SPORT

പി ടി ഉഷയ്ക്കെതിരെ ഒളിമ്പിക് അസോസിയേഷനില്‍ പടയൊരുക്കം; പ്രത്യേക യോഗത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരും

പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് കേവലം രണ്ട് വർഷത്തിനുള്ളിലാണ് ഉഷയ്ക്കെതിരായ നീക്കം

വെബ് ഡെസ്ക്

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം. ഒക്ടോബർ 25ന് നടക്കാനിരിക്കുന്ന ഐഒഎയുടെ പ്രത്യേക ജനറല്‍ മീറ്റിങ്ങിലായിരിക്കും ഉഷ അവിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടത്. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് കേവലം രണ്ട് വർഷത്തിനുള്ളിലാണ് ഉഷയ്ക്കെതിരായ നീക്കം.

എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട മീറ്റിങ്ങിലെ അജണ്ടകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐഒഎയുടെ ഭരണഘടനാലംഘനങ്ങളും ഇന്ത്യൻ കായികമേഖലയ്ക്ക് ഹാനികരമായേക്കാവുന്ന പ്രവർത്തനങ്ങളുടേയും പശ്ചാത്തലത്തില്‍ പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയും ഐഒഎ ചർച്ച ചെയ്യും.

ഐഒഎയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉഷയുമായി ഏറെനാളായി തർക്കത്തില്‍ തുടരുകയാണ്. യോഗ്യത മാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

ഉഷയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാരീസ് ഒളിമ്പിക്‌‍സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയൻസുമായുള്ള കരാറില്‍ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയർത്തിയിരുന്നു. റിലയൻസിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജിയുടെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഉഷ നിരസിച്ചു.

ഐഒഎ പ്രസിഡന്റിന്റെ അധികാരം, ഉഷ നല്‍കിയിട്ടുള്ള സ്പോണ്‍സർഷിപ്പ് കരാറുകളുടെ വിശദവിവരങ്ങള്‍, സിഇഒയുടെ നിയമനം, വെയിറ്റ്‌ലിഫ്റ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് 1.75 കോടി രൂപ ലോണ്‍ നല്‍കിയ സംഭവം എന്നിവയെല്ലാം യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് അയച്ച കാരണം കാണിക്കല്‍ നോട്ടീസിലും ചർച്ച ഉണ്ടായേക്കും. ഐഒഎ ട്രെഷറർ സഹദേവ് യാദവ്, അജയ് പട്ടേല്‍, ഭൂപീന്ദർ സിങ് ബജ്‌വ, രാജ്‌ലക്ഷ്മി സിങ് ഡിയോ, അളകനന്ദ അശോക് എന്നിവർക്കാണ് ഉഷ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍