കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ഹരിയാനയില്‍ നിന്നുള്ള താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. ചൊവ്വാഴ്ച്ച ഗുരുഗ്രാമില്‍ നടന്ന ചടങ്ങില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. അവാര്‍ഡ് ചടങ്ങിനിടെ ഖട്ടാർ അത്‌ലറ്റുകളോട് ഒരു ആവശ്യവും ഉന്നയിച്ചിരുന്നു. ഓരോ കായിക താരവും പുതിയ യുവ പ്രതിഭകളെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരാൻ തയ്യാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ഇതിനായി "പദക് ലാവോ പദക് ബഠാവോ" എന്ന പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.
''മെഡല്‍ നേടുന്ന കായികതാരങ്ങൾ തങ്ങളെ പോലുള്ള അഞ്ച് മുതല്‍ പത്ത് വരെ താരങ്ങളെ തയ്യാറാക്കണം. സ്‌പോര്‍ട്‌സ് ഒരു കരിയറായി എടുക്കുമ്പോള്‍ ഇത് സാധ്യമാകും. ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. എന്നാല്‍ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തുക എന്നതാവണെം നമ്മുടെ ലക്ഷ്യം. ഇതിനായി രാജ്യത്തിന്റെ കായിക തലസ്ഥാനമായ ഹരിയാനയ്ക്ക് ഒരുപാട് സംഭാവനകള്‍ നൽകാനുണ്ട്,'' ഖട്ടാർ പറഞ്ഞു. സംസ്ഥാനത്തെ മെഡല്‍ ജേതാക്കളെ മുഖ്യമന്ത്രി ക്യാഷ് പ്രൈസും ഫലകവും നല്‍കി ആദരിച്ചു. കളിക്കാര്‍ തങ്ങളുടെ പ്രകടനത്തിലൂടെ ഹരിയാനയ്ക്ക് മാത്രമല്ല, രാജ്യത്തിനാകെ നേട്ടം സമ്മാനിച്ചുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് 1.50 കോടിരൂപാ വീതവും വെള്ളി മെഡൽ നേടിയവര്‍ക്ക് 75 ലക്ഷം രൂപാ വീതവും വെങ്കലം നേടിയവര്‍ക്ക് 50 ലക്ഷം രൂപാ വീതവും സമ്മാനമായി നല്‍കി. നാലാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും ഗെയിംസില്‍ പങ്കെടുത്ത മറ്റ് താരങ്ങളൾക്ക് 7.50 ലക്ഷം രൂപയുമാണ് അവാര്‍ഡ് തുകകള്‍. മൊത്തം 42 കളിക്കാര്‍ക്ക് 25.80 കോടി രൂപ നല്‍കി. ഇതോടൊപ്പം താരങ്ങള്‍ക്ക് തൊഴില്‍ നിയമന കത്തുകള്‍ നല്‍കിയതായും കായിക വകുപ്പിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
ബര്‍മിങ്ഹാമില്‍ ഇന്ത്യ നേടിയ 61 മെഡലുകളില്‍, ടീം ഇനങ്ങളിലെ മൂന്ന് മെഡലുകള്‍ക്ക് പുറമെ 17 വ്യക്തിഗത മെഡലുകളും നേടിയത് ഹരിയാന താരങ്ങളാണ്. സംസ്ഥാനത്തുനിന്നുള്ള വനിതാ ഹോക്കി താരങ്ങള്‍ ഉള്‍പ്പടെ 29 കായികതാരങ്ങൾ കോമണ്‍വെല്‍ത്തില്‍ മെഡല്‍ നേടിയതായി വക്തവ് അറിയിച്ചു.
കായിക താരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പ്രോത്സാഹജനകമായ നടപടികളെക്കുറിച്ചും ഖട്ടാർ അറിയിച്ചു. ''ഹരിയാന കളിക്കാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 'ഹരിയാന മികച്ച കായികതാര നിയമങ്ങള്‍,2018' എന്ന പദ്ധതി രൂപീകരിച്ചിരുന്നു. സംസ്ഥാന കായിക വകുപ്പില്‍ 550 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് 100 സ്പോര്‍ട്സ് നഴ്സറികളും തുറക്കുന്നുണ്ട്, സോനിപത്തിലെ റായിയില്‍ ഒരു കായിക സർവകലാശാല വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും,ഖട്ടാർ കൂട്ടിച്ചേർത്തു.