പാരീസ് ഒളിമ്പിക്‌സിന്റെ മിക്‌സഡ് വിഭാഗം ടേബിള്‍ ടെന്നീസ് ഡബിള്‍സില്‍ വെള്ളി മെഡല്‍ നേടി ചരിത്രം സൃഷ്ടിച്ച ഉത്തരകൊറിയന്‍ താരങ്ങളായ കിം കും യോങ്ങും റി ജോങ് സിക്കും ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ വധഭീഷണിയില്‍. വെള്ളി മെഡല്‍ നേടിയതിനല്ല ഇരുവരും നിയമനടപടികള്‍ നേരിടുന്നത്, മറിച്ച് മെഡല്‍ദാന ചടങ്ങിനിടെ ചിരവൈരികളായ ദക്ഷിണകൊറിയ, ചൈന താരങ്ങള്‍ക്കൊപ്പം പുഞ്ചിരിയോട് നിന്ന് ഒരു സെല്‍ഫിയെടുത്തതാണ് അവര്‍ ചെയ്ത കുറ്റം!
മിക്‌സഡ് വിഭാഗം ഫൈനലിനു ശേഷം നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. ചൈനീസ് ദ്വയമായ ഷുകിന്‍ വാങ്-യിങ്ഷ സണ്‍ സഖ്യത്തോട് 11-6, 7-11, 11-8, 11-5, 7-11, 11-8 എന്ന സ്‌കോറിന് തോറ്റാണ് കിമ്മും റിയും വെള്ളി മെഡലില്‍ ഒതുങ്ങിയത്. ചൈന സ്വര്‍ണം നേടിയപ്പോള്‍ വെങ്കലം നേടിയത് ദക്ഷിണകൊറിയയുടെ ജോങ് ഹൂന്‍ ലിം-യുബിന്‍ ഷിന്‍ സഖ്യമാണ്.
കലാശപ്പോരിന് ശേഷം നടന്ന മെഡല്‍ദാന ചടങ്ങിനു പിന്നാലെ പോഡിയത്തില്‍ വച്ച് ലിം ജോങ് ഉന്‍ സെല്‍ഫി എടുത്തപ്പോള്‍ മറ്റ് മെഡല്‍ ജേതാക്കളെക്കൂടി ക്ഷണിക്കുകയായിരുന്നു. ദക്ഷിണകൊറിയന്‍ താരത്തിന്റെ ക്ഷണം സ്വീകരിച്ച കിമ്മും റിയും ചൈനീസ് താരങ്ങള്‍ക്കൊപ്പം ദക്ഷിണകൊറിയന്‍ താരങ്ങളുടെ സെല്‍ഫിക്കായി പോസ് ചെയ്തു.
കടുത്ത ശത്രുക്കളായ രാജ്യത്തുനിന്നുള്ള താരങ്ങള്‍ ഒരുമിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തത് രാജ്യാന്തര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തയാക്കുകയും ചെയ്തു. ഇതാണ് കിമ്മിനും റിയ്ക്കും വിനയായത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഉത്തരകൊറിയന്‍ ഭരണകൂടം താരങ്ങള്‍ തിരിച്ചെത്തിയതിനു പിന്നാലെ നടപടി സ്വീകരിക്കുകയായിരുന്നു.
കമ്യൂണിസ്റ്റ് ഇതര രാജ്യങ്ങളില്‍ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത മടങ്ങുന്ന താരങ്ങള്‍ രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ അവരുടെ 'രാജ്യത്തോടുള്ള കൂറ്' പരിശോധിക്കുന്ന രീതി ഉത്തരകൊറിയയിലുണ്ട്. 'സ്‌ക്രബിങ്' എന്നാണ് ഇത് അറിയപ്പെടുന്നത്. ഉത്തരകൊറിയന കമ്യൂണിസ്റ്റ് പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയാണ് ഇത് നടത്തുന്നത്.
ഈ സ്‌ക്രബിങ് ചടങ്ങിനിടെയാണ് താരങ്ങള്‍ക്കെതിരേ ഗുരുതര ആരോപണം ഉയര്‍ന്നത്. ദക്ഷിണകൊറിയന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും രാജ്യദ്രോഹക്കുറ്റമാണെന്നും ഇരുവര്‍ക്കുമെതിരേ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ രാജ്യത്തിന്റെ പരമാധികാരി കിം ജോങ് ഉന്‍ ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷയടക്കമുള്ള ശിക്ഷാ നടപടികളാണ് താരങ്ങളെ കാത്തിരിക്കുന്നത്.