കോഴിക്കോടിന്റെ മണ്ണില്‍ സൂപ്പര്‍ കപ്പ് കന്നിക്കിരീടത്തില്‍ മുത്തമിട്ട് ഒഡീഷ എഫ് സി. വമ്പന്മാരായ ബംഗളുരു എഫ്‌സിയെ 2-1 ന് തകര്‍ത്താണ് ഒഡീഷയുടെ ആദ്യ കിരീടനേട്ടം. ആദ്യപകുതിയില്‍ ബ്രസീലുകാരൻ ഡിയാഗോ
മൗറീഷ്യ നേടിയ ഇരട്ട ഗോളുകളാണ് ഒഡീഷയെ ചാമ്പ്യന്മാരാക്കിയത്. 82-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ബംഗുളുരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.
ഫൈനലിന്റെ കൊടും ചൂടിന് മുൻപ് ചെറിയമഴയോടെ തുടങ്ങിയ പോരാട്ടത്തിന്റെ ആദ്യ ഇരുപത് മിനിറ്റില്‍ ഇരുടീമുകളും തണുപ്പന്‍ മട്ടിലായിരുന്നു. തുടര്‍ച്ചയായി രണ്ട് കോര്‍ണര്‍കിക്കുകള്‍ കിട്ടിയെങ്കിലും ഒഡീഷയ്ക്ക് ലക്ഷ്യം കാണാനായില്ല. എന്നാല്‍ പിന്നീട് ഇരു ടീമുകളും ആക്രമിച്ച് കളിക്കാനാരംഭിച്ചതോടെ മത്സരം ചൂടുപിടിച്ചു. 23-ാം മിനിറ്റില്‍ ഡീഗോയെ സുരേഷ് സിങ് ഫൗള്‍ ചെയ്തതിലൂടെ വീണ് കിട്ടിയ ഫ്രീകിക്കിലൂടെയാണ് ഒഡീഷയുടെ ആദ്യ ഗോള്‍ പിറന്നത്. ഡിയാഗോയുടെ കിക്ക് ബംഗുളുരു ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി ഗോള്‍ വല കുലുക്കി. 28-ാം മിനിറ്റില്‍ ഛേത്രി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 38-ാം മിനിറ്റില്‍ ഡിയാഗോയിലൂടെ രണ്ടാം ഗോളും നേടിയതോടെ രണ്ടാം പകുതിയില്‍ ഒഡീഷ 2-0 ന് ലീഡെടുത്തു.
ബംഗളുരുവിന് വേണ്ടി പെനാല്‍റ്റി കിക്കെടുത്ത സുനില്‍ ഛേത്രി പന്ത് വലയിലാക്കി മത്സരം 2-1 എന്ന നിലയിലാക്കി
ആദ്യ പകുതിയില്‍ വലിയ മുന്നേറ്റങ്ങള്‍ കാഴ്ച വയ്ക്കാന്‍ കഴിയാതിരുന്ന ബംഗുളുരു നാല് മാറ്റങ്ങളുമായാണ് രണ്ടാം പകുതിയിലിറങ്ങിയത്. ഇരുഭാഗത്തുനിന്നും ഗോള്‍ ശ്രമങ്ങള്‍ ഉണ്ടായെങ്കിലു പ്രതിരോധം ശക്തമായതോടെ ഫലം കണ്ടില്ല. കളിയുടെ 82-ാം മിനിറ്റില്‍ ബംഗുളുരുവിന്റെ ശിവ ശക്തിയെ ഒഡീഷയുടെ അനില്‍ ജാഥവ് ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. ബംഗുളുരുവിന് വേണ്ടി പെനാല്‍റ്റി കിക്കെടുത്ത സുനില്‍ ഛേത്രി പന്ത് വലയിലാക്കി മത്സരം 2-1 എന്ന നിലയിലാക്കി. അവസാന നിമിഷം സമനില ഗോളിനായി ബംഗളുരു കിണഞ്ഞ് ശ്രമിച്ചെങ്കിലും അധികസമയത്തും അതിന് സാധിച്ചില്ല. അതോടെ കിരീടം ഒഡീഷയുടെ കൈയിലെത്തി.