വംശീയ കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരില്‍ കടുത്ത പ്രതിസന്ധിയെ നേരിട്ട് ഫുട്ബോൾ താരങ്ങളും. ദേശീയതാരത്തിന് ഉൾപ്പെടെ പലര്‍ക്കും വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ കരിയറും ജീവിതവും സുരക്ഷിതമാക്കാനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ് താരങ്ങൾ. എൺപതോളം കളിക്കാര്‍ ട്രാന്‍സ്ഫര്‍ ആവശ്യവുമായി മണിപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചുകഴിഞ്ഞു.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ മാര്‍ച്ചില്‍ നടന്ന ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിറങ്ങിയ ഇന്ത്യന്‍ ടീമിനെ കാണാന്‍ സ്‌റ്റേഡിയത്തില്‍ വൻ ജനക്കൂട്ടമാണെത്തിയത്. ടീമിൽ മണിപ്പൂരില്‍നിന്നുള്ള ഏഴ് താരങ്ങളാണ് ഉണ്ടായിരുന്നതായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ സംസ്ഥാനത്ത് കലാപം ശമിക്കാത്ത സാഹചര്യത്തിൽ പുറത്ത് എവിടെയെങ്കിലും പോയാൽ മതിയെന്ന ചിന്തയിലാണ് കളിക്കാർ. പലരും അവിടെ നിന്ന് നേരത്തേ തന്നെ മറ്റ് ഇടങ്ങള്‍ തേടി പോയിക്കഴിഞ്ഞു. വരാനിരിക്കുന്ന ലീഗ് മത്സരങ്ങള്‍ക്കും ഗോവയില്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിലേക്കും ടീമിനെ പുനഃസംഘടിപ്പിക്കുകയെന്നത് നിലവിലെ സാചര്യത്തിൽ അസോസിയേഷന് മുന്നിൽ വലിയ കടമ്പയാണ്.
മണിപ്പൂര്‍ ഇനി പഴയതുപോലെ സമാധാനം കൈവരിക്കുമോ എന്ന ആശങ്കയിലാണ് എല്ലാവരും
പലരും ജീവനും തൊഴിലും സംരക്ഷിക്കാനായി നാടുകടന്നപ്പോഴും ചിലര്‍ ഗ്രാമീണരെ സംരക്ഷിക്കാനുള്ള ദൗത്യമേറ്റെടുത്ത് മുന്നിട്ടിറങ്ങുകയാണ്. ''അക്രമങ്ങളില്‍നിന്ന് ഗ്രാമവാസികളെ സംരക്ഷിക്കാന്‍ നിരവധി രാത്രികളില്‍ തോക്കുമായി ഞാൻ എന്റെ ഗ്രാമത്തിന്റെ അതിര്‍ത്തിയിലായിരുന്നു,'' എംഎസ്എല്‍ താരമായ ഒരു കളിക്കാരന്‍ പറഞ്ഞു. അതിര്‍ത്തി സംരക്ഷണത്തിനായുള്ള വില്ലേജ് വളണ്ടിയര്‍ ഗ്രൂപ്പില്‍ താനും ഉള്‍പ്പെട്ടതായി താരം പറഞ്ഞു.
''സൈന്യവും ഞങ്ങളെ സഹായിക്കുന്നതിനാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ട്. എന്റെ കുറച്ച് സുഹൃത്തുക്കള്‍ ഇതിനകം ബെഗളുരുവിലേക്ക് മാറിക്കഴിഞ്ഞു. ഫുട്‌ബോള്‍ ജീവിതം പുനഃരാരംഭിക്കുന്നതിനായി ഞാനും അങ്ങോട്ടേയ്ക്ക് മാറാന്‍ ഒരുങ്ങുകയാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''കലാപബാധിത പ്രദേശങ്ങളിൽ നിരവധി കളിക്കാര്‍ കുടുങ്ങിയിട്ടുണ്ട്. മിക്കവരും സ്വന്തം കുടുംബത്തിനും ഗ്രാമത്തിനും കാവലിരിക്കന്‍ തോക്കുകളെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു,'' ഒരു മുന്‍ കളിക്കാരന്‍ പറഞ്ഞു.
കലാപം തുടരുന്നതിനാല്‍ ധാരാളം കളിക്കാര്‍ മണിപ്പൂരിന് പുറത്തേക്ക് മാറിയതായി ഉന്നത ഫുട്‌ബോള്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രാന്‍സ്ഫറിനായി അപേക്ഷിക്കുന്ന കളിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
''70-80 കളിക്കാരെങ്കിലും ട്രാന്‍സ്ഫര്‍ ആവശ്യവുമായി മണിപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചിട്ടുണ്ട്. നിരവധി കളിക്കാര്‍ ബെംഗളുരുവിലേക്കും തൃപുരയിലേക്കും ജാര്‍ഖണ്ഡിലേക്കുമൊക്കെ പോവുകയാണ്,'' ഇംഫാലില്‍ നിന്നുള്ള ഓള്‍ മണിപ്പൂര്‍ ഫുട്‌ബോള്‍ അസോസിയേഷനിലെ ഉന്നത ഉദ്യാഗസ്ഥന്‍ പറഞ്ഞു.
''കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച ലീഗ് ഇത്തവണ എപ്പോള്‍ നടക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസിനായുള്ള സംസ്ഥാന ടീമുകളെ സംഘടിപ്പിക്കുക എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ പ്രഥമ പരിഗണന. വരും മാസങ്ങളില്‍ എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, സുബ്രതോ കപ്പ്, ഖേലോ ഇന്ത്യ ഗെയിംസ് എന്നിവയുള്‍പ്പെടെ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കളിച്ച താരവും പലായനം ചെയ്ത കളിക്കാരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനലീഗ് ചാമ്പ്യന്മാരായ ക്ലാസ എഫ്‌സിയില്‍ നിന്നുള്‍പ്പെടെയുള്ള താരങ്ങള്‍ ബെംഗുളുരുവിലേക്ക് പോകുന്നുണ്ട്. ഇത് മണിപ്പൂരിലെ ഫുട്‌ബോള്‍ ടീമുകള്‍ക്ക് വന്‍ തിരിച്ചടിയാണ്.
ദേശീയ താരം ചിങ്‌ലെന്‍സന കോന്‍ഷാമിന് ഏകദേശം എട്ട് കോടിയോളം രൂപയുടെ നഷ്ടമാണ് നേരിട്ടത്. തന്റെ സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ താരം ആശങ്ക പ്രകടിപ്പിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നോക്കി നില്‍ക്കുന്ന സര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
''സമാധാനം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാന്‍ എവിടെയാണ് താമസിക്കേണ്ടത്? സര്‍ക്കാര്‍ ഇവിടെ എന്തുചെയ്യുകയാണ്? തങ്ങള്‍ അനുദിനം അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ നേരത്തേ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്,'' ഹൈദരാബാദ് എഫ്‌സി താരം പറഞ്ഞു.
താരങ്ങളുടെ പലായനം മണിപ്പൂരിലെ ഫുട്‌ബോള്‍ ടീമുകള്‍ക്ക് വന്‍ തിരിച്ചടിയാണ്
''എട്ട് വര്‍ഷമായി ഞാന്‍ പ്രൊഫഷണല്‍ താരമാണ്. എന്റെ സമ്പാദ്യങ്ങളില്‍ നല്ലൊരുപങ്ക് പ്രാദേശിക കളിക്കാരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി ചുരാചന്ദ്പൂരിലെ പുതിയ ടര്‍ഫായ കോണ്‍ഷാം അരീനയില്‍ നിക്ഷേപിച്ചു. പക്ഷേ എന്റെ വീടും വാഹനങ്ങളുമൊക്കെ നഷ്ടപ്പെട്ടതിനൊപ്പം അതും നശിപ്പിക്കപ്പെട്ടു,'' അദ്ദേഹം പറഞ്ഞു.
ഹയോകിപ് സെംബോയ്, അണ്ടര്‍ 17 താരം തങ്‌ലാല്‍സൂണ്‍ ഗാതെ എന്നിവരും സമ്പാദ്യം നഷ്ടപ്പെട്ട മുന്‍നിര താരങ്ങളില്‍ ഉള്‍പ്പെടുന്നു.