ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി ഭാരോദ്വഹനര്‍ മെഡല്‍വേട്ട തുടരുന്നു. സങ്കേത് സര്‍ഗാറിനും ഗുരുരാജ പൂജാരിക്കും മീരാഭായ് ചാനുവിനും ബിന്ധ്യാറാണി ദേവിക്കും പിന്നാലെ ജെറമി ലാല്‍റിന്നുംഗയാണ് മെഡല്‍പ്പട്ടികയില്‍ ഇടംപിടിച്ചത്.
ഇന്നു നടന്ന പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ 300 കിലോഗ്രാം ഭാരമുയര്‍ത്തി ഗെയിംസ് റെക്കോഡോടെയാണ് ജെറമി പൊന്നണിഞ്ഞത്. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമാണ് ജെറമി ഉയര്‍ത്തിയത്.
സ്‌നാച്ചില്‍ ഉയര്‍ത്തിയ ഭാരവും കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോഡാണ്. തുടര്‍ന്ന് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 165 കിലോയെന്ന റെക്കോഡ് ഭാരം ഉയര്‍ത്താന്‍ ശ്രമിച്ച ജെറമിയെ പക്ഷേ നിര്‍ഭാഗ്യം പരുക്കിന്റെ രൂപത്തില്‍ പിടികൂടി.
ജെറമിക്കു പിന്നില്‍ 293 കിലോ ഉയര്‍ത്തിയ സമോവയുടെ വയ്പാവ അയോനാണ് വെള്ളി നേടിയത്. സ്‌നാച്ചില്‍ 127 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ഗെയിംസ് റെക്കോഡോടെ 166 കിലോയും ഉയര്‍ത്തിയാണ് അയോന്‍ രണ്ടാമതെത്തിയത്. 290 കിലോ ഉയര്‍ത്തിയ നൈജീരിയന്‍ താരം എഡിഡിയോങ് ഉമോഫിയയ്ക്കാണു വെങ്കലം.
ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത് സ്വര്‍ണമാണ് ജെറമി ഇന്നു സ്വന്തമാക്കിയത്. നേരത്തെ ഭാരോദ്വഹനത്തില്‍ സൂപ്പര്‍ താരം മീരാഭായ് ചാനു സ്വര്‍ണമണിഞ്ഞിരുന്നു. ഉറച്ച മെഡല്‍ പ്രതീക്ഷയുമായാണ് ജെറമി ഇന്നു മത്സരിക്കാനിറങ്ങിയത്. മിസോറമില്‍ നിന്നുള്ള ഈ 19-കാരന്‍ യൂത്ത് ഒളിമ്പിക്‌സ് ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. 2018-ല്‍ ബ്യൂണേഴ്‌സ് ഐറിസിലായിരുന്നു യൂത്ത് തലത്തിലെ മിന്നും പ്രകടനം. പിന്നീട് കഴിഞ്ഞ വര്‍ഷം താഷ്‌കന്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലും ജെറമി സ്വര്‍ണം നേടിയിരുന്നു.