കേരളത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ദുഃഖമടക്കി കാഴ്ചക്കാരനായി നിൽക്കുക. സംസ്ഥാന മീറ്റിൽ രണ്ടാം സ്ഥാനക്കാരന് ഭാഗ്യം കൊണ്ട് അവസരം നഷ്ടപ്പെടാതിരിക്കുക. ഇതുപോലൊരു ദുരന്തത്തിന് 1994ലെ പുനെ ദേശീയ ഗെയിംസ് വേളയിൽ ഛത്രപതി ശിവജി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
റോയ് പി. ജോസഫ് ആയിരുന്നു ആ ഹതഭാഗ്യന്‍. ഏറ്റവും സങ്കടകരമായ കാര്യം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച അത്‌ലറ്റിക് സാങ്കേതിക വിദഗ്ദ്ധനും മലയാളിയുമായ വ്യക്തിക്ക് കണക്കുകൂട്ടല്‍ തെറ്റിയതാണ് റോയ് പുറത്താകാന്‍ കാരണം എന്നതു തന്നെ.
പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനലില്‍ എത്തിയത് എട്ടു പേര്‍ തന്നെ. രണ്ടു മലയാളികള്‍. പക്ഷേ, സാങ്കേതിക വിദഗ്ധന്‍ എണ്ണിയത് ഒന്‍പതെന്നാണ്. എട്ടു ലെയ്ന്‍ ട്രാക്കില്‍ ഒന്‍പതു പേരെ ഓടിക്കാനാവില്ലല്ലോ. അദ്ദേഹം നോക്കുമ്പോള്‍ രണ്ടു മലയാളികളുണ്ട് ഫൈനലില്‍. തനിക്ക് കൂടുതല്‍ അടുപ്പമുള്ള റോയിയെ വിളിച്ച് സംസാരിച്ചു. അദ്ദേഹത്തോടുള്ള ആദരവുകൊണ്ട് റോയ് മനസ്സില്ലാ മനസോടെ അനുസരിച്ചു. ട്രാക്കിനപ്പുറം കമ്പിവേലിയില്‍ മുഖമമര്‍ത്തി വിതുമ്പലോടെ ഫൈനല്‍ വീക്ഷിക്കുന്ന റോയിയുടെ ചിത്രം ഇപ്പോഴും മനസ്സില്‍ ഉണ്ട്.
റോയ് പുറത്തായപ്പോള്‍ സംസ്ഥാന മീറ്റില്‍ റോയ് തോല്‍പിച്ച , രണ്ടാം സ്ഥാനക്കാരന്‍ വിനോദ് വെള്ളി മെഡല്‍ നേടുകയും ചെയ്തു. മഹാരാഷ്ട്രയുടെ രാജീവ് ബാലകൃഷ്ണന്‍ ആണ് സ്വര്‍ണം നേടിയത്.
എട്ടു ഫൈനലിസ്റ്റുകളെ ഒന്‍പതായി എണ്ണിയാണല്ലോ റോയിയെ പുറത്തു നിര്‍ത്തിയത്. ഒടുവില്‍ 100 മീറ്റര്‍ ഫൈനല്‍ ഓടിയത് ഏഴു പേര്‍ മാത്രമായിരുന്നു എന്നും ഓര്‍ക്കണം. ഒരു ട്രാക്ക് ഒഴിഞ്ഞുകിടന്നു. പിഴവു കണ്ടെത്താന്‍ വൈകിയതിനാല്‍ റോയിയെ മടക്കി വിളിക്കാനായില്ല. നൂറു മീറ്ററില്‍ അവസരം നഷ്ടപ്പെട്ടതിന്റെ ദുഃഖം മുഴുവന്‍ ഉള്ളിലൊതുക്കി 200 മീറ്ററില്‍ മത്സരിച്ച റോയ് സ്വര്‍ണം നേടി. ജതാ ശങ്കറിനെ തോല്‍പ്പിച്ചായിരുന്നു റോയിയുടെ സുവര്‍ണ നേട്ടം.
ഇടുക്കി വടാട്ടുപാറ സ്വദേശി റോയ് പി. ജോസഫ് 1989 ല്‍ കാനഡയില്‍ ലോക പൊലീസ് മീറ്റില്‍ ഏറ്റവും വേഗമുള്ള ഓട്ടക്കാരനായിരുന്നു. അതേ വര്‍ഷം ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. കേരള പൊലീസില്‍ ഡപ്യൂട്ടി കമന്‍ഡാന്റ് ആയി വിരമിച്ചു.
കാലമിത്ര കഴിഞ്ഞിട്ടും ദേശീയ ഗെയിംസ് നടക്കുമ്പോള്‍ റോയ്, താന്‍ പുനെയില്‍ വിതുമ്പുന്ന ചിത്രം വന്ന പത്രങ്ങള്‍ എടുത്തു നോക്കും. ഇത്തവണയും അത് മറന്നില്ല. അതുകൊണ്ടാണല്ലോ , അന്നു പത്രത്തില്‍ വന്നൊരു ഫോട്ടോ എനിക്ക് അയച്ചുതന്നതും.
ദേശീയ ഗെയിംസ് ഓര്‍മകളില്‍ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഉദാഹരണവും മനസ്സില്‍ തെളിയുന്നു. 2001 ല്‍ ലുധിയാനയില്‍ നടന്ന ദേശീയ ഗെയിംസ്. വലതുകാലിലെ പരുക്കുമൂലം ഏറെനാള്‍ ട്രിപ്പിള്‍ ജംപില്‍ നിന്നു വിട്ടുനിന്ന അഞ്ജു ബോബി ജോര്‍ജ് ഒരു ഭാഗ്യപരീക്ഷണത്തിനു തയാറായി. ഇടതുകാലില്‍ ട്രിപ്പിള്‍ ജംപ് ചെയ്യുക. വലതുകാല്‍ കൊണ്ട് ലോങ് ജംപ് ചെയ്യുക. ഭര്‍ത്താവും കോച്ചുമായ റോബര്‍ട് ബോബി ജോര്‍ജുമായി ആലോചിച്ചെടുത്ത തീരുമാനം. പരീക്ഷണം വിജയം കണ്ടു.
ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം (13.61 മീറ്റര്‍).ലോങ് ജംപില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം ( 6.61 മീറ്റര്‍). എത്ര ശ്രമകരമായിരുന്നിരിക്കണം ആ പരീക്ഷണം. നിശ്ചയദാര്‍ഡ്യം മാത്രം പോര.ഒരുപാട് കണക്കുകൂട്ടലുകളും അത് നടപ്പിലാക്കാനുള്ള ശ്രദ്ധയും അനിവാര്യമായിരുന്നു. ഒരു പക്ഷേ, അഞ്ജുവിനെപ്പോലെ അപൂര്‍വം താരങ്ങള്‍ക്കുമാത്രം സാധിക്കുന്ന കാര്യം.