മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എംഎസ് ധോണി നല്‍കിയ കോടതിയലക്ഷ്യ കേസില്‍ ഐപിഎസ് ഓഫീസര്‍ക്ക് 15 ദിവസത്തെ തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. ഐപിഎസ് ഓഫീസര്‍ സമ്പത്ത് കുമാറിനാണ് എസ്എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ ബെഞ്ച് ശിക്ഷ വിധിച്ചത്. അതേസമയം, സമ്പത്ത് കുമാറിന് അപ്പീല്‍ നല്‍കുന്നതിന് വേണ്ടി 30 ദിവസത്തേക്ക് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
2013ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ഒത്തുകളിയിലും വാതുവെപ്പിലും ധോണിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വിദ്വേഷപരമായ പരാമര്‍ശങ്ങളും വാര്‍ത്തകള്‍ക്കുമെതിരെ സീ മീഡിയക്കും സമ്പത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ധോണി അപകീര്‍ത്തിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ധോണിക്കെതിരെയുള്ള പരാമര്‍ശങ്ങളില്‍ ഹൈക്കോടതി നേരത്തെ തന്നെ സീക്കും സമ്പത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇടക്കാല വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പിന്നാലെ സീ മീഡിയ മാനനഷ്ടക്കേസിന് മറുപടിയായി രേഖാമൂലമുള്ള പ്രസ്താവനകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രേഖാമൂലമുള്ള പ്രസ്താവനകളില്‍ സമ്പത്ത് കുമാര്‍ വീണ്ടും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ധോണി സമ്പത്ത് കുമാറിനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അഭിഭാഷകനായ പി ആര്‍ രാമനാണ് ധോണിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.