SPORT

'ആ 1500 തൊഴിലാളി മരണങ്ങള്‍ അത്ര സ്വാഭാവികമല്ല'; സൗദി ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ഖത്തര്‍ ആവര്‍ത്തിക്കുമോ?

വെബ് ഡെസ്ക്

സകായികമേഖലയില്‍ പുത്തന്‍ കുതിപ്പ് നടത്തുകയാണ് അറബ് രാജ്യങ്ങൾ. 2022 ല്‍ നടന്ന ഖത്തര്‍ ലോകകപ്പിന്റെ മികച്ച സംഘാടനം ലോകം മുഴുവന്‍ അംഗീകരിച്ചതായിരുന്നു. ഇതിന് പിന്നാലെയാണ് സൗദി അറേബ്യയും ലോകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം 2034 ല്‍ സൗദിയില്‍ ലോകകപ്പ് അരങ്ങേറും. എന്നാല്‍ വീണ്ടുമൊരു ലോകമാമാങ്കം അറബ് മേഖലയിലേക്കെത്തുമ്പോള്‍ ഖത്തറില്‍ സംഭവിച്ചതിന് സമാനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകരുതെന്ന് മുന്നറിയിപ്പ് നല്‍കയാണ് മനുഷ്യാവകാശ സംഘടനകള്‍.

2022ലെ ഖത്തര്‍ ലോകകപ്പിനായി ഖത്തര്‍ ഒരുങ്ങിയ കാലയളവില്‍ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ ഒരുക്കുന്നതിനായി പ്രവര്‍ത്തിച്ച കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടത് വലിയ ചൂഷണങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയത അടിസ്ഥാനമാക്കിയുള്ള വിവേചനം, നിയമവിരുദ്ധമായ റിക്രൂട്ട്മെന്റ് രീതികള്‍, വേതനമില്ലാതെ ജോലിയെടുപ്പിക്കല്‍, ജോലിസ്ഥലത്തെ ശാരീരിക - മാനസിക അതിക്രമങ്ങള്‍ തുടങ്ങിയ ചൂഷണങ്ങളായിരുന്നു തൊഴിലാളികള്‍ നേരിട്ടത്. സ്വാഭാവികമെന്ന് രേഖപ്പെടുത്തിയ ധാരാളം മരണം ഇക്കാലയളവില്‍ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിൽനിന്നുള്ള തൊഴിലാളികളായിരുന്നു ഇതില്‍ കൂടുതലും.

ലോകകപ്പ് സംഘടിപ്പിക്കാനുള്ള അവകാശം നേടിയശേഷം ഏകദേശം 6,500 കുടിയേറ്റ തൊഴിലാളികള്‍ ഖത്തറില്‍ മരിച്ചതായി അന്നുതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരവധി ഇന്ത്യക്കാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിനു സമാനമായ സ്ഥിതിയിലേക്കാണോ സൗദിയും പോകുന്നത്? ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബംഗ്ലാദേശി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2008നും 2022നും ഇടയില്‍ 13,685 ബംഗ്ലാദേശി തൊഴിലാളികള്‍ സൗദിയില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. 2022ല്‍ മാത്രം 1502ലധികം ബംഗ്ലാദേശികളെ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2008നും 2022നും ഇടയില്‍ 13,685 തൊഴിലാളികളാണ് സൗദിയില്‍ മരിച്ചത്. എന്നാൽ 2022ല്‍ മാത്രം 1502 ബംഗ്ലാദേശികളെ മരിച്ച നിലയില്‍ കണ്ടെത്തി. അതായത്, ദിവസം നാല് എന്ന തോതിലായിരുന്നു മരണങ്ങള്‍. ഇതിൽ മൂന്നിലൊന്നും സ്വാഭാവിക മരണമെന്നാണ് സൗദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശി സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് മരണകാരണം വിശദീകരിക്കുന്നില്ല.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി പ്രവേശിക്കുന്നതിനുമുമ്പ് എല്ലാ കുടിയേറ്റ തൊഴിലാളികളും നിർബന്ധമായും മെഡിക്കല്‍ പരിശോധന പൂർത്തിയാക്കണമെന്നിരിക്കെയാണ് 'സ്വാഭാവിക മരണങ്ങള്‍' കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. സൗദി സര്‍ക്കാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റിലും മരണത്തിന്റെ അടിസ്ഥാന കാരണം വ്യക്തമാക്കുന്നില്ലെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോർട്ട് ചെയ്യുന്നു.

കഠിനമായ ജീവിത സാഹചര്യങ്ങളും ജോലി സാഹചര്യങ്ങളും കടുത്ത ചൂടും സമ്മര്‍ദവുമെല്ലാം മരണങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഹൃദയ സ്തംഭനം, ശ്വാസകോശ തടസം തുടങ്ങിയ കാരണങ്ങളാണ് മരണ സര്‍ട്ടിഫിക്കറ്റുകളില്‍ നല്‍കിയിരിക്കുന്നത്.

2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ സംഭവിച്ച 76 ശതമാനം മരണങ്ങളും 'സ്വഭാവികം' എന്നാണ് രേഖപ്പെടുത്തിയത്. മരിച്ചവരില്‍ 50നും 60നുമിടയില്‍ പ്രായമുള്ളവരുണ്ടെങ്കിലും പല കേസുകളിലും യുവാക്കളാണ്. മരിച്ചവരുടെ ശരാശരി പ്രായം 44 വയസ് മാത്രമാണ്.

കുടിയേറ്റ തൊഴിലാളികളെ സൗദി അറേബ്യ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഫിഫ ഉറപ്പാക്കിയില്ലെങ്കില്‍ തൊഴിലാളികളുടെ മരണവും കഷ്ടപ്പാടുകളും കൊണ്ട് ലോകകപ്പ് കളങ്കപ്പെടുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് മനുഷ്യാവകാശ സംഘടനകള്‍. സൗദി അറേബ്യ ആതിഥേയരാകുന്ന 2034ലെ ലോകകപ്പിന്റെ മുന്നൊരുക്കം 2022 ലെ ഖത്തര്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.

ജാഗ്രതയോ സുതാര്യതയോ ഇല്ലാതെ കോടിക്കണക്കിന് ഡോളറിന്റെ വലിയ പരിപാടികള്‍ നടത്തുന്നത് കുടിയേറ്റ തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്നുവെന്നും ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഫിഫ ഇതുവരെ പഠിച്ചിട്ടില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഗ്ലോബല്‍ ഇനീഷ്യേറ്റീവ്‌സ് ഡയറകടര്‍ മിങ്കി വോര്‍ഡന്‍ കുറ്റപ്പെടുത്തി.

അകാലമരണവും സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യവും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് വിശദീകരിക്കാത്ത എല്ലാ മരണങ്ങളും അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കുടിയേറ്റ തൊഴില്‍ അവകാശ ഗവേഷകയായ എല്ല നൈറ്റ് സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങളും തൊഴില്‍ മാനദണ്ഡങ്ങളും സൗദി അറേബ്യക്ക് എങ്ങനെ പാലിക്കാനാകുമെന്ന് ഫിഫ വിശദീകരിക്കണമെന്നും ആംനസ്റ്റി ആവശ്യപ്പെടുന്നു. തൊഴിലാളികളെ ഉടമയുമായി ബന്ധപ്പെടുത്തുന്ന കഫാല സംവിധാനം ഗള്‍ഫ് രാജ്യങ്ങള്‍ ഉപേക്ഷിച്ചെങ്കിലും ഈ സംവിധാനം പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള ഉറപ്പ് ഫിഫ ആവശ്യപ്പെടണമെന്നും നൈറ്റ് പറയുന്നു.

12 മുതൽ 18 മണിക്കൂവർ ജോലി ചെയ്യേണ്ടി വരുന്നുവെന്നാണ് പല ബംഗ്ലാദേശി തൊഴിലാളികളും പറയുന്നത്. 2034ലെ ഫിഫ വേദിയായി സൗദി അറേബ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റം വര്‍ധിക്കാൻ സാധ്യതയുണ്ട്. ഖത്തര്‍ പോലെ തന്നെ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ കൂടുതലായും വരുന്നത്. 1.3 കോടിയിലധികം വരുന്ന സൗദി ഇതര നിവാസികളില്‍ ഏറ്റവും കൂടുതലുള്ളതും ബംഗ്ലാദേശികള്‍തന്നെ. 2022ലെ കണക്ക് പ്രകാരം 20 ലക്ഷം ബംഗ്ലാദേശികളാണ് സൗദി അറേബ്യയില്‍ തൊഴിലാളികളായുള്ളത്.

സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ ചില തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ലോകകപ്പിന് വേദിയാകുന്നതോടെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന അപകടസാധ്യത വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. ലോകകപ്പ് വേദിയാകുന്നതിന് ഗതാഗതം, ഹോട്ടലുകള്‍, പരീശീലന സ്ഥലങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവ നിര്‍മിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ടൂര്‍ണമെന്റിലെ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി വർധിപ്പിക്കുന്നതിനാൽ കുറഞ്ഞത് 14 സ്റ്റേഡിയങ്ങളെങ്കിലും ആവശ്യമാണ്. അവയില്‍ ഓരോന്നും കുറഞ്ഞത് 40,000 കാണികളെ ഉൾക്കൊള്ളുന്നതായിരിക്കും. ഇത് യാഥാര്‍ഥ്യമാക്കുകയെന്നത് വലിയ ദൗത്യമാണ്. ഇതിനായി നിരവധി തൊഴിലാളികളെ ആവശ്യമുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം കുടിയേറ്റക്കാരായ ബംഗ്ലാദേശികളില്‍ 0.5 ശതമാനത്തില്‍ താഴെ മാത്രമാണ് പ്രൊഫഷണല്‍ ജോലികള്‍ ചെയ്യുന്നവര്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും