SPORT

നാലില്‍ നിന്നു പൂജ്യത്തിലേക്ക്! മണികയുടേത് വന്‍ വീഴ്ച

മണികയുടെ പ്രകടനം വിലയിരുത്തി ഫോമിലോ ഫിറ്റ്‌നെസിലോ കാരണം ആരോപിക്കാനാകില്ല.

വെബ് ഡെസ്ക്

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ്... പേരുപോലെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ണതീരമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ പാഡ്‌ലര്‍(ടേബിള്‍ ടെന്നീസ് താരം) മണിക ബത്രയ്ക്ക്. നാലു വര്‍ഷം മുമ്പ് അവിടെ നിന്നു കൈനിറയേ മെഡലുകളുമായാണ് മണിക എത്തിയത്. എന്നാല്‍ ബിര്‍മിങ്ഹാമില്‍ നിന്ന് ഇന്നോ നാളയോ ഇന്ത്യയില്‍ വിമാനമിറങ്ങുന്ന മണികയ്ക്ക് ഇക്കുറി ഉയര്‍ത്തിക്കാട്ടാന്‍ ബോര്‍ഡിങ് പാസ് മാത്രമാണുള്ളത്.

രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് മണിക ഓസ്‌ട്രേലിയയില്‍ വച്ചു സ്വന്തം ബാഗിലാക്കിയത്. എന്നാല്‍ നാലുവര്‍ഷത്തിനിപ്പുറം ബിര്‍മിങ്ഹാമില്‍ പോയി മടങ്ങുമ്പോള്‍ ഈ നാലും താരത്തിനു നഷ്ടമായി.

ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് വേദിയില്‍ മണികയിലൂടെ നാലു സ്വര്‍ണമാണ് ഇന്ത്യ സ്വപ്‌നം കണ്ടത്. എന്നാല്‍ മത്സരിച്ച നാലിനങ്ങളിലും ക്വാര്‍ട്ടറില്‍ തോറ്റുമടങ്ങാനായിരുന്നു താരത്തിന്റെ വിധി.

ആ മിന്നും പ്രകടനത്തിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മണിക സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇക്കുറി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു ഇന്ത്യന്‍ താരത്തിന്. മണിക പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയതോടെ ഇന്ത്യ ടീമിനത്തില്‍ റാങ്കിങ്ങില്‍ ഏറെ താഴെയുള്ള മലേഷ്യയോടു തോല്‍ക്കുകയും ചെയ്തു.

ഗോള്‍ഡ്‌കോസ്റ്റില്‍ മണികയുടെ തകര്‍പ്പന്‍ ഫോമിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ശക്തരായ സിംഗപ്പൂരിനെ തകര്‍ത്ത് ടീമിനത്തില്‍ സ്വര്‍ണം നേടിയത്. സിംഗിള്‍സില്‍ അന്നത്തെ ലോക നാലാം നമ്പര്‍ താരം ഫെങ് ടിയാന്‍വെയിയെ തോല്‍പിച്ച മണികയുടെ പ്രകടനം ടീമിന്റെ മൊത്തം ആത്മവിശ്വാസം ഉയര്‍ത്തുകയായിരുന്നു. പിന്നീട് ടീമിനത്തില്‍ മത്സരിക്കവെ സിംഗപ്പൂര്‍ സൂപ്പര്‍ താരം സോ യിഹാനെയും വീഴ്ത്തിയ മണിക ഇന്ത്യയെ 3-1 എന്ന സ്‌കോറില്‍ സ്വര്‍ണത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു.

മികസ്ഡ് ഡബിള്‍സിലും വന്‍ തിരിച്ചടിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. ലോകറാങ്കിങ്ങില്‍ ആറാമതുള്ള മണിക-ജി. സത്യന്‍ സഖ്യത്തെ റാങ്കിങ്ങില്‍ ഏറെ താഴെയുള്ള മലേഷ്യയുടെ യാവെന്‍ ചൂങ്-കാരെന്‍ ലിന്‍ സഖ്യം അട്ടിമറിക്കുകയും ചെയ്തു. വനിതാ സിംഗിള്‍സില്‍ സിംഗപ്പൂര്‍ താരം യിയാന്‍ സെങ്ങിനോട് ഒന്നു പൊരുതാന്‍ പോലുമാകാതെയായിരുന്നു മണികയുടെ തോല്‍വി.

മണികയുടെ പ്രകടനം വിലയിരുത്തി ഫോമിലോ ഫിറ്റ്‌നെസിലോ കാരണം ആരോപിക്കാനാകില്ല. മുമ്പ് പുറത്തെടുത്തിട്ടുള്ള മികച്ച ടെക്‌നിക്കുകളും സ്‌ട്രോക് പ്ലേയുമായിരുന്നു ഇന്ത്യന്‍ താരത്തിന്റേത്. ഒരു ദിനം ആറു മത്സരങ്ങള്‍ വരെ കളിച്ച മണിക ശാരീരിക ക്ഷമതയിലും ഉയര്‍ന്ന നിലവാരത്തിലായിരുന്നു. പിന്നെയും എന്തുകൊണ്ടു ദയനീയമായി പരാജയപ്പെട്ടുവെന്നതിന് താരവും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഉടന്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അല്ലാത്ത പക്ഷം ലോക ടേബിള്‍ ടെന്നീസ് സര്‍ക്യൂട്ടില്‍ താരത്തിന്റെ പ്രകടന നിലവാരത്തെയും റാങ്കിങ്ങിനെയും സാരമായി ബാധിക്കുമെന്നു തീര്‍ച്ച.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ