SPORT

Paralympics 2024| മുൻകാമുകന്റെ പക, ആക്രമണം; പാതി തളർന്ന ശരീരവുമായി തൊടുത്ത അമ്പില്‍ പാരീസിലേക്ക്, ട്രേസി ഓട്ടോയുടെ ജീവിതം

വെബ് ഡെസ്ക്

2024 പാരീസ് പാരാലിമ്പിക്‌സിന് യോഗ്യത നേടിയെന്ന വാർത്തയുമായി പങ്കാളി റിക്കി അടുത്തെത്തിയ നിമിഷം ട്രേസി ഓട്ടോയുടെ കണ്ണുകള്‍ നിറഞ്ഞു. മാധ്യമപ്രവർത്തകരുടെ ക്യാമറ ഫ്ലാഷുകള്‍ ആ നിമിഷം തന്നെ ട്രേസിയെ തേടിയെത്തിയിരുന്നു. ട്രേസി ഇനി പാരീസിലെ അമ്പയ്ത്ത് വേദിയില്‍ അമേരിക്കയെ പ്രതിനിധീകരിക്കും. പ്രതിസന്ധികളുടെ നിലയില്ലാക്കയത്തിലകപ്പെട്ട നാളുകളുടെ ഓർമകളെല്ലാം മിന്നിമറഞ്ഞ നിമിഷം. മുൻ പങ്കാളിയുടെ പകയിലും ക്രൂരതയിലും തളർന്ന ആ ശരീരത്തിലേക്ക് നോക്കിയാല്‍ ആത്മവിശ്വാസവും പോരാട്ടവീര്യവുമല്ലാതെ മറ്റൊന്നും കാണാനാകില്ല ഇന്ന്.

അപ്രതീക്ഷിതം, മരണമുനമ്പും

2019 സെപ്റ്റംബറിലായിരുന്നു മുൻ പങ്കാളിയുമായി ട്രേസി വേർപിരിഞ്ഞത്. ഈ തീരുമാനത്തിലെത്താൻ കാരണമായതും ഒരു മാസം മുൻപ് ഇതേ വ്യക്തിയില്‍നിന്ന് നേരിട്ട മറ്റൊരു ആക്രമണമായിരുന്നു. വേർപിരിയലിനുശേഷം മുന്നോട്ടുപോകവെയാണ് റിക്കിയുമായി ട്രേസി സൗഹൃദത്തിലാകുന്നത്. ഇനിയും ആക്രമണം സംഭവിക്കാനുള്ള സാധ്യത മുൻനിർത്തി സ്വന്തം വീടിന്റെ ലോക്കുകള്‍പോലും ട്രേസി മാറ്റിയിരുന്നു.

ഒക്ടോർ 24ന് റിക്കിയുമായി വീട്ടില്‍ കഴിയവെയായിരുന്നു അപ്രതീക്ഷിതമായി മുൻ കാമുകൻ എത്തിയത്. തോക്കുമായി എത്തിയ മുൻകാമുകള്‍ ട്രേസിക്കും റിക്കിക്കും നേർക്ക് പാഞ്ഞടുക്കുകയായിരുന്നു. തോക്ക് മാത്രമായിരുന്നില്ല കത്തിയും കൈവിലങ്ങുമെല്ലാം കൈവശമുണ്ടായിരുന്നു.

മുൻ കാമുകൻ ട്രേസിയെ പലതവണ മർദിച്ച ശേഷം റിക്കിയ്ക്കുനേർക്ക് വെടിയുതിർക്കുകയായിരുന്നു. ശേഷം ട്രേസിയുടെ ഇടതുകണ്ണിനു നേർക്കും വെടിവെച്ചു, ശരീരത്തിന് പിന്നിലായി കത്തികൊണ്ടും ആക്രമിച്ചു. ശരീരം തളർന്ന ട്രേസിയെ മുൻകാമുകൻ ലൈംഗീകമായും പീഡിപ്പിച്ചു. ക്രൂരതയ്ക്കുശേഷം സ്വയം പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു മുൻകാമുകൻ. 2023 ജനുവരിയിലായിരുന്നു മുൻകാമുകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 40 വർഷത്തെ തടവാണ് ശിക്ഷയായി ലഭിച്ചത്.

ഇന്നും പിടിതരാത്ത ശരീരം

ആക്രമണം നേരിട്ടിട്ട് അഞ്ച് വർഷം പിന്നിടുമ്പോഴും ഇന്നും തന്റെ ശരീരത്തിന്റെ പ്രവർത്തനങ്ങള്‍ പൂർണമായും മനസിലാക്കാൻ ട്രേസിക്കായിട്ടില്ല. ഡയഫ്രം തളർന്നിരിക്കുകയാണ്, ശരീരത്തിന്റെ ഊഷ്മാവ് സ്വയം നിയന്ത്രിക്കാനുള്ള കെല്‍പ്പ് ശരീരത്തിന് നഷ്ടമായിരിക്കുന്നു. വെയിലുള്ള സാഹചര്യത്തില്‍ പരിശീലനം നടത്തുമ്പോഴോ മറ്റു കാര്യങ്ങള്‍ ചെയ്യുമ്പോഴോ ശരീരം അമിതമായി ചൂടാകുന്നത് തടയാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കേണ്ടതുണ്ട് ട്രേസിക്ക്. അല്ലാത്തപക്ഷം, പക്ഷാഘാതം വരെ സംഭവിക്കാനുള്ള സാധ്യതകളാണുള്ളത്.

കുടലിന്റെയും മൂത്രാശയത്തിന്റെയും പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. തലച്ചോറിനു ശരീരവുമായി ആശയവിനിമയം നടത്താനുള്ള ശേഷി നഷ്ടപ്പെട്ടതാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. തളർച്ച ബാധിച്ച ശരീരഭാഗങ്ങളില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ രക്തസമ്മർദം ഉയരും. ഇങ്ങനെയാണ് ട്രേസി ശരീരത്തിലെ അസ്വാഭാവികത മനസിലാക്കുന്നത്.

'വില്ലെ'ടുത്ത നാളുകള്‍

2021 മാർച്ചിലാണ് അമ്പെയ്ത്തിലേക്കുള്ള ചുവടുവെപ്പുണ്ടായത്. റിക്കിക്കൊപ്പം കാറില്‍ യാത്ര ചെയ്യവേയായിരുന്നു ഈ ചിന്ത ട്രേസിയുടെ മനസിലേക്ക് എത്തിയതും. അത്യാവശ്യം ഗവേഷണങ്ങളൊക്കെ നടത്തിയശേഷം പരിശീലനവും ആരംഭിച്ചു. ആദ്യ ശ്രമത്തിന് ട്രേസിക്ക് ഒരാഴ്ച മാത്രമായിരുന്നു ആവശ്യമായി വന്നത്. അതും ലക്ഷ്യസ്ഥാനത്തുതന്നെ തറയ്ക്കുകയും ചെയ്തു. ശാരീരികമായ വെല്ലുവിളികള്‍‌ നേരിടുന്നതിനാല്‍ പ്രത്യേകം തയാറാക്കിയ ഉപകരണങ്ങളായിരുന്നു ട്രേസി തിരഞ്ഞെടുത്തത്.

രണ്ടാഴ്ചത്തെ പരിശീലനത്തിനുശേഷം തന്നെ പാരാലിമ്പിക്സില്‍ എങ്ങനെ പങ്കെടുക്കാമെന്നതായിരുന്നു ട്രേസിയുടെ ചിന്ത. യോഗ്യത റൗണ്ടുകളില്‍ നിരന്തരമായി പങ്കെടുത്തു. ട്രേസിയുടെ വിഭാഗത്തില്‍ മത്സരിക്കാൻ മറ്റ് വനിതാതാരങ്ങള്‍ അമേരിക്കയില്‍നിന്ന് ഇല്ലാത്തതിനാല്‍ മിനിമം സ്കോർ നേടേണ്ടിയിരുന്നു. 72 ശ്രമങ്ങളില്‍ 520 മുതല്‍ 720 പോയിന്റ് വരെയായിരുന്നു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. അത് കഴിഞ്ഞ സമ്മറില്‍ ട്രേസി സാധ്യമാക്കുകയും ചെയ്തു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും