SPORT

നീരജ് ചോപ്ര, ദ ഗ്ലോബല്‍ ബ്രാൻഡ്; താരമൂല്യം ക്രിക്കറ്റ് താരങ്ങളേക്കാള്‍, ഒരു ഡീലിന് 4.5 കോടി വരെ

ഈ വർഷം അവസാനിക്കുമ്പോള്‍ നീരജിന്റെ പോർട്ട്‌ഫോളിയോയില്‍ കുറഞ്ഞത് 34 ബ്രാൻഡുകള്‍ വരെ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍

വെബ് ഡെസ്ക്

ജാവലിൻ ത്രോയില്‍ ടോക്കിയോയിലെ സ്വർണനേട്ടം പാരീസില്‍ ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും താരമൂല്യത്തില്‍ വൻമുന്നേറ്റവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. അമേരിക്കൻ സ്പോർട്‌സ്‌വെയർ കമ്പനിയായ അണ്ടർ ആർമർ, സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ ഒമേഗ എന്നീ ബ്രാൻഡുകള്‍ പോർട്ട്‌ഫോളിയോയിലുള്ള നീരജിന്റെ താരമൂല്യം 50 ശതമാനത്തിലധികം വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ 24 വിഭാഗങ്ങളിലുള്ള 21 ബ്രാൻഡുകളാണ് നീരജിന്റെ പോർട്ട്ഫോളിയോയിലുള്ളത്. ഇതിനുപുറമെ എട്ട് ബ്രാൻഡുകളുമായി ചർച്ചകള്‍ പുരഗോമിക്കുകയാണെന്ന് നീരജിന്റെ പൊർട്ട്ഫോളിയൊ കൈകാര്യം ചെയ്യുന്ന ജെഎസ്‌ഡബ്ല്യു സ്പോർട്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ദിവ്യാൻശു സിങ് വ്യക്തമാക്കി.

ഈ വർഷം അവസാനിക്കുമ്പോള്‍ നീരജിന്റെ പോർട്ട്‌ഫോളിയോയില്‍ കുറഞ്ഞത് 34 ബ്രാൻഡുകള്‍ വരെ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഇത് രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുടേതിനേക്കാള്‍ കൂടുതലാണ്. മുൻ ഇന്ത്യൻ നായകൻ ഹാർദിക്ക് പാണ്ഡ്യയുടെ പോർട്ട്ഫോളിയോയില്‍ 20 ബ്രാൻഡുകളാണുള്ളത്. ഓരോ ഡീലിനും 2.5 കോടി രൂപയാണ് ഹാർദിക്ക് ഈടാക്കുന്നത്.

കഴിഞ്ഞ വർഷം വരെ നീരജിന്റെ താരമൂല്യം 29.6 മില്യണ്‍ അമേരിക്കൻ ഡോളറായിരുന്നു (245 കോടി രൂപ). ഇതിന്റെ 50 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഒരു വർഷം ഒരു ബ്രാൻഡിന് മൂന്ന് കോടി രൂപയാണ് നീരജ് ഈടാക്കിയിരുന്നത്. ഇത് നാല് മുതല്‍ നാലര കോടി രൂപ വരെയായി ഉയർന്നേക്കുമെന്നാണ് ദിവ്യാൻശു പറയുന്നത്.

''നീരജിന്റെ കാര്യത്തില്‍ വളരെ സൂക്ഷ്മമായ തിരഞ്ഞെടുപ്പാണ് നടത്തുന്നത്. ഗെയിമിങ്, വാതുവെപ്പ്, ലഹരി ബ്രാൻഡുകളില്‍നിന്ന് അകന്നുനില്‍ക്കുന്ന ചുരുക്കം കായികതാരങ്ങളിലൊരാളാണ് നീരജ്. അനാരോഗ്യകരമായ ഭക്ഷണപാനിയങ്ങളൊന്നും നീരജിന്റെ പോർട്ട്ഫോളിയോയിലില്ല. ഇതാണ് മൂല്യത്തില്‍ വർധനവുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന്,'' ദിവ്യാൻശു കൂട്ടിച്ചേർത്തു.

ടോക്കിയോയില്‍ ജാവലിൻ ത്രോയില്‍ 87.58 മീറ്റർ എറിഞ്ഞായിരുന്നു നീരജ് സ്വർണം നേടിയത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വർണം കൂടിയായിരുന്നു ഇത്. പാരീസില്‍ ടോക്കിയോയിലേക്കാള്‍ മികച്ച ത്രോ പുറത്തെടുക്കാൻ (89.45) സാധിച്ചെങ്കിലും വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാകിസ്താന്റെ അർഷാദ് നദീമിനായിരുന്നു സ്വർണം. 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക് റെക്കോഡോടെയായിരുന്നു അർഷാദിന്റെ നേട്ടം.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്