SPORT

തഴയപ്പെടുന്ന സഞ്ജുവും കാണാതെ പോകുന്ന സെഞ്ചുറിയും

ഹരികൃഷ്ണന്‍ എം

അവസാനം കളിച്ച ഏകദിനം നിർണായകമായ സീരീസ് ഡിസൈഡർ, ആ കളിയില്‍ സെഞ്ചുറി, കളിയിലെ താരം. അതും ഒരു വിദേശപര്യടനത്തില്‍. ഇത്രയും നേട്ടമുണ്ടായിട്ടും തഴയപ്പെടുന്ന താരമുണ്ടാകുമോ. ഇത്തരം സാഹചര്യങ്ങള്‍ക്കൊരു പര്യായമുണ്ടെങ്കില്‍, അത് സഞ്ജു സാംസണെന്നാണ്. ദ ക്യൂരിയസ് കേസ് ഓഫ് സഞ്ജു സാംസണെന്ന് പലപ്പോഴും സഞ്ജുവിന്റെ കരിയറിനെ വിശേഷിപ്പിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്.

ട്വന്റി 20യില്‍ തഴയപ്പെടുന്നതിന് നീലക്കുപ്പായത്തിലെ സഞ്ജുവിന്റെ റെക്കോഡുകള്‍വെച്ച് പ്രതിരോധിക്കാം. പക്ഷേ, ഏകദിനത്തില്‍ അത്തരം കണക്കുകളുമായി ആർക്കും വരാനാകില്ല എന്നതാണ് വസ്തുത. കളിച്ചത് കേവലം 16 ഏകദിനങ്ങള്‍, 14 ഇന്നിങ്സുകളില്‍ നിന്ന് 510 റണ്‍സ്. ശരാശരി 56.66. മൂന്ന് അർധ സെഞ്ചുറിയും ഒരു സെഞ്ചുറിയും സാംസണെന്ന പേരിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. അതായത് ലഭിച്ച അവസരങ്ങളിലെല്ലാം സഞ്ജുവിന്റെ ബാറ്റ് റണ്‍സ് കണ്ടെത്തിയിട്ടുണ്ടെന്ന് സാരം.

ഇനി സഞ്ജുവിന്റെ കരിയറിലെ ഏക സെഞ്ചുറിയിലേക്ക് വരാം. ദക്ഷിണാഫ്രിക്കൻ പര്യടനം, മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പര. രോഹിത് ശർമയും വിരാട് കോഹ്ലിയുമില്ലാത്ത ഇന്ത്യൻ സംഘം. കെ എല്‍ രാഹുല്‍ നയിച്ച ടീമില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കുറച്ചെങ്കിലും പരിചയസമ്പത്തുള്ള ഏക താരം സഞ്ജുവായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഓരോ വിജയവുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.

പരമ്പര നിർണയിക്കുന്ന മൂന്നാമത്തെ മത്സരം. മുൻനിര തകർന്ന ഇന്ത്യയെ കരകയറ്റുക എന്ന ഉത്തരവാദിത്തമായിരുന്നു അന്ന് അഞ്ചാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജുവിന്. കരുതലും ക്ഷമയും അടങ്ങിയതായിരുന്നു ഇന്നിങ്സിന്റ ആദ്യ ഘട്ടം. പിന്നീട് അസാമാന്യ സ്ട്രോക്ക്പ്ലേയും ടൈമിങ്ങുമടങ്ങിയ ബാറ്റിങ് ഡിസ്പ്ലെ. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ സഞ്ജു നേടിയ 108 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ സ്കോർബോർഡില്‍ 296 റണ്‍സ് കുറിച്ചു.

അന്നത്തെ സഞ്ജുവിന്റെ വാഗണ്‍വീല്‍ പരിശോധിച്ചാല്‍ 360 ഡിഗ്രി പ്ലെയറെന്ന വാക്ക് താരത്തിന് അനുയോജ്യമാണെന്ന് വ്യക്തമാകും. ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ഏകദിന സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റർമാരുടെ കണക്കെടുത്താല്‍ പത്തില്‍ താഴെ മാത്രമാണ്. അതിലൊരാള്‍ സഞ്ജുവും. ഇത്തരം നേട്ടങ്ങളുടെ തിളക്കത്തിലാണ് സഞ്ജുവിന് ഏകദിന ടീമിലിടം ലഭിക്കാതെ പോയതെന്നതാണ് മറ്റൊരു തമാശ.

ക്രിക്കറ്റ് പരിവർത്തനങ്ങള്‍ക്ക് വിധേയമാകുന്ന കാലത്ത് സഞ്ജുവിനെ പോലെ അനായാസം സ്കോറിങ്ങിന് വേഗം കൂട്ടാൻ കഴിയുന്ന താരം മധ്യനിരയില്‍ അനിവാര്യമാണെന്നതില്‍ തർക്കമില്ല. കാരണം, പലപ്പോഴും ഇന്ത്യയുടെ ഇന്നിങ്സുകള്‍ക്ക് തിരിച്ചടിയായിട്ടുള്ള മധ്യനിരയിലെ പോരായ്മകളാണ്. സഞ്ജു തഴയപ്പെടുമ്പോള്‍ ഏകദിനത്തില്‍ പരിചയസമ്പത്ത് കുറവുള്ള ശിവം ദുബെയും വലം കയ്യൻ ബാറ്ററായ റിയാൻ പരാഗും ടീമിലിടം പിടിച്ചിട്ടുണ്ട് എന്നതും ഇവിടെ എടുത്ത് പറയേണ്ടതുണ്ട്.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ കെ എല്‍ രാഹുലിനും ഋഷഭ് പന്തിനുമാണ് സഞ്ജു ഇത്തവണ വഴിമാറിക്കൊടുക്കേണ്ടി വന്നത്. ഏകദിനം പരിശോധിച്ചാല്‍ പന്തിനേക്കാള്‍ ശരാശരിയുള്ള താരമാണ് സഞ്ജു. ഇടം കയ്യൻ ബാറ്ററെന്ന മേല്‍ക്കൈയാണ് പന്തിനെ തുണയ്ക്കുന്നത്. ഏകദിന ലോകകപ്പില്‍ വിക്കറ്റിന് പിന്നിലും ബാറ്റുകൊണ്ടും പുറത്തെടുത്ത മികവായിരിക്കണം രാഹുലിന് വഴിതുറന്ന് കൊടുത്തിട്ടുള്ളത്.

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് ഇനി വരുന്ന നിർണായകമായ ഐസിസി ടൂർണമെന്റ് ചാമ്പ്യൻസ്‌ ട്രോഫിയാണ്. ഏകദിന ഫോർമാറ്റില്‍ നടക്കുന്ന ടൂർണമെന്റാണ് ചാമ്പ്യൻസ് ട്രോഫി. രോഹിതും കോഹ്ലിയും ടൂർണമെന്റില്‍ കളിക്കുമെന്ന് ഉറപ്പ് ബിസിസിഐ തന്നെ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള ഏകദിന പരമ്പരകളില്‍ പ്രത്യക്ഷപ്പെടുന്ന ടീം തന്നെയാകും ചാമ്പ്യൻസ് ട്രോഫിയിലേക്കും പരിഗണിക്കപ്പെടുക.

ഈ പശ്ചാത്തലത്തിലാണ് സഞ്ജുവിനെ ട്വന്റി 20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തിയതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. സഞ്ജുവിന്റെ കാര്യത്തില്‍ മാത്രമല്ല, സിംബാബ്‌വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ തിളങ്ങിയ അഭിഷേക് ശർമയെ ടീമില്‍ ഉള്‍പ്പെടുത്താത്തിലും ആരാധകരോഷമുണ്ട്. സഞ്ജു ലോക ഒന്നാം നമ്പർ ബാറ്ററാകൻ മികവുള്ള താരമാണെന്ന് ഒരിക്കല്‍ ഗൗതം ഗംഭീർ തന്നെ പറഞ്ഞതാണ്. ആ ഗംഭീർ ക്രിക്കറ്റിന്റെ തലപ്പെത്ത് എത്തിയപ്പോഴാണ് സഞ്ജു തഴയപ്പെട്ടതെന്നതും മറ്റൊരു കാര്യം.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്