അന്തരിച്ച പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ഇന്ത്യയുമായി നിരവധി ബന്ധങ്ങളുണ്ട്. യുദ്ധങ്ങള്‍, നയതന്ത്രം എന്നിവയ്ക്ക് പുറമെ ക്രിക്കറ്റായിരുന്നു മുഷറഫിനെ ഇന്ത്യയുമായി അടുപ്പിച്ച പ്രധാന വിഷയങ്ങളില്‍ ഒന്ന്. ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണി യുഗം ആരംഭിച്ച കാലത്തുണ്ടായ രസകരമായ സംഭവം മുഷറഫ് എന്ന രാഷ്ട്രീയ നേതാവിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നതായിരുന്നു. പാകിസ്താനിലേയും ഇന്ത്യയിലേയും ക്രിക്കറ്റ് ആരാധകര്‍ ഓര്‍മിക്കുന്ന ഈ സംഭവം നടന്നത് 2005 ലാണ്.
ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറിയ കാലം. ഇന്ത്യന്‍ ടീമിന്റെ പാകിസ്താന്‍ പര്യടനം. നീണ്ട തലമുടികളുള്ള ചുറുചുറുക്കുള്ള ചെറുപ്പക്കാരന്റെ കളികളത്തിലെ ആവേശം ഏതൊരു ക്രിക്കറ്റ് ആരാധകനേയും അത്ഭുതപ്പെടുത്തിയ സമയം. ഇക്കാലത്തായിരുന്നു ധോണിയുടെ സ്വര്‍ണ തലമുടികളെ സ്നേഹിക്കുന്നവരില്‍ ഒരാളാണ് താനെന്ന വെളിപ്പെടുത്തലുമായി മുഷ്‌റഫ് രംഗത്തെത്തിയത്.
ധോണിയോട് മുടി വെട്ടാന്‍ പലരും ആവശ്യപ്പെടുന്നു എന്നെനിക്കറിയാം.. പക്ഷേ നിങ്ങളെന്റെ വാക്ക് കേള്‍ക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നു നിങ്ങളെ ഈ രൂപത്തില്‍ കാണാനാണ് ഭംഗി. ധോണിയുടെ മുടികളോടുള്ള തന്റെ സ്‌നേഹം മുഷറഫ് തുറന്നു പറഞ്ഞത്. സുശാന്ത് സിങ് രജ്പുത് നായകനായി ധോണിയുടെ ജീവിതം സിനിമയായെത്തിയപ്പോഴും പാക് പ്രസിഡന്റിന്റെ പരാമര്‍ശം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു .
അമിലോയിഡോസിസ് എന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു പര്‍വേസ് മുഷറഫ് മരിക്കുന്നത്. പാകിസ്താന്റെ പത്താമത് പ്രസിഡന്റായിരുന്നു മുഷറഫ്. 1998 മുതല്‍ 2001 വരെ പാകിസ്താന്‍ പട്ടാള മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവിലായിരുന്നു ഇന്ത്യയുമായുള്ള കാര്‍ഗില്‍ യുദ്ധം. രണ്ട് പതിറ്റാണ്ടു മുന്‍പ് പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ അധികാരം പിടിച്ചെടുത്ത നേതാവാണ് പര്‍വേസ് മുഷറഫ്. 2001 നവാസ് ഷെരീഫ് സര്‍ക്കാറിനെ അട്ടിമറിച്ചായിരുന്നു മുഷറഫ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. എട്ട് വര്‍ഷത്തിന് ശേഷം 2008ല്‍ ഇംപീച്‌മെന്റ് നടപടികള്‍ ഒഴിവാക്കാനായി സ്ഥാനമൊഴിയുകയും ചെയ്തു.