പിഎസ്ജി ഏര്‍പ്പെടുത്തിയ രണ്ടാഴ്ച്ചത്തെ സസ്‌പെന്‍ഷന്‍ വെട്ടിക്കുറച്ചതിനാല്‍ ക്ലബ്ബ് മത്സരങ്ങളിലേക്ക് തിരിച്ചെത്താന്‍ ലയണല്‍ മെസി. ശനിയാഴ്ച്ച അജാസിയോയ്‌ക്കെതിരായ ലീഗ് 1 മത്സരത്തിന് മെസി പിഎസ്ജിക്കായി ഇറങ്ങുമെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാല്‍റ്റിയര്‍ അറിയിച്ചു.
അനുമതിയില്ലാതെ സൗദി യാത്ര നടത്തിയതിനാണ് ക്ലബ്ബ് മെസിയെ രണ്ടാഴ്ചത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തത്. രണ്ടാഴ്ച്ചത്തേക്ക് മത്സരങ്ങളിലും പരിശീലനങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുമെന്നും രണ്ടാഴ്ചത്തെ പ്രതിഫലം തടഞ്ഞുവയ്ക്കുമെന്നുമാണ് ക്ലബ്ബ് അറിയിച്ചത്. എന്നാല്‍ അച്ചടക്കനടപടിക്ക് പിന്നാലെ മെസി ക്ഷമാപണവുമായി എത്തിയതിനാല്‍ മെസിക്കെതിരായ വിലക്ക് പിന്‍വലിക്കുകയും താരത്തെ പരിശീലനത്തിനിറങ്ങാന്‍ അനുവദിക്കുകയും ചെയ്തു.
മത്സരങ്ങളിലേക്ക് തിരികെയെത്തുന്ന മെസി തന്റെ ഭാവിയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളെ അവഗണിച്ച് കിരീടത്തിലേക്കുള്ള യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോച്ച് പറഞ്ഞു.
'' വ്യാഴാഴ്ച ഞാന്‍ മെസിയുമായി സംസാരിച്ചിരുന്നു, അദ്ദേഹം നിശ്ചയദാര്‍ഢ്യമുള്ള ആളാണ് ഇത്തവണ കിരീടമുയര്‍ത്തുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം, അദ്ദേഹം നാളെ മത്സരത്തിൽ പങ്കെടുക്കും'' ഗാല്‍റ്റിയര്‍ പറഞ്ഞു. മത്സരങ്ങളിലേക്ക് തിരികെയെത്തുന്ന മെസി തന്റെ ഭാവിയെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചകളെ അവഗണിച്ച് കിരീടത്തിലേക്കുള്ള യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കോച്ച് അറിയിച്ചു. ഇനിയുള്ള നാല് മത്സരങ്ങളില്‍ നിന്ന് രണ്ടെണ്ണം ജയിച്ചാല്‍ മെസിക്കും സംഘത്തിനും ലീഗ് 1 കിരീടം നേടാനാകും.
പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നില്ലെന്ന് മെസി പറഞ്ഞിരുന്നു. സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് പോകുന്നതിനെക്കുറിച്ചും ഊഹാപോഹങ്ങള്‍ നിലനില്‍ക്കുകയാണ്. എന്നാല്‍ അല്‍ ഹിലാലില്‍ നിന്ന് ലഭിച്ച വമ്പന്‍ ഓഫര്‍ മെസി സ്വീകരിച്ചിട്ടില്ലെന്നും സീസണിന്റെ അവസാനത്തോടെ മാത്രമേ അതില്‍ ഒരു തീരുമാനം ആകുള്ളൂവെന്നും മെസിയുടെ പിതാവ് ഹോര്‍ഗെ മെസി വ്യക്തമാക്കിയിരുന്നു.