SPORT

സ്റ്റാറെക്ക് കീഴില്‍ ആദ്യ ഐഎസ്‍എല്‍ മത്സരം; പഞ്ചാബിന്റെ ഗോള്‍വല നിറയ്ക്കുമോ ബ്ലാസ്റ്റേഴ്‌സ്?

മിക്കേല്‍ സ്റ്റാറെ മഞ്ഞപ്പടയ്ക്കായി എങ്ങനെ കളിമെനയുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ

വെബ് ഡെസ്ക്

ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. കൊച്ചി ജവഹർലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. ഇവാൻ വുകുമനോവിച്ചിന്റെ കീഴില്‍ മികച്ച മൂന്ന് സീസണുകള്‍ക്ക് ശേഷം പുതിയ പരിശീലകന്റെ നേതൃത്വത്തിലുള്ള ആദ്യ ഐഎസ്എല്‍ പോരാട്ടത്തിനാണ് കൊച്ചി സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. മിക്കേല്‍ സ്റ്റാറെ മഞ്ഞപ്പടയ്ക്കായി എങ്ങനെ കളിമെനയുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത തന്ത്രശാലിയാണ് സ്റ്റാറെ. അത് ഡ്യൂറൻഡ് കപ്പില്‍ തെളിഞ്ഞതുമാണ്. കേവലം മൂന്ന് മത്സരങ്ങളില്‍ 16 ഗോളുകളായിരുന്നു മഞ്ഞപ്പട അടിച്ചുകൂട്ടിയത്. വഴങ്ങിയതാകട്ടെ കേവലം ഒന്നുമാത്രം. ടീമിലെ മികച്ച താരങ്ങളെ അണിനിരത്തിയിട്ടും സെമി ഫൈനലില്‍ എത്താനായില്ല എന്നത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായിരുന്നു.

പുതിയ പരിശീലകന് കീഴില്‍ കിരീടവരള്‍ച്ച അവസാനിപ്പിക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ടീമിനെ അടിമുടി ഉടച്ചുവാർത്താണ് പന്തുതട്ടാനിറങ്ങുന്നത്. പേപ്പറില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിര മറ്റുടീമുകളേക്കാള്‍ മുൻപന്തിയിലാണെന്ന് പറയാം. നോഹ സദൗയിയേയും ജീസസ് ജിമെനസിനേയും കൂടാരത്തിലെത്തിച്ചു, ഒപ്പം ക്വാമെ പെപ്രയും അഡ്രിയാൻ ലൂണയും ചേരുമ്പോള്‍ ഗോളുകള്‍ നിറയുമെന്ന് ഉറപ്പിക്കാം.

പ്രതിരോധനിരയും കൂടുതല്‍ ശക്തിപ്പെടുത്തിയാണ് സ്റ്റാറെ ടീമൊരുക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രതിരോധ താരം അലക്സാൻഡ്രെ കോഫ് ടീമിലേക്ക് എത്തി. മിലോസ് ഡ്രിൻസിച്ച് കരാർ നീട്ടുകയും ചെയ്തു. നിരവധി പുതിയ താരങ്ങള്‍ എത്തിയങ്കിലും പടിയിറങ്ങിയവരുടെ വിടവ് നികത്തുക എത്ര എളുപ്പമായിരിക്കില്ല. പ്രത്യേകിച്ചും ദിമിത്രിയോസ് ഡയമന്റക്കോസ് പോലുള്ള താരങ്ങളുടെ അഭാവം.

പുതിയ പരിശീലകന്റെ കീഴില്‍ തന്നെയാണ് പഞ്ചാബ് എഫ്‌സിയും ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 3-1 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്‌സിനെ തകർത്തതിന്റെ ആത്മവിശ്വാസം പഞ്ചാബിനുണ്ടാകും. നിരവധി വിദേശതാരങ്ങളെ എത്തിച്ചാണ് പഞ്ചാബ് ടീം ശക്തിപ്പെടുത്തിയിരിക്കുന്നത്. ഇവാൻ നൊവൊസെലെച്ച്, മുഷാഗ ബകേങ്ക, എസക്വല്‍ വിദാല്‍, അസ്മിർ സുല്‍ജിക്, ഫിലിപ് മിഴ്‌സ്‌ലാക്ക് എന്നിവരാണ് ടീമിലെ പുതിയ വിദേശമുഖങ്ങള്‍.

ഇന്ത്യൻ താരം വിനീത് റായ്‌യുടെ വരവാണ് പഞ്ചാബിന്റെ കരുത്ത് വർധിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം