ലൊസെയ്ന്‍ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം. 89.08 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം കരസ്ഥമാക്കിയത്. ആദ്യ ശ്രമത്തിലാണ് ഇന്ത്യൻ താരം സ്വർണദൂരം താണ്ടിയത്. ഇതോടെ സെപ്റ്റംബറിൽ സൂറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനൽസിന് നീരജ് യോഗ്യത നേടി.
ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കൂബ് വാഡ്‌ലെജ് വെള്ളിയും അമേരിക്കയുടെ കര്‍ട്ടിസ് തോംസണ്‍ വെങ്കലവും സ്വന്തമാക്കി. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലേറ്റ പരുക്കിൽ നിന്ന് മോചിതനായി നീരജ് പങ്കെടുത്ത ആദ്യ മത്സരമായിരുന്നു ലൊസെയ്നിലേത്. ജൂലൈയിൽ നടന്ന സ്‌റ്റോക്‌ഹോം ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി നേടിയിരുന്നു.
നീരജിന്റെ ഡയമണ്ട് ലീഗ് ഫൈനൽസ് പ്രവേശനത്തോടെ വികാസ് ഗൗഡയ്ക്ക് ശേഷം മെഡൽ എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ചിറക് വച്ചിരിക്കുകയാണ്. 2018ൽ സൂറിച്ചിൽ മത്സരിച്ച നീരജ് നാലാമതായാണ് മത്സരം അവസാനിപ്പിച്ചത്.