചിച്ചു. “എൻ്റെ സഹപ്രവർത്തകൻ ഡേവിഡ് ജോൺസൻ്റെ വിയോഗവാർത്തയിൽ ദുഃഖമുണ്ട്. അദ്ദേഹത്തിൻ്റെ കുടുംബത്തിന് അനുശോചനം. 'ബെന്നി' പെട്ടെന്ന് പോയി!" കുംബ്ലെ എക്‌സിൽ കുറിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?