സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ നിജോ ഗില്‍ബര്‍ട്ടാണ് ക്യാപ്റ്റന്‍. 22 അംഗ ടീമിനെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഡിഫന്‍ഡര്‍ സഞ്ജു ജിയാണ് വൈസ് ക്യാപ്റ്റന്‍.
ഗോള്‍കീപ്പര്‍മാരായി മുഹമ്മദ് അസ്ഹര്‍ കെ, സിദ്ധാര്‍ത്ഥ് രാജീവന്‍ നായര്‍, മുഹമ്മദ് നിഷാദ് പിപി എന്നിവരും ഡിഫന്‍ഡര്‍മാരായി ബെല്‍ഗിന്‍ ബ്ലോസ്റ്റര്‍, സഞ്ജു ജി, ഷിനു ആര്‍, മുഹമ്മദ് സലിം, നിധിന്‍ മധു, സുജിത്ത് ആര്‍, ശരത് കെപി എന്നിവരും മിഡ്ഫീല്‍ഡര്‍മാരായി നിജോ ജില്‍ബെര്‍ട്ട്, അര്‍ജുന്‍ വി, ജിതിന്‍ ജി, അക്ബര്‍ സിദ്ദീഖ് എന്‍പി, റഷീദ് എം, റിസ്‌വാന്‍ അലി ഇകെ, ബിജേഷ് ബാലന്‍, അബ്ദു റഹീം എന്നിവും സ്‌ട്രൈക്കേര്‍സായ സജീഷ് ഇ, മുഹമ്മദ് ആഷിഖ് എസ്, നരേഷ് ബി, ജുനൈന്‍ കെ എന്നിവരടങ്ങുന്നതുമാണ് കേരള ടീം.
കേരള ടീമിന്റെ പ്രധാന പരിശീലകന്‍ സതീവന്‍ ബാലനാണ്. സഹ പരിശീലകനായി പി കെ അസീസും ഗോള്‍കീപ്പിങ്ങ് പരിശീലകനായി ഹര്‍ഷല്‍ റഹ്‌മാനും ടീമിനെ കരുത്തുറ്റവരാക്കും. ഒക്ടോബര്‍ 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഏഴ് തവണ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് എയിലാണ് ഇടം പിടിച്ചിരിക്കുന്നത്. ആതിഥേയരായ ഗോവ, ജമ്മു കാശ്മീര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ടീമാണ് ഗ്രൂപ്പ് എയിലെ മറ്റുള്ളവര്‍. ഒക്ടോബര്‍ 13ന് ജമ്മു കശ്മീരിനെതിരെയും 15ന് ഛത്തീസ്ഗ നെതിരെയും 17ന് ഗോവയ്‌ക്കെതിരെയുമാണ് കേരളത്തിന്റെ മത്സരം.
ആറു ഗ്രൂപ്പുകളില്‍ നിന്നായി ഒമ്പതു ടീമുകളായിരിക്കും ഫൈനലില്‍ മാറ്റുരക്കുക. അരുണാചല്‍ പ്രദേശിലാണ് ഫൈനല്‍ മത്സരം സംഘടിപ്പിക്കുന്നത്. 12 ടീമുകളെ ആറു ടീമടങ്ങുന്ന രണ്ട് ഗ്രൂപ്പായാണ് തിരിച്ചിരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനത്ത് വരുന്നവരായിരിക്കും സെമി ഫൈനലില്‍ മത്സരിക്കുക. കേരളത്തിന് കഴിഞ്ഞ സീസണില്‍ സെഫിഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.