പാരീസ് പാരാലിമ്പിക്‌സില്‍ മെഡല്‍വേട്ട ചരിത്രനേട്ടവുമായി ഇന്ത്യ. മൂന്ന് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവുമായി ആകെ മെഡലുകളുടെ എണ്ണം 20 ആയി. ഗെയിംസിന്റെ ചരിത്രത്തില്‍ ഇത്രയും മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കുന്നത് ആദ്യമായാണ്. ടോക്യോയില്‍ കഴിഞ്ഞ തവണ നേടിയ 19 മെഡലുകളായിരുന്നു (അഞ്ച് സ്വർണം, എട്ട് വെള്ളി, ഏഴ് വെങ്കലം) ഏറ്റവും മികച്ച പ്രകടനം.
ഇത്തവണ അത്‌ലറ്റിക്ക്‌സിലാണ് ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടിയത്. ഒരു സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 10 മെഡലുകള്‍ ട്രാക്കില്‍ നിന്ന് ലഭിച്ചു. ബാഡ്മിന്റണില്‍ നിന്ന് അഞ്ചും ഷൂട്ടിങ്ങില്‍ നാലും മെഡലുകളാണുള്ളത്. അമ്പെയ്ത്തില്‍ ഒരു മെഡലും ഇന്ത്യയ്‌ക്ക് നേടാനായി.
അവനി ലെഖ്രയായിരുന്നു പാരീസില്‍ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ വിഭാഗത്തില്‍ 249.7 പോയിന്റോടെയായിരുന്നു നേട്ടം. പ്രസ്തുത വിഭാഗത്തിലെ അവനിയുടെ ഏറ്റവും മികച്ച പ്രകടനത്തിനും പാരീസ് സാക്ഷ്യം വഹിച്ചു. ഇതേ ഇവന്റില്‍ മോന അഗർവാള്‍ വെങ്കലവും നേടി.
പുരുഷവിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍3 വിഭാഗത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം സ്വർണം. ഇംഗ്ലണ്ടിന്റെ ഡാനിയല്‍ ബെതലിനെ കീഴടക്കിയായിരുന്നു നിതീഷ് സുവർണനേട്ടത്തിലേക്ക് എത്തിയത്.
ജാവലിൻ ത്രോയില്‍ സുമിത് ആന്റിലിലൂടെ മൂന്നാം സ്വർണവും ഇന്ത്യൻ ക്യാമ്പിലെത്തി. 70.59 മീറ്റർ എറിഞ്ഞ് പാരാലിമ്പിക്‌സ് റെക്കോഡോടെയായിരുന്നു സുമിത് പാരീസിലെ ചാമ്പ്യൻപട്ടം നിലവിർത്തിയത്.
അത്ലറ്റിക്ക്‌സിലും ഷൂട്ടിങ്ങിലും ബാഡ്മിന്റണിലുമായാണ് ഇന്ത്യയുടെ ഏഴ് വെള്ളി മെഡലുകള്‍. മനീഷ് നർവാള്‍ (10 മീറ്റർ എയർ പിസ്റ്റള്‍ എസ്‌എച്ച്1), നിഷാദ് കുമാർ (ഹൈജമ്പ് ടി47), യോഗേഷ് കത്തുനിയ (ഡിസ്കസ് ത്രൊ എഫ് 56), തുളസിമതി മുരുഗേശൻ (ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് എസ്‌യു5), സുഹാസ് യതിരാജ് (ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്‌യു4), അജിത് സിങ് യാദവ് (ജാവലിൻ ത്രൊ എഫ്46), ശരത് കുമാർ (ഹൈ ജമ്പ് ടി63) എന്നിവരാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയവർ.
മോന അഗർവാള്‍ (വനിതകളുടെ 10 മീറ്റർ എയർ റൈഫിള്‍ സ്റ്റാൻഡിങ് എസ്എച്ച്1), പ്രീതി പാല്‍ (വനിതകളുടെ 100,200 മീറ്റർ ടി35), റുബുനി ഫ്രാൻസിസ് (വനിതകളുടെ പി2 10 മീറ്റർ എയർ പിസ്റ്റള്‍ എസ്എച്ച്1), മനീഷ രാംദാസ് (ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് എസ്‌യു5), ശീതള്‍ ദേവി, രാകേഷ് കുമാർ (അമ്പെയ്‌ത്ത് മിക്‌സെഡ് ടീം), നിത്യ ശിവൻ (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എച്ച്6), ദീപ്തി ജീവാഞ്ജി (400 മീറ്റർ ടി20), മാരിയപ്പൻ തങ്കവേലും (ഹൈജമ്പ് ടി64), സുന്ദർസിങ് ഗുർജാർ (ജാവലിൻ ത്രൊ എഫ്46) എന്നിവരാണ് വെങ്കലമെഡല്‍ ജേതാക്കള്‍.