SPORT

സാക്ഷിക്കും വിനേഷിനും ബജ്‌റംഗിനുമെതിരെ ജൂനിയർ താരങ്ങളുടെ പടയൊരുക്കം; പ്രതിഷേധവുമായി ജന്തർ മന്ദിറില്‍

ഉത്തർ പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നോറോളം ജൂനിയർ താരങ്ങളാണ് ജന്തർ മന്ദിറിലെത്തിയത്

വെബ് ഡെസ്ക്

ഡല്‍ഹിയിലെ ജന്തർ മന്ദിറില്‍ പ്രതിഷേധവുമായി ജൂനിയർ ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ സമരം നയിച്ച ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്ക്, വിനേഷ് ഫോഘട്ട് എന്നീ മുതിർന്ന താരങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ഉത്തർ പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നോറോളം ജൂനിയർ താരങ്ങളാണ് ജന്തർ മന്ദിറിലെത്തിയത്. ഛപ്രൗലിയിലെ ആര്യ സമാജ് അഖാര, നരേലയിലെ വിരേന്ദർ റെസ്‍ലിങ് അക്കാദമി എന്നിവിടങ്ങളിലെ താരങ്ങളാണ് പ്രതിഷേധത്തിനെത്തിയവരില്‍ കൂടുതലും.

യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്ങിന്റെ (യുഡബ്ല്യുഡബ്ല്യു) ഇടപെടലും ജൂനിയർ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് താരങ്ങളില്‍ നിന്ന് ഗുസ്തിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് താരങ്ങള്‍ ഉയർത്തിയത്. ബ്രിജ് ഭൂഷണെതിരായ സമരത്തില്‍ സാക്ഷിക്കും വിനേഷിനും ബജ്‌റംഗിനും രാജ്യവ്യാപക പിന്തുണ ലഭിച്ച അതേ ജന്തർ മന്ദിറിലാണ് മൂവർക്കുമെതിരായ മുദ്രാവാക്യങ്ങള്‍ ഇന്ന് മുഴങ്ങിയത്.

തങ്ങളുടെ പരിശീലനങ്ങളും ടൂർണമെന്റുകളും നടക്കാതെ പോകുന്നതിന്റെ കാരണം മുന്‍നിര താരങ്ങളാണെന്ന ഗുരുതര ആരോപണവും ജൂനിയർ താരങ്ങള്‍ ഉയർത്തിയിട്ടുണ്ട്. ദേശീയ ഗുസ്തി ഫെഡറേഷനെതിരായ നടപടികളെ തുടർന്ന് 2023 ജനുവരി മുതല്‍ ദേശീയ ക്യാമ്പുകളും മത്സരങ്ങളും നടന്നിരുന്നില്ല. നിലവില്‍ അഡ്-ഹോക് പാനലാണ് ഫെഡറേഷന്‍ നിയന്ത്രിക്കുന്നത്. അഡ്-ഹോക് പാനലിനെ പിരിച്ചുവിട്ട് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിക്ക് ചുമതല കൈമാറണമെന്നും ജൂനിയർ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബ്രിജ് ഭൂഷണിന്റെ ഭീഷണി തുടരുന്നതായി സാക്ഷി മാലിക്ക് ആരോപിച്ചു. വിട്ടിലെ ഒരാള്‍ക്കെതിരെ കേസെടുക്കാന്‍ പോകുന്നുവെന്ന് അമ്മയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചതായും സാക്ഷി കൂട്ടിച്ചേർത്തു. സർക്കാർ സുരക്ഷയൊരുക്കണമെന്ന ആവശ്യവും സാക്ഷി ഉന്നയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ