'ഇവിടെ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാം, പക്ഷേ പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കാനാകില്ല,' ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്‌ട്രേലിയ-പാകിസ്താന്‍ മത്സരത്തിനിടയില്‍ ഒരു പാക് ആരാധകന് ബെംഗളൂരു പോലീസ് നല്‍കിയ ശാസനമാണിത്. പാകിസ്താനിയായ ഞാന്‍ പാകിസ്താന്‍ സിന്ദാബാദ് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടതെന്നായിരുന്നു ആരാധകന്റെ മറുപടി.
മറ്റൊരു രാജ്യത്തെ ആരാധകരും നേരിടാത്ത പ്രതിസന്ധിയാണ് ഇന്ത്യയിലെത്തിയ പാകിസ്താന്‍ ആരാധകരുടെ മുന്നിലുള്ളത്. സ്വന്തം രാജ്യത്തിന് ഒരു അന്താരാഷ്ട്ര വേദിയില്‍ പിന്തുണയര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കുന്നില്ല എന്നത് കായിക മേഖലയിലേക്കുള്ള വിദ്വേഷത്തിന്റെയും വംശിയതയുടേയും കടന്നുകയറ്റം എത്രത്തോളമാണെന്നത് വരച്ചുകാണിക്കുന്നു. സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് എന്നത് വംശീയതയ്ക്കും അതിദേശീയവാദത്തിനും വഴിമാറിയിരിക്കുന്നു.
ഇത് ആദ്യമായല്ല ലോകകപ്പില്‍ പാകിസ്താന്റെ മത്സരത്തിനിടയിലെ, വര്‍ഗീയ വാദികളായ, ചില സൊ കോള്‍ഡ് രാജ്യസ്‌നേഹികളുടെ ഇടപെടല്‍. ഇന്ത്യ-പാക് മത്സരത്തിനിടെ ഗ്യാലറിയില്‍ നിന്ന് 'ജയ് ശ്രീറാം' വിളികള്‍ മുഴങ്ങിയതായിരുന്നു മറ്റൊരു സംഭവം. പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാന്‍ പുറത്തായി, പവലിയനിലേക്ക് മടങ്ങവെ 'ജയ് ശ്രീറാം, ജയ് ശ്രീറാം' എന്ന് ആക്രോശിച്ചായിരുന്നു ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്.
പാകിസ്താന്റേയും ഇന്ത്യയുടേയും താരങ്ങള്‍ കളത്തിന് പുറത്ത് പുലര്‍ത്തുന്ന സൗഹൃദത്തെക്കുറിച്ച് വിദ്വേഷം മാത്രം തിരയുന്ന ഇത്തരം തലച്ചോറുകള്‍ക്ക് അറിയാന്‍ വഴിയില്ല
ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ മാത്രമല്ല കാരണം, സമീപകാലത്ത് അന്യമത വിദ്വേഷം ഉണ്ടാക്കിയെടുക്കുന്ന ചിന്തകള്‍ക്ക് ഇന്ത്യയില്‍ ഉണ്ടായ ആധിപത്യം കൂടിയാണ്. വാക്കുകൊണ്ട് രാഷ്ട്രീയത്തെ കളത്തിന് പുറത്ത് നിര്‍ത്തുമെങ്കിലും നിജസ്ഥിതി അതല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെടുന്നതായിരുന്നു പാകിസ്താന്‍- ഓസ്‌ട്രേലിയ മത്സരത്തിനിടയിലെ സംഭവം.
ആഗോളതലത്തില്‍തന്നെ നാണേക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങളെ ന്യായീകരിക്കാനും ഇവിടെ ആളുണ്ട്. 'റിസ്വാന് മൈതാനത്ത് വച്ച് നമാസ് ചെയ്യാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ജയ് ശ്രീറാം എന്ന് വിളിച്ചുകൂട'എന്നാണ് ഇക്കൂട്ടരുടെ ചോദ്യം. കളിക്കളത്തില്‍ പ്രാര്‍ഥിക്കുന്നത് ഇതാദ്യമായൊന്നുമല്ല, ഏതൊക്കെയോ വിഭാഗത്തില്‍പ്പെട്ട എത്രയൊക്കെയോ കളിക്കാര്‍ സ്ഥിരം ചെയ്യുന്നതാണിത്. എന്നാല്‍ ആക്രോശത്തെ പ്രാര്‍ഥനയുമായി സമീകരിക്കാന്‍ പറ്റില്ല.
പാകിസ്താന്റേയും ഇന്ത്യയുടേയും താരങ്ങള്‍ കളത്തിന് പുറത്ത് പുലര്‍ത്തുന്ന സൗഹൃദത്തെക്കുറിച്ച് വിദ്വേഷം മാത്രം തിരയുന്ന ഇത്തരം തലച്ചോറുകള്‍ക്ക് അറിയാന്‍ വഴിയില്ല.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി വിലയിരുത്തപ്പെടുന്ന വിരാട് കോഹ്ലി മോശം ഫോമില്‍ തുടര്‍ന്നപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ തുറന്ന പിന്തുണ അര്‍പ്പിച്ചത് പാക് നായകന്‍ ബാബര്‍ അസമായിരുന്നു. താങ്കളുടെ തിരിച്ചുവരവിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നാണ് പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രിദി കോഹ്ലിയോട് നേരിട്ട് പറഞ്ഞത്. ഏറ്റവും ഒടുവിലായി ജസ്പ്രിത് ബുംറയ്ക്ക് കുഞ്ഞുണ്ടായപ്പോള്‍ സമ്മാനപ്പൊതിയുമായി എത്തിയതും ഷഹീന്‍തന്നെ.
എന്നാല്‍ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഇത്തരം സംഭവങ്ങള്‍. പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ച നാള്‍ മുതല്‍തന്നെ ഫുട്‌ബോള്‍ മൈതാനങ്ങളിലും വിദ്വേഷത്തിന്റെ പന്തുകള്‍ ഉരുണ്ടു തുടങ്ങിയിരുന്നു. രാജ്യങ്ങളും അതിര്‍ത്തികളും കടന്ന് താരങ്ങളുടെ കരിയറുകളേയും ബാധിച്ചിരിക്കുകയാണ് പലസ്തീന്‍ - ഇസ്രയേല്‍ ഏറ്റുമുട്ടല്‍.
യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ബയേണ്‍ മ്യൂണിക്കിന്റെ മൊറോക്കന്‍ പ്രതിരോധ താരം നുസൈര്‍ മസ്‌റൂവി പലസ്തീന് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് നുസൈര്‍ കൊടുക്കേണ്ടി വന്ന വില കളത്തിന് പുറത്തിരിക്കുക എന്നതായിരുന്നു. കാരണം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന മാനേജ്‌മെന്റിന് താരത്തിന്റെ ചെയ്തി അത്ര പിടിച്ചില്ല എന്നതുതന്നെ. നുസൈറിലൂടെയുണ്ടായ വിമര്‍ശനങ്ങളുടെ ക്ഷീണം തീര്‍ക്കാന്‍ ഇസ്രയേലിന് പ്രസ്താവനയിലൂടെ ബയേണ്‍ പിന്തുണയും പ്രഖ്യാപിക്കേണ്ടി വന്നു
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിസന്ധിയിലായ ആദ്യത്തെ താരമല്ല നുസൈര്‍. ജര്‍മന്‍ ക്ലബ്ബായ ഷാല്‍ക്കെയുടെ താരം യൂസഫ് കബഡായ്, മെയിന്‍സിന്റെ നെതര്‍ലന്‍ഡ്‌സ് താരം അന്‍വര്‍ അല്‍ ഗാസി, ഫ്രഞ്ച് ക്ലബ്ബായ നീസിന്റെ അള്‍ജീരിയന്‍ താരം യൂസഫ് അതല്‍ എന്നിങ്ങനെ നീളുന്നു പട്ടിക. അല്‍ ഗാസിക്കും അതലിനും സസ്‌പെന്‍ഷന്‍ നല്‍കാന്‍ വരെ ക്ലബ്ബ് അധികൃതര്‍ തയാറായി എന്നത് താരങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഏര്‍പ്പെടുന്നതിലെ സങ്കീര്‍ണതകള്‍ തുറന്നുകാണിച്ചെന്നുതന്നെ പറയാം
ആഗോളതലത്തില്‍ ഉണ്ടാകുന്ന യുദ്ധങ്ങളാകട്ടെ, പ്രകൃതി ദുരന്തങ്ങളാകട്ടെ കായിക വേദിയില്‍ നിന്ന് എന്നും ഇരകള്‍ക്കായി ശബ്ദം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ പുതിയ സാഹചര്യത്തില്‍ കളം നിറയുന്നത് വിദ്വേഷത്തിന്റെ സ്വരങ്ങളാണ്
മൊറോക്കന്‍ താരം ഹക്കിം സിയേച്ച്, മുന്‍ ഫ്രാന്‍സ് താരവും ബാലന്‍ ദി ഓര്‍ ജേതാവുമായ കരിം ബെന്‍സിമ, ഈജിപ്ഷ്യന്‍ താരം മുഹമ്മദ് എല്‍നെനി എന്നിവരെല്ലാം പലസ്തീന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രമുഖ താരങ്ങളില്‍ ഉള്‍പ്പെടുന്നു.
പക്ഷേ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച ബയേണ്‍ താരം ഡാനിയല്‍ പെരേറ്റ്‌സിന്റെ പേരില്‍ ഒരു വിവാദവുമുണ്ടായില്ല, ക്ലബ്ബ് അധികൃതര്‍ നടപടിയും എടുത്തില്ല. ഇത് ഫുട്‌ബോള്‍ ലോകത്ത് തുടരുന്ന ഇരട്ടനീതിയേയും വംശീയ മുന്‍വിധികളെയും വെളിച്ചെത്തെത്തിച്ചു.
ആഗോളതലത്തില്‍ ഉണ്ടാകുന്ന യുദ്ധങ്ങളാകട്ടെ, പ്രകൃതി ദുരന്തങ്ങളാകട്ടെ കായിക വേദിയില്‍ നിന്ന് എന്നും ഇരകള്‍ക്കായി ശബ്ദം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ പുതിയ സാഹചര്യത്തില്‍ കളം നിറയുന്നത് വിദ്വേഷത്തിന്റെ സ്വരങ്ങളാണ്. മാത്രമല്ല, ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും നടക്കുന്നു. ഗ്യാലറികളില്‍ വിദ്വേഷം നിറയുമ്പോഴും താരങ്ങള്‍ വ്യക്തിഹത്യയ്ക്ക് ഇരയാക്കപ്പെടുമ്പോഴും അവിടെ നഷ്ടമാകുന്നത് സാര്‍വദേശീയ മാനവികതയുടെ കൊടിയടയാളമാകേണ്ട സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ്, കളിയുടെ സൗന്ദര്യം തന്നെയാണ്.