ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇന്ത്യന്‍ ആരാധകരുടെയെല്ലാം കണ്ണ് നീരജ് ചോപ്രയിലേക്ക് ഒതുങ്ങിയപ്പോൾ, അമ്പരപ്പിച്ച പ്രകടനവുമായി ജമ്പ് പിറ്റില്‍ മലയാളി താരം എല്‍ദോസ് പോള്‍. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പ് യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ താണ്ടി കലാശക്കളിക്കു ടിക്കറ്റെടുത്ത എല്‍ദോഹ് ലോക ചാമ്പ്യന്‍ഷിപ്പ് ട്രിപ്പള്‍ ജമ്പില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബുഹമതിയും സ്വന്തമാക്കി. ഗ്രൂപ്പ് എയിൽ ആറാമതായിരുന്നു എൽദോസ്.
ആദ്യ ചാട്ടത്തിൽ 16.12 മീറ്റർ ചാടിയ എൽദോസ് തന്റെ രണ്ടാം ശ്രമത്തിലാണ് 16.68 മീറ്റർ കണ്ടെത്തിയത്. ജർമൻ താരം മാക്സ് ഹെബിന്റെ അവസാന ശ്രമം 16.34 ൽ ഒതുങ്ങിയപ്പോൾ, അവസാന ശ്രമത്തിൽ എൽദോസ് ചാടാതെ തന്നെ ഫൈനലിന് യോഗ്യത നേടുകയായിരുന്നു. അതേസമയം യോഗ്യതാ റൗണ്ടില്‍ ഇറങ്ങിയ മറ്റ് ഇന്ത്യന്‍ താരങ്ങളായ അബ്‌ദുള്ള അബൂബക്കർ, പ്രവീൺ ചിത്രവേൽ എന്നിവര്‍ക്ക് ഫൈനലിലേക്ക് കടക്കാനായില്ല. ഗ്രൂപ്പ് എയിൽ പ്രവീൺ എട്ടാമതായപ്പോൾ അബ്‌ദുള്ള അബൂബക്കറിന് ഗ്രൂപ്പ് ബിയിൽ പത്താമതായി.
മെഡൽ പ്രതീക്ഷയായി നീരജ് ഫൈനലിൽ
ഒരൊറ്റ ഏറ് മതിയായിരുന്നു ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ബെര്‍ത്ത് ഉറപ്പാക്കാന്‍. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യ മെഡല്‍ സ്വപ്‌നം കാണുന്നത് നീരജിലൂടെയാണ്. ആ പ്രതീക്ഷ തെറ്റിക്കാതെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ ദൂരം മറികടന്നതോടെയാണ് കലാശ പോരാട്ടത്തിന് അർഹത നേടിയത്.
88.39 മീറ്റർ ആണ് യോഗ്യത റൗണ്ടിൽ നീരജ് എറിഞ്ഞിട്ടത്. നീരജിന്റെ കൂടാതെ ഇന്ത്യയുടെ തന്നെ രോഹിത് യാദവും ഫൈനലിൽ മത്സരിക്കും. 80.42 ദൂരം കണ്ടെത്തിയാണ് രോഹിത് ഫൈനലിൽ കടന്നത്. ഞായറാഴ്ച രാവിലെയാണ് ഫൈനൽ.